News - 2025

ഫ്രാന്‍സിസ് പാപ്പയെ ജന്മനാട്ടിലേക്കു ക്ഷണിച്ച് അർജന്റീനയുടെ നിയുക്ത പ്രസിഡന്‍റ്

പ്രവാചകശബ്ദം 27-11-2023 - Monday

ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ ദേശീയ ഇലക്ഷനില്‍ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജാവിയർ മിലി, ഫ്രാന്‍സിസ് പാപ്പയുമായി ഫോണില്‍ സംസാരിച്ചു. അര്‍ജന്റീനിയന്‍ സ്വദേശിയായ ഫ്രാന്‍സിസ് മാർപാപ്പയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തി വിവാദത്തിലായ വ്യക്തിയാണ് ജാവിയർ. ഫോണ്‍ സംഭാഷണത്തിനിടെ അദ്ദേഹം മാർപാപ്പയെ ജന്മനാട് സന്ദർശിക്കാൻ ക്ഷണിച്ചു. ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ഇരുവരും തമ്മിലുള്ള ആശയവിനിമയം എട്ട് മിനിറ്റ് നീണ്ടുനിന്നു.

ദാരിദ്ര്യത്തിനു എതിരായ പോരാട്ടത്തിലും വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താനുമാണ് താൻ ഉദ്ദേശിക്കുന്നതെന്നു ജാവിയർ മിലി മാർപാപ്പയോട് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രസിഡന്റിനെ അഭിനന്ദിച്ച പാപ്പ, “ജ്ഞാനത്തോടും ധൈര്യത്തോടും” പ്രവർത്തിക്കാൻ അദ്ദേഹത്തോട് പറഞ്ഞു. അർജന്റീന സ്വദേശിയെന്ന നിലയിലും കത്തോലിക്ക സഭയുടെ തലവനെന്ന നിലയിലും അർജന്റീന സന്ദർശിക്കാൻ പാപ്പയെ പ്രസിഡന്‍റ് ക്ഷണിക്കുകയായിരിന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

2024-ൽ ഫ്രാന്‍സിസ് പാപ്പയുടെ മാതൃരാജ്യത്തിലേക്കുള്ള സന്ദര്‍ശന സാധ്യത പുനരുജ്ജീവിപ്പിക്കുന്നതാണ് പുതിയ ഇടപെടല്‍. ഈ മാസം ആദ്യം അർജന്റീനിയൻ ബിഷപ്പ് അദ്ദേഹത്തെ ക്ഷണിച്ചു. നവംബർ 19 ന് നടന്ന തെരഞ്ഞെടുപ്പില്‍ 56% വോട്ടുകൾ നേടി വിജയം കുറിച്ച പ്രസിഡന്റ് ഡിസംബർ 10ന് അധികാരമേൽക്കും. അര്‍ജന്റീനിയന്‍ ജനസംഖ്യയുടെ 92%വും കത്തോലിക്ക വിശ്വാസികളാണ്.


Related Articles »