News
ജാര്‍ഖണ്ഡിലെ ബൈബിള്‍ പ്രദിക്ഷണത്തില്‍ അണിനിരന്നത് ഹൈന്ദവര്‍ അടക്കം കാല്‍ ലക്ഷത്തോളം വിശ്വാസികള്‍
പ്രവാചകശബ്ദം 19-10-2023 - Thursday
ഡുംകാ: ജാര്‍ഖണ്ഡിന്റെ രണ്ടാം തലസ്ഥാനം എന്നറിയപ്പെടുന്ന ഡുംകായില്‍ നാലു ദിവസങ്ങളായി നടന്നുകൊണ്ടിരുന്ന ബേസിക് എക്ലേസ്യല്‍ കമ്മ്യൂണിറ്റീസ് (ബി.ഇ.സി) സിനഡ് കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നടന്ന ബൈബിള്‍ പ്രദിക്ഷണം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒക്ടോബര്‍ 15ന് നടന്ന പ്രദിക്ഷണത്തില്‍ ഹൈന്ദവര്‍ അടക്കം ഇരുപത്തിഅയ്യായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു.
പരമ്പരാഗത സാന്താളി വേഷം ധരിച്ച വിശ്വാസികള്‍ നൃത്തവും, പാട്ടുമായിട്ടാണ് പ്രദിക്ഷിണത്തില്‍ പങ്കെടുത്തത്. മനോഹരമായി അലങ്കരിച്ച വാഹനത്തില്‍ ബൈബിളും പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദിക്ഷണത്തിനൊടുവില്‍ സെന്റ് പോള്‍ കത്തീഡ്രലില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ഡുംകാ രൂപത മെത്രാനായ ജൂലിയസ് മറാണ്ടി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കല്‍ക്കട്ട മെത്രാപ്പോലീത്ത തോമസ് ഡി’സൂസ, ബറൂയിപൂര്‍ മുന്‍ മെത്രാന്‍ സാല്‍വദോര്‍ ലോബോ എന്നിവര്‍ക്ക് പുറമേ ഏതാണ്ട് നൂറോളം വൈദികരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. ദൈവവചനം എല്ലാവരേയും ശക്തിപ്പെടുത്തുന്നു. നമ്മള്‍ ബഹുമാനിക്കുക മാത്രം ചെയ്താല്‍ പോര, അത് വായിക്കുകയും, വിചിന്തനം ചെയ്യുകയും, പങ്കുവെക്കുകയും വേണമെന്നു ബിഷപ്പ് മാറാണ്ടി വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
ചില കൂട്ടുകാരില്‍ നിന്നുമാണ് പ്രദിക്ഷണത്തെ കുറിച്ച് അറിഞ്ഞതെന്നും അത് പ്രാര്‍ത്ഥനാഭരിതമായിരുന്നുവെന്നും പ്രദിക്ഷണത്തില്‍ പങ്കെടുത്ത ഹിന്ദുമത വിശ്വാസിയും അഭിഭാഷകനുമായ നീരജ് കുമാര്‍ ദീക്ഷിത് പറഞ്ഞു. ചൂടുള്ള ദിവസമായിരുന്നിട്ട് കൂടി വിശ്വാസികള്‍ വളരെ തീക്ഷ്ണതയോടെയാണ് പ്രദിക്ഷണത്തില്‍ പങ്കെടുത്തതെന്ന് സിസ്റ്റേഴ്സ് ഓഫ് മേരി ഓഫ് ഇമ്മാക്കുലേറ്റ് ഓഫ് കൃഷ്ണനഗര്‍ സമൂഹാംഗമായ സിസ്റ്റര്‍ ഡോരോത്തി സര്‍ക്കാര്‍ പറഞ്ഞു. ഇതാദ്യമായാണ് ഒരു ബൈബിള്‍ പ്രദിക്ഷിണത്തില്‍ ഇത്രയധികം വിശ്വാസികള്‍ പങ്കെടുത്തതെന്നു ഡാര്‍ജിലിംഗ് രൂപതയുടെ ബി.ഇ.സി കോഓര്‍ഡിനേറ്ററായ ഫാ. ലാബാന്‍ ലെപ്ച്ച വെളിപ്പെടുത്തി. രണ്ടുമണിക്കൂര്‍ നീളുന്നതായിരിന്നു പ്രദിക്ഷണം.