India - 2024

കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയുടെ മൃതസംസ്കാരം അടുത്ത ബുധനാഴ്ച

പ്രവാചകശബ്ദം 05-10-2023 - Thursday

കാക്കനാട്: ഇന്നലെ അന്തരിച്ച റാഞ്ചി അതിരൂപതയുടെ മുൻ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ മുൻ പ്രസിഡന്‍റുമായിരുന്ന കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയുടെ മൃതസംസ്കാരം അടുത്ത ബുധനാഴ്ച നടക്കും. മൃതദേഹം കോൺസ്റ്റന്റ് ലിവൻസ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒക്‌ടോബർ 10-ന് മൃതദേഹം റാഞ്ചി കത്തീഡ്രലിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 8:00 വരെയും ഒക്‌ടോബർ 11-ന് രാവിലെ 6:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയും അന്തിമ ഉപചാരം അർപ്പിക്കാൻ വിശ്വാസികള്‍ക്ക് അവസരമുണ്ടായിരിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 01 മണിക്ക് റാഞ്ചി സെന്റ് മേരീസ് കത്തീഡ്രലിൽ മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കും.

കർദിനാൾ ടെലസ്‌ഫോർ ടോപ്പോയുടെ നിര്യാണത്തിൽ സീറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അനുശോചനം അറിയിച്ചു തനിക്കു ഭരമേല്പിക്കപ്പെട്ട ജനതയുടെ സമഗ്രമായ വികസനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഈ വൈദിക മേലധ്യക്ഷൻ സമർപ്പണത്തിന്റെ ഉദാത്ത മാതൃകയാണെന്ന് കർദ്ദിനാൾ തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

എളിമയും ലാളിത്യവും സാമൂഹ്യപ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾക്ക് സ്വീകാര്യത നേടിക്കൊടുത്തു. റാഞ്ചി ജില്ലയിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിക്കാൻ നേതൃത്വമെടുത്തത് കർദ്ദിനാൾ ടോപ്പോ ആയിരുന്നുവെന്ന് മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

ആഴമായ വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും മാതൃകയായിരുന്ന കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോ. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചു. സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി അത്യദ്ധ്വാനം ചെയ്ത കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോയുടെ ജീവിതം എല്ലാവർക്കും അനുകരണീയമായ മാതൃകയാണെന്ന് കർദ്ദിനാൾ ആലഞ്ചേരി തന്റെ സന്ദേശത്തിൽ പറഞ്ഞു. റോമിൽ നടക്കുന്ന മെത്രാൻ സിനഡിൽ പങ്കെടുക്കുന്നതിനിടയിലാണ് കർദ്ദിനാൾ ടോപ്പോയുടെ വേർപാടിൽ കർദ്ദിനാൾ ആലഞ്ചേരി തന്റെ അനുശോചനമറിയിച്ചത്.

More Archives >>

Page 1 of 551