India - 2024

മാർ ജോസഫ് പവ്വത്തിൽ സ്മരണാർത്ഥം നിര്‍ധനര്‍ക്കായി പാർപ്പിട സമുച്ചയം

പ്രവാചകശബ്ദം 25-10-2023 - Wednesday

കോട്ടയം; മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ സ്മരണാർത്ഥം കപ്പാട്, നെടുമാവ് പ്രദേശത്ത് നിർമിച്ച പാർപ്പിട സമുച്ചയം ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ചു. സഭാത്മക ദർശനത്താൽ സകല ജനങ്ങളുടെയും ക്ഷേമത്തിനായി വിവിധ മേഖലകളിൽ ശ്രേഷ്ഠമായ ഇടപെടലുകൾ സധൈര്യം നടത്തിയ മാർ ജോസഫ് പവ്വത്തിലിന്റെ സംഭാവനകൾ നമുക്കെല്ലാവർക്കും മാതൃകയും പ്രചോദനവുമാണെന്ന് മാർ പെരുന്തോട്ടം സന്ദേശത്തിൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സന്നിഹിതനായിരുന്നു. അറുപത്തിമൂന്ന് ജീവകാരുണ്യ സ്ഥാപനങ്ങളിലായി 2163 നിരാലംബരെ പുനരധിവസിപ്പിക്കുന്നതിനും ഏയ്ഞ്ചൽസ് വില്ലേജുൾപ്പെടെയുള്ള സമഗ്ര പദ്ധതികൾ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ആവിഷ്കരിച്ച് പു ർത്തീകരിക്കുന്നതിന് അടിസ്ഥാനമിട്ട മാർ ജോസഫ് പവ്വത്തിലും അവയുടെ തുടർച്ചയ്ക്ക് പ്രോത്സാഹനവും മാർഗനിർദേശവും നല്കി രൂപതയെ നയിച്ച അഭിവന്ദ്യ പിതാക്കൻമാരും നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് മാർ ജോസ് പുളിക്കൽ അനുസ്മരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തിയാകുന്നത്. രൂപതയിലെ വൈദികനായ ഫാ. ജയിംസ് തെക്കേമുറിയുടെ നേതൃത്വത്തിൽ നല്ലിടയന്റെ കൂട്ടുകാർ എന്ന സംഘടന വഴിയാണ് ഭവനപദ്ധതി ഏകോപിപ്പിക്കപ്പെട്ടത്. രൂപത റെയിൻബോ പദ്ധതിയിൽ പൂർത്തീകരിക്കുന്ന 45 ഭവനങ്ങൾക്ക് പുറമെയാണ് മാർ പവ്വത്തിൽ പദ്ധതി. കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തിയാകുന്നത്.

ഭവന നിർമാണ പ്രവർത്തനങ്ങൾക്ക് രൂപത പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ മേൽനോട്ടം വഹിച്ചു. ആശീർവാദ കർമങ്ങളിൽ വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. ഫിലിപ്പ് തടത്തിൽ, കപ്പാട് മാർ സ്ലീവാ പള്ളി വികാരി ഫാ. ആന്റണി മണിയങ്ങാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു, സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ എലിസ ബത്ത് സാലി, ഫാ. ജിൻസ് വാതല്ലുക്കുന്നേൽ, വൈദികർ, സന്യാസിനികൾ തുടങ്ങിയവർ പങ്കെടുത്തു.


Related Articles »