News

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തെ സാക്ഷിയാക്കി 18 വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

പ്രവാചകശബ്ദം 01-10-2023 - Sunday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്റെ കബറിടത്തിന് സമീപം അമേരിക്കയിലെ വിവിധ മേഖലകളില്‍ നിന്നുള്ള 18 സെമിനാരി വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍പട്ടം സ്വീകരിച്ചു. സെപ്റ്റംബര്‍ 28-ന് നടന്ന ചടങ്ങില്‍ ഒക്ലഹോമ സിറ്റി മെത്രാപ്പോലീത്ത പോള്‍ എസ്. കോക്ലി മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയില്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ മുന്‍രക്ഷാധികാരി കര്‍ദ്ദിനാള്‍ റെയ്മണ്ട് എല്‍. ബുര്‍ക്കെ, സെന്റ്‌ പോള്‍ ഔട്ട്‌സൈഡ് ദി വാള്‍സ് ബസിലിക്കയിലെ ഫാ. ജെയിംസ് ഹാര്‍വി, റോമിലെ യു.എസ് സെമിനാരിയുടെ മുന്‍ റെക്ടര്‍ ഫാ. എഡ്വിന്‍ എഫ്. ഒ’ബ്രിയന്‍ എന്നിവരും സഹകാര്‍മ്മികരായിരുന്നു. കര്‍ദ്ദിനാളുമാര്‍ക്ക് പുറമേ 4 മെത്രാന്‍മാരും നിരവധി പുരോഹിതരും ചടങ്ങില്‍ സംബന്ധിച്ചു.

സമൂഹത്തില്‍, ക്രൈസ്തവരും അവരുടെ നേതാക്കളും എന്തെങ്കിലും പ്രത്യേക അവകാശങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് പാര്‍ശ്വവല്‍ക്കരണവും, പീഡനവും നേരിടാന്‍ വേണ്ടിയാണ് തയ്യാറെടുക്കേണ്ടതെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. “നിങ്ങളല്ല എന്നെ തിരഞ്ഞെടുത്തത്, മറിച്ച് ഞാനാണ് നിങ്ങളെ തിരഞ്ഞെടുത്തത്” എന്ന ക്രിസ്തുവചനവും അദ്ദേഹം പരാമര്‍ശിച്ചു. ''ഡീക്കനെന്ന ഉത്തരവാദിത്തം വിനീതമായും കരുണയോടും നിര്‍വഹിക്കുമെന്നും, വിശ്വാസ രഹസ്യം മുറുകെപിടിക്കുമെന്നും, മെത്രാനോട് അനുസരണയുള്ളവനായിരിക്കുമെന്നും'' പുതിയ ഡീക്കന്‍മാര്‍ വാഗ്ദാനം ചെയ്തു. മുട്ടുകുത്തി നിന്ന ഓരോ സെമിനാരി വിദ്യാര്‍ത്ഥിയുടേയും തലയില്‍ കൈവെച്ച് മെത്രാപ്പോലീത്ത പരിശുദ്ധാത്മാ അഭിഷേകത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.

ബസിലിക്കയിലെ 20 അടി ഉയരമുള്ള വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന് മുന്നില്‍ 18 പേരും സാഷ്ടാംഗപ്രണാമം നടത്തിയാണ് അഭിഷേക പ്രാര്‍ത്ഥന സ്വീകരിച്ചത്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍വെച്ച് ഡീക്കന്‍പട്ടം സ്വീകരിക്കുവാന്‍ കഴിഞ്ഞത് മനോഹരമായ അനുഭവമാണെന്നും നാമെല്ലാവരും ഒരേ ആത്മാവില്‍ ഐക്യപ്പെടുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും പുതുതായി ഡീക്കന്‍പട്ടം സ്വീകരിച്ച റോഡ്സ് ഐലന്‍ഡിലെ പ്രോവിഡന്‍സ് രൂപതാംഗമായ ജോ ബ്രോഡിയൂര്‍ പറഞ്ഞു. അമേരിക്കയിലെ 16 ഇടവകകളില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളും, പേഴ്സണല്‍ ഓര്‍ഡിനേറ്റ് ഓഫ് ദി ചെയര്‍ ഓഫ് സെന്റ്‌ പീറ്ററില്‍പ്പെട്ട ഒരാളുമാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്.


Related Articles »