News

ഇറ്റലിയിലെ 'ഏറ്റവും സുന്ദരനായ ചെറുപ്പകാരന്‍' മോഡലിംഗ് വിട്ട് പൗരോഹിത്യത്തിലേക്ക്

പ്രവാചകശബ്ദം 08-12-2023 - Friday

റോം: ഇറ്റലിയിലെ ഏറ്റവും സുന്ദരനായ വ്യക്തി എന്ന നിലയില്‍ അറിയപ്പെടുന്ന എഡോര്‍ഡോ സാന്റിനി എന്ന ഇരുപത്തിയൊന്നുകാരന്‍ മോഡലിംഗ് രംഗത്തെ താരപദവി വിട്ട് തിരുപ്പട്ട സ്വീകരണത്തിനായി സെമിനാരിയില്‍ ചേര്‍ന്നു. ഡാന്‍സര്‍, നീന്തല്‍ക്കാരന്‍, നടന്‍ എന്നീ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചാണ് സാന്റിനി തന്റെ ദൈവവിളി നിയോഗം തെരഞ്ഞെടുത്തിരിക്കുന്നത്. തന്റെ പതിനേഴാമത്തെ വയസ്സില്‍ ദേശീയതലത്തിലുള്ള മത്സരം ജയിച്ചശേഷമാണ് ''രാജ്യത്തെ ഏറ്റവും സുന്ദരനായ വ്യക്തി'' എന്ന പദവി സാന്റിനിക്ക് ലഭിക്കുന്നത്. ഈ വിജയം സാന്റിനിക്ക് ഫാഷന്‍ ലോകത്തേക്കുള്ള പുതിയ വാതായനങ്ങള്‍ തുറന്നു നല്‍കി.

എന്നാല്‍ സാന്റിനിയെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതി വേറെ ഒന്നായിരുന്നു. കാറ്റ്-വാക്കും, സ്പോട് ലൈറ്റും ഒന്നുമില്ലാത്ത മറ്റൊരു ലോകത്ത് തിളങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് സാന്റിനി. ഇക്കഴിഞ്ഞ നവംബര്‍ 23ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോയിലൂടെയാണ് വൈദികനാകുവാനുള്ള തന്റെ തീരുമാനം സാന്റിനി പുറത്തുവിട്ടത്. “ദൈവം അനുവദിച്ചാല്‍ ഞാനൊരു പുരോഹിതനാകും” എന്ന് സാന്റിനി വീഡിയോയിലൂടെ പറയുന്നുണ്ട്. ചെറുപ്പം മുതല്‍ക്കേ താന്‍ ഉള്ളില്‍കൊണ്ടു നടന്നിരുന്ന ‘സഭയാകുക’ എന്നതിന്റെ അര്‍ത്ഥം എന്തെന്ന് അന്വേഷിക്കുവാനുള്ള ധൈര്യം പകര്‍ന്നു നല്‍കിയ ഒരുപാട് ആളുകളെ ഈ വര്‍ഷങ്ങളില്‍ താന്‍ കണ്ടുമുട്ടിയെന്ന്‍ പറഞ്ഞ സന്റിനി 2020 ജനുവരിയിലാണ് താന്‍ യഥാര്‍ത്ഥ സഭ എന്താണെന്ന് കണ്ടെത്തിയതെന്നും വെളിപ്പെടുത്തി.

“ക്രിസ്തുവില്‍ ജീവിക്കുക എന്നതിനര്‍ത്ഥം സ്വയം പള്ളിക്കുള്ളില്‍ പൂട്ടിയിടുക എന്നല്ല. മറിച്ച് പൂര്‍ണ്ണതയില്‍ ജീവിക്കുക എന്നാണ്”. തന്നില്‍ നിന്നും വേറെ എന്തോ പ്രതീക്ഷിച്ചിരുന്ന തന്റെ മുത്തശ്ശിയുടെ എതിര്‍പ്പിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. എന്നിരുന്നാലും വൈദികനാകുവാനുള്ള തന്റെ തീരുമാനത്തില്‍ താന്‍ ഒറ്റക്കല്ല എന്നൊരു തോന്നല്‍ സാന്റിനിക്ക് ഉണ്ടായിരുന്നു. മറ്റുള്ളവരുടെ സംതൃപ്തിപ്പെടുത്തിയുള്ള ജീവിതവും, താന്‍ സന്തോഷവാനാണെന്ന് കാണിക്കുന്ന ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്തും താന്‍ മടുത്തുവെന്നും സാന്റിനി പറഞ്ഞു. പൗരോഹിത്യത്തിലേക്കുള്ള ആദ്യപടി എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ഈ ചെറുപ്പക്കാരന്‍ രണ്ടുപുരോഹിതര്‍ക്കൊപ്പം താമസിച്ചിരിന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം എന്നാണ് സാന്റിനി അതിനെക്കുറിച്ച് പറയുന്നത്. വര്‍ഷാവസാനം സെമിനാരി ജീവിതം തുടങ്ങുന്നതിനു മുന്‍പുള്ള പ്രിപ്പറേറ്ററി കോഴ്സില്‍ ചേരുവാന്‍ സാന്റിനിക്ക് മെത്രാന്‍ അനുവാം നല്‍കി. നിലവില്‍ ദൈവശാസ്ത്രം പഠിക്കുന്ന സാന്റിനി ഫ്ലോറന്‍സ് രൂപതയിലെ രണ്ടു ഇടവകകളില്‍ സേവനവും ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പോര്‍ച്ചുഗലില്‍ നടന്ന ലോകയുവജന ദിന സംഗമത്തില്‍ പങ്കെടുത്ത അനുഭവങ്ങളും സാന്റിനി പങ്കുവെച്ചു.

യുവജനങ്ങളുടെ ഈ വലിയ കൂട്ടായ്മ തന്റെ ജീവിതത്തിന്റെ മുന്‍പും പിന്‍പും എപ്രകാരം സ്വാധീനിച്ചുവെന്ന്‍ വിവിധ വീഡിയോകളിലൂടെ സാന്റിനി വിവരിച്ചിട്ടുണ്ട്. ദൈവത്തിന്റെ വിളിക്ക് ‘യെസ്’ എന്ന് ഉത്തരം നല്‍കുന്നത് ശരിക്കും സന്തോഷകരമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് സാന്റിനിയുടെ വീഡിയോ അവസാനിക്കുന്നത്.


Related Articles »