India - 2025

മാർ ജോസഫ് പവ്വത്തിൽ ആരാധനക്രമത്തിന്റെ നിതാന്ത ജാഗ്രതയുള്ള കാവൽക്കാരാനെന്ന് മാർ ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 16-03-2025 - Sunday

ചങ്ങനാശേരി: മാർ ജോസഫ് പവ്വത്തിൽ സഭാ പാരമ്പര്യത്തിൻ്റെയും ആരാധനക്രമത്തിന്റെയും നിതാന്ത ജാഗ്രതയുള്ള കാവൽക്കാരനായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. മാർ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആരാധനാ ക്രമം സഭാജീവിതത്തിൻ്റെ അടിസ്ഥാനം എന്ന വിഷയത്തിൽ അതിരൂപതാ കേന്ദ്രത്തിൽ സംഘടിപ്പിച്ച ഏകദിന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്.

ആരാധനക്രമ പരിശീലനം സഭയിൽ: പവ്വത്തിൽ പിതാവിൻ്റെ ദർശനവും കാഴ്‌ചപ്പാടും എന്ന വിഷയത്തിൽ വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠം പ്രഫസർ റവ.ഡോ. ഡൊമിനിക് മുര്യങ്കാവുങ്കൽ, ദസിദേരിയോ ദെസിദരാവിയും ആരാധനാക്രമരൂപീകരണത്തിന്റെ അനിവാര്യതയും എന്ന വിഷയത്തിൽ ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, വിശ്വാസരൂപീകരണം ആരാധനക്രമത്തിലൂടെ എന്ന വിഷയത്തിൽ ഉജ്ജയിൻ റൂഹാലയ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യുട്ട് പ്രഫസർ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഡോ. പി.സി. അനിയൻകുഞ്ഞ്, സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ സോഫി റോസ് സിഎംസി, അതിരൂപതാ വികാരി ജനറാൾ മോൺ. ആൻ്ണി എത്തക്കാട്ട് എന്നിവർ മോഡറേറ്റർമാരായിരുന്നു. റവ.ഡോ. തോമസ് കറുകക്കളം, ഫാ. ജോർജ് വല്ലയിൽ എന്നിവർ പ്രസംഗിച്ചു. 2023 മാർച്ച് 18നാണ് മാർ ജോസഫ് പവ്വത്തിൽ ദിവംഗതനായത്. അദ്ദേഹത്തിന്റെ രണ്ടാംചരമവാർഷികദിനമായ 18ന് രാവിലെ ഏഴിന് സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ വിശുദ്ധ കുർബാനയും അനുസ്‌മരണ ശുശ്രൂഷകളും നടക്കും. ബിഷപ്പ് മാർ തോമസ് പാടിയത്ത് കാർമികത്വം വഹിക്കും.


Related Articles »