Social Media - 2024

ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?

ഫാ ജയ്‌സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 04-10-2023 - Wednesday

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം?

ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കനായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ എഴുതിയ ഫ്രാൻസീസിന്റെ ജീവചരിത്രത്തിൽ ഫ്രാൻസിസ് പുരോഹിതന്മാരെ കാണുമ്പോൾ 'വലിയ വിശ്വാസത്തോടെ' അവരുടെ കൈകൾ ചുംബിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനു കാരണം തിരുപ്പട്ട സ്വീകരണ ദിവസം അവരുടെ കരങ്ങളിൽ സ്വീകരിച്ചിരുന്ന പ്രത്യേക അഭിഷേകം മൂലമാണ്. വിശുദ്ധ കുർബാനയോടു പ്രത്യേക ഭക്തി ഉണ്ടായിരുന്ന ഫ്രാൻസീസ് തിരുവോസ്തി അനുദിനം കൈകളിൽ എടുക്കുന്നവരുടെ കരങ്ങൾ എന്നും പവിത്രമായി കരുതി ആദരം നൽകിയിരുന്നു.

ഫ്രാൻസിസ് അസീസ്സി പലപ്പോഴും ഇപ്രകാരം പറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു, “ഞാൻ ഒരു പുരോഹിതനെയും മാലാഖയും കാണുകയാണങ്കിൽ ഞാൻ ആദ്യം പുരോഹിതന്റെ മുമ്പിൽ മുട്ടുകുത്തു പിന്നീടു മാലാഖയുടെ മുമ്പിലും.കാരണം പുരോഹിതർ എന്നും ലോകത്തിനു യേശുവിനെ നൽകുന്നവരാണ്." പുരോഹിതരുടെ ധാർമ്മികത നോക്കാതെ തന്നെ ദൈവം ഒരു പ്രത്യേക ദൗത്യത്തിനായി വേർതിരിക്കപ്പെട്ടവരാണ് അവർ എന്ന ബോധ്യത്തോടെ അവരെ അങ്ങയെറ്റം ഫ്രാൻസീസ് ബഹുമാനിച്ചിരുന്നു.

പൗരോഹിത്യത്തോടുള്ള ബഹുമാനവും പരിശുദ്ധ കുർബാനയോടുള്ള അകമഴിഞ്ഞ ഭക്തിയുമാണ് പുരോഹിതനാകുന്നതിൽ നിന്നും ഫ്രാൻസീസിനെ പിൻതിരിപ്പിച്ചത്.

കത്തോലിക് എൻസൈക്ലോപീഡിയ അതിനെപ്പറ്റി പറയുന്നതു ഇപ്രകാരമാണ്: "വിശുദ്ധ കുർബാന യേശുവിന്റെ പീഡാസഹനത്തിന്റെ ഒരു തുടർച്ചയായതിനാൽ ഫ്രാൻസീസ് അസീസ്സിയുടെ ജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കു അതീവപ്രാധാന്യം ഉണ്ടായിരുന്നു. ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട എല്ലാ ഭക്തകൃത്യങ്ങൾക്കും ഫ്രാൻസിസിന്റെ ഹൃദയത്തിൽ ഒന്നാം സ്ഥാനം ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും ബഹുമാനം കാണിക്കാൻ വൈദീകരോടു പറയുക മാത്രമല്ല, ദൈവാലയങ്ങൾ അടിച്ചുവാരാനും, കൂദാശക്കുള്ള വിശുദ്ധ പാത്രങ്ങൾ കഴുകി വൃത്തിയാക്കാനും ആവശ്യമെങ്കിൽ വിശുദ്ധ കുർബാനയ്ക്കുള്ള ഓസ്തി തനിയെ നിർമ്മിക്കുന്നതിലും ഫ്രാൻസിസ് സന്നദ്ധനായിരുന്നു. വിശുദ്ധ കുർബാനയോടുള്ള അകമഴിഞ്ഞ ഭക്തി ബഹുമാനവും, പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത എത്രത്തോളം മഹത്തരമാണന്നു തിരിച്ചറിയുകയും ചെയ്തതിനാലാണ് എളിമയോടെ ആ വിശിഷ്ട പദവി സ്വീകരിക്കാതെ ഫ്രാൻസീസ് പിൻമാറിയത്".

അൾത്താരയുടെ പടവുകൾ ചവിട്ടിക്കയറി ദൈവീക ശക്തിയാൽ ദിവ്യകാരുണ്യ അത്ഭുഭുതങ്ങൾ പ്രവർത്തിക്കാൻ അഭിഷിക്തരായ മറ്റു പുരോഹിതരെപ്പോലെ ഫ്രാൻസീസിനും യോഗ്യത ഉണ്ടായിരുന്നെങ്കിലും, ദൈവതിരുമുമ്പിൽ അയോഗ്യനായിരിക്കാൻ അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു.

പൗരോഹിത്യത്തിന്റെ വിശിഷ്ട പദവി മനസ്സിലാക്കി സ്വയം പിന്മാറിയ തുണ സഹോദരാ നീയാണു പൗരോഹിത്യ വിശുദ്ധിയുടെ നിത്യം നിലനിൽക്കുന്ന പുണ്യഗീതം.


Related Articles »