India - 2024
സന്യസ്ത പ്രതിഭകൾക്കായി ഒരുക്കിയ ഗാനാലാപനമത്സരം: ഫാ. ജിതിൻ വയലുങ്കലും സിസ്റ്റർ ആൻസി തേനനും ജേതാക്കള്‍
പ്രവാചകശബ്ദം 21-11-2023 - Tuesday
തൃശൂർ: സന്യസ്തപ്രതിഭകൾക്കായി കലാസദൻ ഒരുക്കിയ അഖിലകേരള ഗാനാലാപനമത്സരം ദേവദൂതർ പാടി ഗ്രാൻഡ് ഫിനാലേ മത്സരങ്ങൾ റീജണൽ തിയറ്ററിൽ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്‌തു. നൂറോളം പേർ പങ്കെടുത്ത ആദ്യ ഒഡീഷൻ റൗണ്ടിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിവിധ ജില്ലകളിൽ നിന്നുള്ള 20 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. പുരോഹിതവിഭാഗത്തിൽ ഫാ. ജിതിൻ വയലുങ്കൽ (കാഞ്ഞങ്ങാട്), ഫാ. ആൻജോ പുത്തൂർ (തൃശൂർ), ഫാ. ക്രിസ് സെബി (അടിമാലി ) എന്നിവരും സന്യാസിനി വിഭാഗത്തിൽ സിസ്റ്റർ ആൻസി തേനൻ (ചാലക്കുടി), സിസ്റ്റർ ജീവ ചാക്കോ (കാസർഗോഡ്), സിസ്റ്റർ ബിൻസി തോമസ്(തൃശൂർ) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്കു പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ് കാഷ് അവാർഡും മെമെൻ്റോയും പ്രശസ്തി പത്രവും നൽകി. സമാപന സമ്മേളനം വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡോ. ഇഗ്‌നേഷ്യസ് ആൻ്റണി, പാടുംപാതിരി റവ.ഡോ. പോൾ പൂവത്തിങ്കൽ, ബേബി മൂക്കൻ എന്നിവർ ആശംസകൾ നേർന്നു.
പ്രശസ്ത സംഗീതജ്ഞരായ ബേണി, മനോജ് ജോർജ്, ദലീമ എന്നിവർ വിധി കർത്താക്കളായിരുന്നു. വേദിയിൽ ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജി ന്റെ വയലിൻ സോളോ പെർഫോമൻസും പിന്നണിഗായികയും എംഎൽഎ യുമായ ദലീമ, സംഗീതസംവിധായകനും ഗായകനുമായ ബേണി എന്നിവരു ടെ ഗാനാലാപനവും ഉണ്ടായിരുന്നു. സംഗീതവിഭാഗം കൺവീനർ ജേക്കബ് ചെങ്ങലായ് സ്വാഗതവും ബാബു ജെ. കവലക്കാട്ട് നന്ദിയും പറഞ്ഞു.