India - 2024

ചാവറയച്ചന്‍ കേരളം കണ്ട മുൻനിര നവോത്ഥാന നായകന്മാരില്‍ ഒരാള്‍: ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്

14-10-2023 - Saturday

തിരുവനന്തപുരം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ കേരളം കണ്ട മുൻനിര നവോത്ഥാന നായകന്മാരിലൊരാളാണെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. ദീപിക 137-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും എക്സലൻസ് അവാർഡ് വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകരെ കുറിച്ച് പറയുമ്പോൾ ആരും ചാവറയച്ചനെ കുറിച്ച് പറയാറില്ല. സ്കൂളുകളിലെ ഉച്ചക്കഞ്ഞിയുടെ ഉപജ്ഞാതാവ് അദ്ദേഹമാണ്. ചാവറയച്ചൻ തുടങ്ങിവച്ച പ്രസ്ഥാനങ്ങൾ ഇന്ന് വിശ്വചക്രവാളം വരെ എത്തി നിൽക്കുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മാത്യൂസ് മാർ പോളി കാർപ്പസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. എൻ. വാസവൻ, ആന്റണി രാജു, എം. വിൻസന്റ് എംഎൽഎ, രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, ഡയറക്ടർ ജോണി കുരുവിള, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ എന്നിവർ പ്രസംഗിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് സ്വാഗതം ആശംസിച്ചു. ദീപിക തിരുവനന്തപുരം യൂണിറ്റ് റെസിഡന്റ് മാനേജരും മലങ്കര കത്തോലി ക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാളുമായ ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ് നന്ദി പറഞ്ഞു.


Related Articles »