Editor's Pick

ചെല്ലാനം പള്ളിയിൽ നടന്ന സംഭവം: ആരാണ് കുറ്റക്കാർ?

പ്രവാചക ശബ്ദം 24-01-2021 - Sunday

ചെല്ലാനം സെൻറ് സെബാസ്റ്റ്യൻ പള്ളിയുടെ വിശുദ്ധവും പരിപാവനവുമായ അൾത്താരയിൽ നിന്നുകൊണ്ട് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിം വർഗീയ സ്വഭാവം പുറത്തെടുത്തു തന്റെ ഇസ്‌ലാം വിശ്വാസ പ്രഘോഷണത്തിനുള്ള വേദിയാക്കി മാറ്റിയതിൽ പ്രതിഷേധം ശക്തമാകുകയാണ്.

പ്രസ്തുത സംഭവത്തിൽ കൊച്ചി രൂപത ഖേദം പ്രകടിപ്പിച്ചിരുന്നു. പള്ളിയുടെ പുറത്ത് വച്ച് നടത്തപ്പെടേണ്ട ഒരു ചടങ്ങിനുവേണ്ടി അൾത്താര തുറന്നുകൊടുത്ത ഇടവക വികാരിക്കെതിരെയും പ്രതിഷേധം ശക്തമാണ്. എന്നാൽ ഈ സംഭവത്തിൽ ഇടവക വികാരി മാത്രമാണോ കുറ്റക്കാരൻ. ഓരോ ക്രൈസ്തവനും ആഴത്തിൽ ചിന്തിക്കേണ്ട ഒരു സമയമാണ് ഇത്. മനഃപൂർവ്വമല്ലങ്കിലും, ഇത്തരം ചടങ്ങുകൾക്കായി പള്ളിയുടെ അൾത്താര തന്നെ തുറന്നുകൊടുക്കാൻ ഇടവക വികാരിയെയും മറ്റ് ഭാരവാഹികളെയും പ്രേരിപ്പിച്ചത് എന്തായിരിക്കും?

ഏതാനും നാളുകളായി ചില വൈദികരും വിശ്വാസികളും ക്രൈസ്തവ വിശ്വാസത്തിൽ മായം കലർത്തിക്കൊണ്ട് അന്യമതങ്ങളുടെ ചില ആചാരങ്ങളും തെറ്റായ മത സങ്കല്പങ്ങളും പ്രദർശിപ്പിക്കാനുള്ള വേദിയായി ക്രൈസ്തവ ദേവാലയങ്ങളെ മാറ്റുകയും, മതസൗഹാർദം എന്ന പേരിൽ അതിനെ പ്രോത്സാഹിക്കുകയും ചെയ്തുപോന്നിരുന്നു. ഇക്കൂട്ടർ വിശ്വാസിസമൂഹത്തിനിടയിൽ വിതച്ച വിഷവിത്തുകൾ ഫലം ചൂടുക മാത്രമാണ് ഇവിടെ സംഭവിച്ചത്. അതിനാൽ ഈ സംഭവത്തിൽ ഇടവക വികാരിയെ മാത്രം കുറ്റപ്പെടുത്തുക സാധ്യമല്ല.

ഏതാനും ചില യാഥാർഥ്യങ്ങൾ ‍

വിശുദ്ധ കുർബാന എപ്രകാരമാണ് അർപ്പിക്കപ്പെടേണ്ടത് എന്ന് സഭ വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാൽ അതിനു വിരുദ്ധമായി അത്തപ്പൂക്കളത്തിനു മുന്നിലിരുന്ന് ദിവ്യബലിയര്‍പ്പിക്കുക, ഓണവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ദേവാലയത്തിനകത്ത് വെച്ച് അതിനുമുന്നില്‍ ബലിയര്‍പ്പിക്കുക, വൈദികർ വിചിത്രമായ വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് ദിവ്യബലിയർപ്പിക്കുക തുടങ്ങിയ ദുരാചാരങ്ങൾ ദേവാലയങ്ങളിൽ അരങ്ങേറിയപ്പോൾ ഇത്തരം വൈദികർക്കെതിരെ നടപടി എടുക്കാതിരുന്നത് ഒരു ചെല്ലാനം സംഭവത്തിന് വഴിയൊരുക്കുകയായിരുന്നുവെന്ന് നമ്മൾ അറിഞ്ഞില്ല.

ക്രിസ്തുവും സഭയും പഠിപ്പിക്കുന്ന പ്രാർത്ഥനാ രീതികളെ മാറ്റിനിറുത്തിക്കൊണ്ട് യോഗ പോലുള്ള ധ്യാനരീതികളെ പ്രോത്സാഹിപ്പിച്ചപ്പോൾ നമ്മുടെ വിശ്വാസത്തിൽ നാം തന്നെ മായം കലർത്തുകയായിരുന്നു എന്ന സത്യം നാം തിരിച്ചറിഞ്ഞില്ല. യേശു നാമം അതിൽ തന്നെ പൂർണ്ണവും ശക്തവുമാണ്. ഈ നാമം വിശ്വാസത്തോടെ ഉരുവിടുന്ന സ്ഥലങ്ങളിലെല്ലാം ദൈവത്തിന്‍റെ വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നു. എന്നാൽ ഈ സത്യം മറന്നുകൊണ്ട് 'ഓം' പോലെയുള്ള മന്ത്രങ്ങൾ ദൈവനാമത്തോട് ചേര്‍ത്ത് ആലപിക്കണം എന്നു പഠിപ്പിക്കുകയും, സർവ്വമത പ്രാർത്ഥനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ നാം നമുക്കുതന്നെ കിടങ്ങുകൾ കുഴിക്കുകയായിരുന്നു എന്ന സത്യവും നാം തിരിച്ചറിഞ്ഞില്ല.

ക്രിസ്തുവിലേക്കു മടങ്ങാം ‍

ചെല്ലാനം സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ നടന്ന സംഭവം ഒരു ഓർമ്മപ്പെടുത്തലാണ്: നാം ക്രിസ്തുവിലേക്ക് മടങ്ങണം എന്ന ഓർമ്മപ്പെടുത്തൽ. എല്ലാ മത വിശ്വാസങ്ങളും ഒന്നുപോലെയാണ് എന്ന ഒരു പൊതുധാരണ അടുത്തകാലത്ത് വർദ്ധിച്ചുവരുവാൻ ചില വൈദികരുടെ പ്രവർത്തികൾ കാരണമാകുന്നുണ്ട്. ഇതിനെതിരെ നാം ഉണർന്നു പ്രവർത്തിക്കണം.

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം അപ്പസ്തോലന്മാർ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ലോകം മുഴുവൻ സഞ്ചരിച്ചപ്പോൾ, അവർ ചെന്നെത്തിയ സ്ഥലങ്ങളിൽ നിരവധി വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ പിന്തുടർന്നു പോന്നവർ ജീവിച്ചിരുന്നു.

മനുഷ്യന്റെ അജ്ഞത മൂലമാണ് അവർ വിഗ്രഹങ്ങളെയും, പ്രകൃതി ശക്തികളെയും, മൃഗങ്ങളെയും, ഇതിഹാസകഥാപാത്രങ്ങളെയും ദൈവമായി ആരാധിച്ചിരുന്നത്. എന്നാൽ മനുഷ്യന് സ്വയം വെളിപ്പെടുത്തുവാൻ സാക്ഷാൽ ദൈവം തന്നെ മനുഷ്യനായി അവതരിച്ചവനാണ് യേശുക്രിസ്തു എന്നും ഇനിമുതൽ എല്ലാ മനുഷ്യരും യേശുക്രിസ്തുവിൽ വിശ്വസിക്കണമെന്നും അവർ ലോകത്തോടു വിളിച്ചു പറഞ്ഞു. ഈ സത്യം കലർപ്പില്ലാതെ ധൈര്യപൂർവം പ്രഘോഷിച്ചതുകൊണ്ടാണ് അവർക്ക് ക്രൂരമായ പീഡനങ്ങളും അതോടൊപ്പം മരണവും ഏറ്റുവാങ്ങേണ്ടി വന്നത്.

⧫ എല്ലാ മതങ്ങളും ഒന്നുപോലെയായിരുന്നുവെങ്കിൽ അപ്പസ്തോലപ്രമുഖനായ പത്രോസിനും, ഫിലിപ്പോസ് സ്ലീഹായ്ക്കും തലകീഴായി കുരിശിൽ തറക്കപ്പെട്ട് മരിക്കേണ്ടി വരികയില്ലായിരുന്നു.

⧫ എല്ലാ മതങ്ങളിലൂടെയും ദൈവത്തെ കണ്ടെത്താമെങ്കിൽ അന്ത്രയോസ് ശ്ലീഹാ X ആകൃതിയിലുള്ള കുരിശിൽ ബന്ധിക്കപ്പെട്ട് മരിക്കേണ്ടി വരികയില്ലായിരുന്നു.

⧫ എല്ലാ മതങ്ങളിലൂടെയും രക്ഷപ്രാപിക്കാമെങ്കിൽ വിശുദ്ധ ബർത്തലോമിയോയും, പൗലോസ് ശ്ലീഹായും, യാക്കോബ് ശ്ലീഹായും കഴുത്തറക്കപ്പെട്ടു മരിക്കേണ്ടി വരികയില്ലായിരുന്നു.

⧫ എല്ലാ വിശ്വാസങ്ങളും മനുഷ്യനെ സത്യത്തിലേക്കു നയിക്കുമെങ്കിൽ യോഹന്നാൻ ശ്ലീഹായ്ക്ക്, തന്റെ ശരീരം തിളച്ച എണ്ണയിലേക്ക് എറിയാൻ വിട്ടുകൊടുക്കേണ്ടി വരികയില്ലായിരുന്നു.

⧫ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ദൈവനിവേശിതമാണെങ്കിൽ സുവിശേഷ ഗ്രന്ഥം രചിച്ച വിശുദ്ധ മത്തായി ശ്ലീഹാ വാളിനിരയായി രക്തസാക്ഷിത്വം വരിക്കേണ്ടി വരികയില്ലായിരുന്നു.

⧫ എല്ലാ വിശ്വാസങ്ങളിലൂടെയും നിത്യജീവൻ പ്രാപിക്കാമെങ്കിൽ വിശുദ്ധ യൂദാസ് ശ്ലീഹായ്ക്ക് ദണ്ഡുകൊണ്ട് അടിയേറ്റും, യാക്കോബ് സ്ലീഹായ്ക്കും മത്തിയാസ് സ്ലീഹായ്ക്കും കല്ലേറുകൊണ്ടും മരിക്കേണ്ടിവരികയില്ലായിരുന്നു.

⧫ പ്രകൃതിശക്തികളെല്ലാം ദൈവാമായിരുന്നുവെങ്കിൽ ശിമയോൻ ശ്ലീഹായ്ക്ക് ശിരസ്സുമുതൽ പാദം വരെ ശരീരം നേർപകുതി രണ്ടു കഷണങ്ങളായി കീറിമുറിക്കപ്പെട്ട് മരിക്കേണ്ടിവരികയില്ലായിരുന്നു.

⧫ അന്യദൈവങ്ങളെ ആരാധിക്കുന്ന വിഗ്രഹാരാധകരെല്ലാം സത്യ ദൈവത്തെത്തന്നെയാണ് ആരാധിക്കുന്നതെങ്കിൽ വിശുദ്ധ തോമാശ്ലീഹായ്ക്ക് കുന്തത്താൽ കുത്തപ്പെട്ട് മരിക്കേണ്ടി വരില്ലായിരുന്നു.

അതിനാൽ, ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമ്മുടെ രക്ഷക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല എന്ന സത്യം നാം ഒരിക്കലും വിസ്‌മരിച്ചുകൂടാ. എല്ലാ വൈദികരും ഈ മാറ്റമില്ലാത്ത സത്യം തിരിച്ചറിയുകയും, അപ്പസ്തോലന്മാർ പകർന്നു നൽകിയ വിശ്വാസം കലർപ്പില്ലാതെ പ്രഘോഷിക്കുകയും ചെയ്യാൻ തയ്യാറാകുന്നില്ലങ്കിൽ ചെല്ലാനം സംഭവം ആവർത്തിച്ചുകൊണ്ടേയിരിക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »