India - 2024

യേശു ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവര്‍ക്ക് നാം പകരണം: കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ

പ്രവാചകശബ്ദം 11-12-2023 - Monday

തിരുവനന്തപുരം: പ്രസരിക്കുന്ന ദൈവസ്നേഹത്തിൻ്റെ പുതിയ പതിപ്പുകളായി മാറുന്നതിനു നമുക്കു സാധിക്കണമെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര മാർത്തോമാ സുറിയാനി സഭയിൽ നവ എപ്പിസ്കോപ്പമാരായി അഭി ഷിക്തരായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവർക്കു തിരുവനന്തപുരം-കൊല്ലം ഭദ്രാസന ത്തിന്റെ നേതൃത്വത്തിൽ മുക്കോലയ്ക്കൽ സെൻ്റ തോമസ് സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കും കൂദാശകൾക്കുംവേണ്ടി മാത്രമല്ല നാം അഭിഷിക്തരായിരിക്കുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. യേശു ക്രിസ്തു‌വിന്റെ സ്നേഹം പ്രസരിപ്പിക്കുന്നതിനു സമാനതകളില്ലാത്ത വെല്ലു വിളികൾ നേരിടുന്ന സമയത്താണ് മാർത്തോമാ സുറിയാനി സഭയിൽ മൂന്നുമേൽപട്ടക്കാർ തങ്ങളുടെ നിയോഗവുമായി ഈ പൊതുസമൂഹത്തിലേക്കു വരുന്നത്. അത് ഗാസയിലാകാം, യുക്രൈനിലാകാം നമ്മുടെ രാജ്യത്താകാം.

യേശുക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ പ്രസരണം സാധിതമാകുന്നതിനും വേഗതയിലാകുന്നതിനും സാധിക്കണം. എല്ലാ മതവിഭാഗങ്ങളും തമ്മിൽ കരങ്ങൾ ചേർത്തു പിടിച്ച് മുന്നോട്ട് പോകേണ്ട ഘട്ടമാണിത്. ദുർബലരെ ശക്തിപ്പെടുത്തുന്നതിനായി നാം ഒരുമിക്കണം. അതേസമയം ദാരിദ്രത്തിന്റെ പേര് പറയുമ്പോൾ പോലും മതത്തിൻ്റെ ലേബൽ ഒട്ടിക്കുന്ന പുതിയ സങ്കീർണതകൾ ഉയർന്നുവരുന്ന കാലത്ത് മനുഷ്യരെ മനുഷ്യരായി കാണുന്നതിനുള്ള നന്മ ഓരോ മനസിലും വിരിയണം. മാർത്തോമാ സുറിയാനി സഭയിൽ നവ എപ്പിസ്കോപ്പമാരായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവരുടെ ലാളിത്യം, ജീവിതം, ബന്ധങ്ങൾ, തുറവി എല്ലാം മാർത്തോമാ സഭയെയും ക്രൈസ്‌തവ സഭയെയും ഭാരതത്തിൽ ഒരു പുതിയ ദിശയിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

സഭയ്ക്ക് ഇത് അനുഗ്രഹത്തിൻ്റെ നിമിഷങ്ങളാണ്. പിതാക്കന്മാരെ അനുമോദിക്കുന്ന ഈ നിമിഷം തിരുസഭയുടെ വലിയ പ്രതീക്ഷയും പൊതുസമൂഹത്തിന്റെ ചിന്തയും നമ്മോടൊപ്പമുണ്ട്. മാർത്തോമാ സുറിയാനി സഭയ്ക്ക് ഈ അഭിഷിക്തരെക്കുറിച്ച് ചിന്തയും പ്രതീക്ഷകളുമുണ്ട്. ദൈവരാജ്യം എന്നത് ഇന്ന് ഏറെ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള ഒന്നാണ്. എല്ലാവരും ഒരുപോലെ ചേർന്നു നിൽക്കുന്ന ഒരു അനുഭവമാണ് നമുക്കു വേണ്ടത്. മദർ തെരേസയുടെ ഒരു പ്രബോധനം ഈ അവസരത്തിൽ ഓർമിക്കുന്നത് നല്ലതാണെന്നും കർദ്ദിനാൾ പറഞ്ഞു. കുഷ്‌ഠ രോഗിയുടെ മുറിവിൽ താൻ യേശു ക്രിസ്തു‌വിന്റെ തിരുമുഖം കാണുന്നുവെന്ന വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ നമുക്കു പ്രചോദനമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. മലങ്കര മാർ ത്തോമാ സുറിയാനി സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത അധ്യക്ഷനായിരുന്നു.

More Archives >>

Page 1 of 560