News - 2025

ബെനഡിക്ട് പാപ്പ അവസാന കാലം ചെലവഴിച്ച ആശ്രമം ബെനഡിക്ടൻ കന്യാസ്ത്രീകളുടെ സന്യാസ ഭവനമാകും

പ്രവാചകശബ്ദം 14-11-2023 - Tuesday

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമൻ പാപ്പ താമസിച്ചിരുന്ന വത്തിക്കാനിലെ മാതര്‍ എക്ലേസിയ ഭവനം അർജന്റീനയിൽ നിന്നുള്ള ഒരു കൂട്ടം ബെനഡിക്ടൻ കന്യാസ്ത്രീകളുടെ ഭവനമാക്കി മാറ്റും. ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബെനഡിക്റ്റൈൻ ഓർഡർ ഓഫ് വിക്ടോറിയയിലെ സെന്റ് സ്‌കോളസ്‌റ്റിക്ക സമൂഹമാണ് മാതര്‍ എക്ലേസിയയില്‍ സന്യാസ സമൂഹമായി രൂപീകരിക്കുക. ആറ് സമര്‍പ്പിതര്‍ ജനുവരി ആദ്യം വത്തിക്കാൻ ഗാർഡനിൽ സ്ഥിതി ചെയ്യുന്ന മഠത്തിലേക്ക് മാറുമെന്ന് സന്യാസ സമൂഹം അറിയിച്ചു.

1994-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കന്യാസ്ത്രീകൾക്കായി മാതര്‍ എക്ലേസിയ മൊണാസ്ട്രി കാനോനികമായി സ്ഥാപിച്ചത്. ഓരോ മൂന്നു വർഷത്തിലും വിവിധ സന്യാസ സമൂഹങ്ങള്‍ 2012 നവംബർ വരെ മഠത്തിൽ താമസിച്ചിരിന്നു. സ്ഥാനത്യാഗത്തിന് പിന്നാലെ 2013 മെയ് 2-നാണ് വത്തിക്കാൻ സിറ്റിയിലെ മാതര്‍ എക്ലേസിയയിലേക്ക് ബെനഡിക്ട് പാപ്പ താമസം മാറിയത്. അദ്ദേഹത്തിന്റെ പേർസണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയ്നും നാല് സമർപ്പിതരും ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരിന്നു.

2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. നാളുകളായി ആശ്രമം ഒഴിഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പ്രാർത്ഥന ശുശ്രൂഷയിലൂടെ സഭയ്ക്കു മുഴുവനും ബലമേകുന്ന ആശ്രമം അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് പുനഃസ്ഥാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചതെന്നു വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റാണ് ആശ്രമത്തിന്റെ മേൽനോട്ടം വഹിക്കുക.


Related Articles »