News
അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ലോകമെമ്പാടുമുള്ള വനിതകളുടെ ജപമാലയജ്ഞം
പ്രവാചകശബ്ദം 08-12-2023 - Friday
ലിമ: തങ്ങള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പെണ്‍മക്കള്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനമായ ഇന്നു ഡിസംബര്‍ 8 വെള്ളിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ ഒത്തുകൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു. ആഗോള തലത്തില്‍ ജപമാല ചൊല്ലിക്കൊണ്ട് വനിതകള്‍ തങ്ങളുടെ മരിയന്‍ ഭക്തി പരസ്യമായി പ്രഖ്യാപിക്കുന്നത് ഇത് മൂന്നാം തവണയാണ്. 2022 ഡിസംബര്‍ 8-നാണ് ലോക വനിതകളുടെ ആദ്യത്തെ ജപമാല സംഘടിപ്പിച്ചത്. 2023 മെയ് 13-ന് മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ഫാത്തിമയില്‍ വെച്ചാണ് രണ്ടാമത്തെ ലോക വനിതകളുടെ ജപമാല സംഘടിപ്പിച്ചത്.
പിതാവിന്റെ ഇഷ്ടം നിറവേറ്റുവാനും, യേശുവിന്റെ സുവിശേഷം ഉറക്കെ പ്രഖ്യാപിക്കുവാനും സ്ത്രീ, അമ്മ, ഭാര്യ, മകള്‍ എന്ന നിലകളില്‍ പരിശുദ്ധ കന്യകാമറിയം മാതൃകയാകുവാന്‍ വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ ഇന്നു പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയാണ്. ജീവനേയും കുടുംബത്തേയും ദേവാലയങ്ങളെയും സംരക്ഷിക്കുക, ജപമാല ഭക്തിയുടെ പ്രചാരണത്തിന് നേതൃത്വം വഹിക്കുവാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു വനിതകളുടെ ജപമാലയുടെ പ്രധാന ലക്ഷ്യങ്ങള്‍. അര്‍ജന്റീനയിലെ വനിതകളുടെ ജപമാല ബ്യൂണസ് അയേഴ്സിലെ പ്ലാസാ ഡെ മേയോയില്‍വെച്ചാണ് നടന്നത്. വിശുദ്ധ കുര്‍ബാനക്കിടെ രാജ്യത്തിനും, ഭ്രൂണഹത്യ നിയമങ്ങള്‍ ഇല്ലാതാവുന്നതിനും, സ്വാഭാവിക മരണത്തിന്റെ അന്തസ്സിനും, മാതൃത്വത്തിനും, വിവാഹത്തിനും, സന്യസ്ത ജീവിതത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
വൈകിട്ട് 4:20ന് കെന്നഡി പാര്‍ക്കിലെ വിര്‍ജെന്‍ മിലാഗ്രോസാ ഗ്രോട്ടോയിലും, ഉച്ചക്ക് 12 മണിക്ക് പിയൂരയിലെ കത്തീഡ്രല്‍ ബസിലിക്കയില്‍വെച്ചുമാണ് പെറുവിലെ ജപമാല കൂട്ടായ്മകള്‍ ഒരുക്കിയിരിക്കുന്നത്. കൊളംബിയയില്‍ രാവിലെ 11 മണിക്ക് ബൊഗോട്ടയില്‍ വനിതകള്‍ മാതാവിന്റെ അമലോത്ഭവത്തിനും, ജീവന്റെ അന്തസ്സിനും, കുടുംബത്തിനും, മാതൃത്വത്തിനും നിഷ്കളങ്കരായ ശിശുക്കള്‍ക്കും വേണ്ടി ജപമാല ചൊല്ലി. ചിലിയില്‍ നൂറിലധികം സ്ഥലങ്ങളില്‍ വനിതകള്‍ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഏറ്റവും അധികം സ്ഥലങ്ങളില്‍ ലോകവനിതകളുടെ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ച ഖ്യാതിയും ചിലിക്കാണ്.
സംഖ്യയില്‍ വളരുന്നതിനേക്കാള്‍ വിശ്വാസത്തില്‍ വളരുവാനാണ് ചിലി ആഗ്രഹിക്കുന്നതെന്നും, ലോകത്തിന് മുഴുവന്‍ പരിശുദ്ധ ജപമാല ആവശ്യമാണെന്നും ചിലിയിലെ ജപമാലയുടെ കോ-ഓര്‍ഡിനേറ്ററായ ഫാന്നി ടാഗ്ലെ അരിയാഗ പറഞ്ഞു. അര്‍ജന്റീന, പെറു, ചിലി, കൊളംബിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, കോസ്റ്ററിക്ക, ക്രോയേഷ്യ, ഇക്വഡോര്‍, സ്പെയിന്‍, അമേരിക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇറ്റലി, കെനിയ, മെക്സിക്കോ, മൊസാംബിക്ക്, പനാമ, പരാഗ്വേ, പ്യുയര്‍ട്ടോ റിക്കോ, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട വെനിസ്വേല എന്നീ രാഷ്ട്രങ്ങളിലും ലോക വനിതകളുടെ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരിന്നു.