Editor's Pick

ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05

ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ 07-10-2023 - Saturday

ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഗലീലിയിലെ നസ്രത്തിൽ ജീവിച്ചവനും ആ നൂറ്റാണ്ടിന്റെതന്നെ രണ്ടാം പകുതിയിൽ എഴുതപ്പെട്ട സുവിശേഷങ്ങളിൽ വിവരിക്കപ്പെടുന്നവനുമായ ഈശോയും ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഖുർആനിൽ പരാമർശിക്കപ്പെടുന്ന ഈസാ നബിയും ഒരാൾതന്നെയാണ് എന്ന തെറ്റ് പ്രചരിപ്പിക്കുന്നവർ ധാരാളമുണ്ട്. ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണമാണ് തുടർന്നുവരുന്നത്.

ആരാണ് സുവിശേഷങ്ങളിലെ ഈശോ? ‍

പഴയനിയമത്തിൽ ദൈവം വാഗ്‌ദാനം ചെയ്‌തതും ഇസ്രായേൽ ജനത പ്രതീക്ഷിച്ചിരുന്നതുമായ മിശിഹായും ദൈവപുത്രനുമാണ് നസ്രായനായ ഈശോ എന്ന് വിശുദ്ധ ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. വരാനിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങൾ പഴയനിയമത്തിൽ ധാരാളമുണ്ട്. അതു പൂർത്തിയാകുന്നതു യഹൂദവംശത്തിൽ പിറന്ന നസ്രായൻ ഈശോയിലൂടെയാണ്. ഇസ്രായേൽ ജനം പ്രതീക്ഷിച്ചിരുന്ന മിശിഹായുടെ വരവിനെക്കുറിച്ചു പഴയനിയമത്തിൽ പ്രവാചകന്മാർ പല ആവർത്തി പറയുന്നുണ്ട്.

മിശിഹായുടെ വരവിന് എഴുന്നൂറ് വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന പ്രവാചകനായ ഏശയ്യാ ഇപ്രകാരം പ്രവചിച്ചു: "അതിനാൽ, കർത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും" (ഏശ 7:14). ഈ പ്രവചനത്തിന്റെ പൂർത്തീകരണമാണ് ഈശോ എന്നു വിശുദ്ധ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. "അവൾ ഗർഭം ധരിച്ചിരിക്കുന്നതു പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈശോ എന്നു പേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്നു കർത്താവ് പ്രവാചകൻ മുഖേന അരുളിച്ചെയ്തതു പൂർത്തിയാകാൻവേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്" (മത്താ 1, 20-23). വി.ലൂക്കാ സുവിശേഷകൻ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: "മറിയമേ, നീ ഭയപ്പെടേണ്ട, ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈശോ എന്നു പേരിടണം. അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും" (ലൂക്കാ 1, 30-32).

മിക്കാ, ജറെമിയാ, സഖറിയാ, മലാക്കി തുടങ്ങിയ പ്രവാചകന്മാരും മിശിഹായുടെ വരവിനെക്കുറിച്ചും മെസിയാനിക യുഗത്തിക്കുറിച്ചും പ്രവചിച്ചിരുന്നു. ബി.സി.715-687 കാലഘട്ടത്തിൽ മിക്കാ പ്രവാചകൻ അറിയിച്ചു: "ബേത്ലഹേം, എഫ്‌റാത്താ, യൂദാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽനിന്നു പുറപ്പെടും; അവൻ പണ്ടേ, യുഗങ്ങൾക്കുമുമ്പേ, ഉള്ളവനാണ്. അതിനാൽ ഈറ്റു നോവെടുത്തവൾ പ്രസവിക്കുന്നതുവരെ അവൻ അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരിൽ അവശേഷിക്കുന്നവർ ഇസ്രായേൽ ജനത്തിലേക്കു മടങ്ങിവരും. കർത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കർത്താവിന്റെ മഹത്വത്തോടെ, അവൻ വന്ന് തന്റെ ആടുകളെ മേയ്ക്കും" (മിക്കാ 5, 2-4).

ഇസ്രായേലിന്റെ രക്ഷകനായി പിറന്ന മിശിഹായെക്കുറിച്ചാണ് ഈ പ്രവചനം. അവൻ പണ്ടേ, യുഗങ്ങൾക്കു മുമ്പേ, ഉള്ളവനാണ്: "ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു" (യോഹ 1,1). "വചനം മാംസം ധരിച്ചു നമ്മുടെ ഇടയിൽ വസിച്ചു." (യോഹ 1,14). "പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവനെ വെളിപ്പെടുത്തിയിരിക്കുന്നത്" (യോഹ 1, 18).

യോഹന്നാൻ മാംദാനയുടെ സാക്ഷ്യം ‍

ഈശോയെ സ്നാപകയോഹന്നാൻ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തുകൊണ്ട് പറഞ്ഞു: "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്നു ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, അവനെ ഇസ്രായേലിനു വെളിപ്പെടുത്താൻ വേണ്ടിയാണ്. ഞാൻ വന്നു ജലത്താൽ സ്‌നാനം നൽകുന്നത്" (യോഹ 1, 29-31).

ദൈവാരൂപി പ്രാവിനെപ്പോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന് അവന്റെമേൽ ആവസിക്കുന്നതു താൻ കണ്ടുവെന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തി. "ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലംകൊണ്ടു സ്‌നാനം നൽകാൻ എന്നെ അയച്ചവൻ എന്നോടു പറഞ്ഞിരുന്നു: 'ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്‌നാനം നൽകുന്നവൻ'. ഞാൻ അതു കാണുകയും ഇവൻ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു." (യോഹ 1,32-34). സ്നാപകയോഹന്നാന്റെ അസ്‌തിത്വം തന്നെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാൻ വേണ്ടിയുള്ളതായിരുന്നു.

പിതാവായ ദൈവത്തിന്റെ സാക്ഷ്യം ‍

ഈശോയുടെ മാമ്മോദീസാ വേളയിൽ സ്വർഗീയ പിതാവ് ഇപ്രകാരം പ്രഖ്യാപിച്ചു: "ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു..." (മത്താ 3, 17). വീണ്ടും പിതാവായ ദൈവം ഈശോയുടെ പുത്രത്വം വെളിപ്പെടുത്തുന്നത് രൂപാന്തരീകരണത്തിന്റെ മലയിലും കേൾക്കാം: "ഇവൻ എന്റെ പുത്രൻ, എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന്റെ വാക്കു ശ്രവിക്കുവിൻ" (ലൂക്കാ 9, 35) ദൈവപിതാവിന്റെ സാക്ഷ്യമാണ് ഏറ്റവും ആധികാരികം.

ഈശോ സ്വയം വെളിപ്പെടുത്തുന്നു

ഈശോ താൻ ദൈവപുത്രനാണെന്ന് അവകാശപ്പെടുന്നില്ലെന്നാണ് അവിടുത്തെ ദൈവത്വം നിഷേധിക്കുന്നവരുടെ മറ്റൊരു വാദം. ഇതു വാസ്‌തവ വിരുദ്ധമാണ്. "ഈശോ കേസറിയ ഫിലിപ്പിയിൽവച്ച് ഒരിക്കൽ ശിഷ്യരോടു് ചോദിച്ചു: 'ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?' ശിമയോൻ പത്രോസ് പറഞ്ഞു: 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ്.' ഈശോ അവനോട് അരുളിച്ചെയ്‌തു: 'യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാൻ! മാംസരക്തങ്ങളല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്" (മത്താ 16, 15-17).

മറ്റൊരവസരത്തിൽ ഈശോ ചോദിക്കുന്നു: "പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാൻ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നുവെന്നു നിങ്ങൾ കുറ്റപ്പെടുത്തുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കേണ്ടാ. എന്നാൽ, ഞാൻ അവ ചെയ്യുന്നെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിലും ആ ആ പ്രവൃത്തികളിൽ വിശ്വസിക്കുവിൻ" (യോഹ 10, 36-38).

മറ്റൊരിക്കൽ ഈശോ പറഞ്ഞു: "ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വത്തിനു വിലയില്ല. എന്നാൽ, നിങ്ങളുടെ ദൈവമെന്നു നിങ്ങൾ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്ത്വപ്പെടുത്തുന്നത്. എന്നാൽ, നിങ്ങൾ അവിടുത്തെ അറിഞ്ഞിട്ടില്ല, ഞാനോ അവിടുത്തെ അറിയുന്നു. ഞാൻ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കിൽ ഞാനും നിങ്ങളെപ്പോലെ നുണയനാകും' (യോഹ 8, 54-55). പാപമോചനം പോലുള്ള ദൈവികമായ അധികാരത്തോടെയുള്ള ഈശോയുടെ പ്രവൃത്തികളും അവിടുത്തെ ദൈവത്വത്തിനുള്ള സാക്ഷ്യങ്ങളാണ്.

യഹൂദർ ഈശോയെ മരണത്തിന് ഏല്പിച്ചുകൊടുക്കുവാനുള്ള പ്രധാന കാരണം അവൻ ദൈവപുത്രന് എന്നു സ്വയം വിശേഷിപ്പിച്ച് എന്നതാണ്. "യഹൂദർ പറഞ്ഞു: ഞങ്ങൾക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവൻ മരിക്കണം. കാരണം, ഇവൻ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു" (യോഹ 19, 7). കൂടാതെ, ഈശോയുടെ മരണവിധി നടപ്പാക്കാൻ നിയോഗിക്കപ്പെട്ടിരുന്ന റോമൻ സൈന്യാധിപൻ, അവിടുന്നു മരിക്കുന്നവിധം കണ്ട ഉറക്കെ ഉദ്ഘോഷിച്ചു: "ഈ മനുഷ്യൻ സത്യമായും ദൈവപുത്രനായിരുന്നു." (മർക്കോ 15,39).

ഖുർആനിലെ ഈസാ

ക്രൈസ്തവരുടെ വിശ്വാസത്തെക്കുറിച്ചുള്ള അറിവ് ഖുർആനിൽ പ്രതിഫലിക്കുന്നുണ്ട്; "മസീഹ് ദൈവപുത്രനാണെന്നു ക്രിസ്ത്യാനികളും പറയുന്നു" (സുറ 9,30-31). പക്ഷേ, ഈസായെ ദൈവപുത്രനായി ഖുർആൻ കാണുന്നില്ല. "മറിയത്തിന്റെ മകൻ മസീഹ് തന്നെയാണ് അള്ളാഹു എന്നു പറയുന്നവൻ സത്യത്തെ നിഷേധിച്ചു കഴിഞ്ഞിരിക്കുന്നു" (സുറ 5,17). ഖുർആൻ വിവരണമനുസരിച്ച്, 'അള്ളാഹു തന്റെ ആത്മാവിനെ മറിയത്തിൽ ഊതുകയും ദൈവവചനമായ ഈസാ അവളിൽ ജനിക്കുകയും ചെയ്‌തു' (സുറ 66,12). എങ്കിലും, മനുഷ്യനായി അവതരിച്ച ദൈവപുത്രനാണ് ഈശോ എന്ന സത്യം ഖുർആൻ അംഗീകരിക്കുന്നില്ല. "മർയമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കൽ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു."(സുറ 4,171).

ഈശോ കുരിശിൽ മരിച്ച് ഉയിർത്തു എന്ന വിശ്വാസവും ഖുർആൻ സ്വീകരിക്കുന്നില്ല. "മർയമിന്റെ മകനായ മസീഹ് ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും.... വാസ്‌തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല. ക്രൂശിച്ചിട്ടുമില്ല... എന്നാൽ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയർത്തുകയത്രേ ചെയ്‌തത്‌" (സുറ 4, 157-158), ഈസായ്ക്കു പകരം വേറൊരുവനെ അവർ കുരിശിൽ തറയ്ക്കുകയായിരുന്നു പോലും! അള്ളാ ഈസായെ ശരീരത്തോടെ തന്നിലേക്ക് എടുത്ത് എന്ന് ഒരു കൂട്ടർ വിശ്വസിക്കുമ്പോൾ, വേറൊരു കൂട്ടരാകട്ടെ, ഈസാ ഇന്ത്യയിലെത്തി ജീവിച്ചു മരിച്ച് കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ അടക്കപ്പെട്ടു എന്നു കരുതുന്നു.

ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ താഴെ ചേർക്കുന്ന താരതമ്യപഠനം സഹായിക്കും.

ഈശോയും ഈസായും പരസ്പര ബന്ധമില്ലാത്ത രണ്ടു വ്യക്തികളാണ് എന്നു മേല്പ്പറഞ്ഞവയിൽ നിന്നു വ്യക്തമാണ്. ജന്മം കൊണ്ടും ദൗത്യംകൊണ്ടും കർമംകൊണ്ടും മരണംകൊണ്ടും വ്യത്യ സ്തരായ രണ്ടുവ്യക്തികൾ.

ഉപസംഹാരം

വിശുദ്ധ ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവനാമം 'യാഹ്‌വെ' എന്നാണ്. ഖുർആൻ തങ്ങളുടെ മതഗ്രന്ഥമായി കരുതുന്നവർ 'അള്ള' എന്ന ദൈവത്തിൽ വിശ്വസിക്കുന്നു. ഈ രണ്ടു ഗ്രന്ഥങ്ങളിലും കാണുന്ന ദൈവ സങ്കല്പങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണ്. ഈ ഗ്രന്ഥങ്ങളിൽ കാണുന്ന കഥാപാത്രങ്ങൾ തമ്മിൽ ചില സാമ്യങ്ങൾ ഉണ്ടെന്നു തോന്നിച്ചേക്കാമെങ്കിലും വസ്‌തുതപരമായും ചരിത്രപരമായും ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ല. വിശുദ്ധ ബൈബിളും ഖുർആനും തമ്മിൽ താരതമ്യം ചെയ്യുന്നതുതന്നെ സത്യത്തിനു നിരക്കാത്തതാണ്. ഈ രണ്ടു ഗ്രന്ഥങ്ങളോടും ചെയ്യുന്ന അനീതിയുമാണ്.

കുറിപ്പുകൾ ‍

1. F. E. Peters, Mecca. A Literary History of the Muslim Holy Land, New Jersey 2017,3-46.

2. A. Guillaume, The Life of Mohammad, Karachi, 2004, 73-82

3. A Khabar, Mecca by Al Azraqi, 2004, vol. 1, 200-205; Al Magazi by Al- Waqidiy, 1989, vol. 1,833.

4. A. Guillaume, The Life of Mohammad, 84-87.

സഹായക ഗ്രന്ഥങ്ങൾ ‍

1. Harris Sam, The End of Faith: Religion, Terror, and the Future of Rea- son, New York 2004.

2 Hitchens Christopher, God Is Not Great: How Religion Poisons Everything, New York 2007.

3. Nawas Maajid.- Harris Sam, Islam and the Future of Tolerance, Cam- bridge 2015.

4. Warraq Ibn, What the Koran Really Says: Language, Text, and Commentary, Amherst, New York 2002.

5. Which Koran?: Variants, Manuscripts, and the Influence of Pre-Islamic Poetry, Amherst, New York 2008.

6. Koranic Allusions: The Biblical, Qumranian, and Pre-Islamic Background to the Koran, Amherst, New York 2013.

7. Christmas in the Koran: Luxenberg, Syriac, and the Near Eastern and Judeo-Christian Background of Islam, ed., Amherst, New York 2014.

(''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤ ➤➤➤ (തുടരും...) ➤➤➤

ഈ ലേഖനപരമ്പരയുടെ ആദ്യ നാലുഭാഗങ്ങള്‍:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍

പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 8