News - 2024
വിശുദ്ധ നാട്ടിൽ സമാധാനം സംജാതമാകാന്‍ പ്രാർത്ഥിക്കണം: ആഹ്വാനവുമായി മധ്യേഷ്യയിലെ പൗരസ്ത്യ പാത്രിയാർക്കീസുമാര്‍
പ്രവാചകശബ്ദം 14-10-2023 - Saturday
റോം: യേശുക്രിസ്തു മനുഷ്യാവതാരം ചെയ്തു ജനിച്ചു വളര്‍ന്ന വിശുദ്ധ നാട്ടിൽ സമാധാനം സ്ഥാപിതമാകാൻ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി മധ്യേഷ്യയിലെ പൗരസ്ത്യ പാത്രിയാർക്കീസുമാര്‍. ഐക്യരാഷ്ട്രസഭയിൽ ഇസ്രായേലിന്റെയും, പലസ്തീന്റെയും അതിർത്തികൾ സംബന്ധിച്ച് പാസാക്കപ്പെട്ട പ്രമേയങ്ങൾ നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹവും, ലോക ശക്തികളും ഇടപെടൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. പൗരസ്ത്യ കത്തോലിക്കാ റീത്തുകളുടെ അഞ്ച് തലവന്മാർ വത്തിക്കാനിൽ നടക്കുന്ന മെത്രാൻമാരുടെ സിനഡിനു വേണ്ടി ഒരുമിച്ചു കൂടിയ വേളയിലാണ് ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ആശങ്കകളും, പ്രതീക്ഷകളും പങ്കുവെച്ചത്.
ഒക്ടോബർ പതിനൊന്നാം തീയതി ബുധനാഴ്ച പൊന്തിഫിക്കൽ മാരോണൈറ്റ് കോളേജിലാണ് സിറിയൻ കാത്തലിക്ക് പാത്രിയാർക്കീസ് ഇഗ്നേസ് യൂസഫ് യൂനാൻ, മാരോണൈറ്റ് പാത്രിയാർക്കീസ് ബെച്ചാര റായ്, കൽദായ പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ, കോപ്റ്റിക് കത്തോലിക്ക പാത്രിയർക്കീസ് ഇബ്രാഹിം ഐസക്ക് സിദ്രാക്ക്, അർമേനിയൻ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് റാഫേൽ ബെഡ്റോസ് എന്നിവർ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും, യുദ്ധത്തിൽ കെടുതി അനുഭവിക്കുന്നവരോടും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ സഭാതലവന്മാർ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. അതേസമയം വിശുദ്ധ നാട്ടിലെ കത്തോലിക്ക മെത്രാന്മാരെ പ്രതിനിധീകരിച്ച്, ജെറുസലേമിൽ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല എല്ലാ ഇടവകളോടും, സന്യാസ സമൂഹങ്ങളോടും ഒക്ടോബർ 17നു വിശുദ്ധ നാട്ടിൽ അനുരഞ്ജനവും, സമാധാനവും പുലരാൻ ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തിട്ടുണ്ട്.