India - 2024

സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികർ: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 05-12-2024 - Thursday

കാക്കനാട്: സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികരെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിൽ ഈ വർഷം പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സീറോമലബാർസഭയിലെ എല്ലാ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നുമായി 289 വൈദിക വിദ്യാർത്ഥികളാണ് പരിശീലനം പൂർത്തിയാക്കി ഈ വർഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതിൽ 221 ഡീക്കന്മാർ സംഗമത്തിൽ പങ്കെടുത്തു. രാവിലെ പത്തുമണി മുതൽ വൈകിട്ട് നാലുമണി വരെ വിവിധ പരിപാടികളോടെയാണ് സംഗമം സംഘടിപ്പിക്കപ്പെട്ടത്. മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.

സീറോമലബാർ കമ്മീഷൻ ഫോർ ക്ലെർജിയുടെ ചെയർമാൻ മാർ ടോണി നീലങ്കാവിലും, കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും സത്യാനന്തര കാലഘട്ടത്തിലെ പൗരോഹിത്യ ശുശ്രൂഷയിലെ വെല്ലുവിളികളുടെ വിവിധ തലങ്ങളെക്കുറിച്ച് ഡീക്കന്മാരുമായി സംവദിച്ചു. ക്ലെർജി കമ്മീഷൻ സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ, ഓഫീസ് ഇൻ ചാർജ് സി. ലിൻസി അഗസ്റ്റിൻ എം എസ് എം ഐ എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.


Related Articles »