News - 2025

കോണ്‍ക്ലേവ് തയാറെടുപ്പിനിടെ റോമില്‍ പൗരോഹിത്യ വസന്തം; 23 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു

പ്രവാചകശബ്ദം 06-05-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവന്‍ അടുത്ത കോൺക്ലേവിന് റോമിലേക്ക് ഉറ്റുനോക്കുന്നതിനിടെ പേപ്പല്‍ ബസിലിക്കകളിൽ ഒന്നായ സെന്റ് പോൾ ബസിലിക്കയിൽ 23 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു. ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് അംഗങ്ങളായ 23 ഡീക്കന്മാരാണ് പൗരോഹിത്യ പട്ടം സ്വീകരിച്ചത്. മെക്സിക്കോയിൽ നിന്ന് 9 ഡീക്കന്മാര്‍, കൊളംബിയയിൽ നിന്ന് 3 ഡീക്കന്മാര്‍, ജർമ്മനി, ബ്രസീൽ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്ന് 2 ഡീക്കന്മാര്‍, അമേരിക്ക, സ്പെയിന്‍, ഫ്രാന്‍സ്, അർജന്റീന, എൽ സാൽവഡോര്‍ എന്നിവങ്ങളില്‍ നിന്ന് ഓരോ ഡീക്കന്മാര്‍ വീതമാണ് തിരുപ്പട്ടം സ്വീകരിച്ചത്.

മെക്സിക്കോയിലെ കാൻകുൻ-ചേതുമൽ രൂപത അധ്യക്ഷനായ ബിഷപ്പ് മോൺ. പെഡ്രോ പാബ്ലോയാണ് മുഖ്യകാര്‍മ്മികനായത്. തീക്ഷ്ണതയും അടിത്തറയും ഉള്ളവരും, ധൈര്യശാലികളും, അലംഭാവം ഇല്ലാത്തവരും, സജീവമായിരിക്കുന്നവരും ദൗത്യത്തിന് തങ്ങളുടെ എല്ലാം എങ്ങനെ നൽകണമെന്ന് അറിയുന്നവരുമായ വൈദികരെയാണ് സഭ ആവശ്യപ്പെടുന്നതെന്നു മോൺ. പെഡ്രോ പാബ്ലോ പറഞ്ഞു. ദൈവവിളി പ്രാർത്ഥനയിൽ ജനിക്കുന്നുവെന്നും പ്രാർത്ഥനയിൽ പക്വത പ്രാപിക്കുന്നുവെന്നും പ്രാർത്ഥനയിൽ ഫലം ചൂടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കാ സഭയുടെ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെലിന്റെ കാര്‍മ്മികത്വത്തിലായിരിന്നു ചടങ്ങ് നടക്കേണ്ടിയിരിന്നത്. എന്നാല്‍ കോണ്‍ക്ലേവില്‍ സഭയുടെ നിർണായക സമയത്ത് തന്റെ ഓഫീസിന്റെ വിവിധങ്ങളായ ചുമതലകളുമായി കർദ്ദിനാൾ കെവിൻ തിരക്കിലായ പശ്ചാത്തലത്തില്‍ ബിഷപ്പ് മോൺ. പെഡ്രോയെ നിയമിക്കുകയായിരിന്നു. 2024 അവസാനത്തോടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് സമൂഹത്തില്‍ 1309 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 1,033 പേർ വൈദികരാണ്. മെക്സിക്കോയില്‍ നിന്നാണ് ഈ സന്യാസ സമൂഹത്തിന് ഏറ്റവും കൂടുതൽ വൈദികരുള്ളത്. 406 വൈദികരാണ് ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് സമൂഹത്തിനായി മെക്സിക്കോയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ചത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »