News - 2024
ജെറുസലേമില്‍ ക്രൈസ്തവരുടെ നേരെ തുപ്പിയ 5 യഹൂദ വര്‍ഗ്ഗീയവാദികളെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു
പ്രവാചകശബ്ദം 05-10-2023 - Thursday
ജെറുസലേം: ജെറുസലേമിലെ പുരാതനനഗരത്തില്‍ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ യഹൂദ വര്‍ഗ്ഗീയവാദികള്‍ തുപ്പിയ സംഭവം വിവാദമായതോടെ സംശയിക്കപ്പെടുന്ന അഞ്ചു പേരെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ പേരില്‍ നാലുപേരേയും, ഈ ആഴ്ച ആദ്യം നടന്ന സംഭവത്തിന്റെ പേരില്‍ ഒരാളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയായവരും ഒരാള്‍ മൈനറുമാണ്. ഒരാളെ ആക്രമണത്തിന്റെ പേരിലും, നാലുപേരെ നിയമവിരുദ്ധമായ പെരുമാറ്റത്തിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന്‍ ഇസ്രായേലി പോലീസ് അറിയിച്ചു.
പുരാതന ജെറുസലേം നഗരത്തിലെ ഫ്ലാജെല്ലേഷന്‍ ദേവാലയത്തിന് പുറത്ത് കുരിശുമായി നിന്നിരുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ തീവ്ര യഹൂദ ദേശീയവാദി തുപ്പുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിന്നു. കുരിശിന്റെ വഴിയുടെ പാത എന്ന് വിശ്വസിക്കപ്പെടുന്ന വിയാ ഡോളോറോസക്ക് സമീപമുള്ള സെമിനാരിക്ക് അടുത്ത് ഒരു ദിവസം തന്നെ ഇത്തരത്തില്‍ പത്തോളം സംഭവങ്ങള്‍ നടന്നുവെന്ന് പുരാതന നഗരത്തിലെ ഒരു കത്തോലിക്ക വൈദികനായ ഫാ. മാറ്റിയോ പറഞ്ഞു. സംഭവത്തെ ഇസ്രായേലി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.
എല്ലാ പുണ്യസ്ഥലങ്ങളിലേക്കും, ആരാധനാകേന്ദ്രങ്ങളിലേക്കുമുള്ള വിശുദ്ധമായ ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്നു നെതന്യാഹു പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ പിഴശിക്ഷ ചുമത്തുവാനും ആലോചനയുണ്ട്. ശാരീരിക അക്രമത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രശ്നത്തിന്റെ ഭാഗമാണ് തുപ്പിയ പ്രവര്‍ത്തിയെന്നും, യഹൂദരല്ലാത്തവരുടെ മുഖത്ത് തുപ്പുന്നത് തീവ്രവാദം വ്യാപിക്കുന്നതിന്റെ പ്രതിഫലനമാണെന്നും പലസ്തീനിയന്‍ അതോറിറ്റി മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സ് ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേല്‍ അഷ്കെനാസി മുഖ്യ റബ്ബി ഡേവിഡ് ലാവുവും സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.