India - 2024

റവ. ഡോ. മത്തായി കടവിൽ ഒഐസി പൂന-കട്‌കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ പുതിയ ഇടയന്‍

പ്രവാചകശബ്ദം 13-12-2023 - Wednesday

തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പൂന-കട്‌കി സെ ന്റ് എഫ്രേം ഭദ്രാസനത്തിൻ്റെ പുതിയ ഇടയനായി ബഥനി സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ റവ. ഡോ. മത്തായി കടവിൽ ഒഐസിയെ നിയമിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലി ക്കാ ബാവയാണു നിയമനം പ്രഖ്യാപിച്ചത്. നിയമന പ്രഖ്യാപനം ഇന്നലെ വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് പട്ടം സെൻ്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലും ഒരേസമയം നടന്നു.

പട്ടം കത്തീഡ്രലിൽ പ്രാർഥനയ്ക്ക ശേഷം നടന്ന ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭയുടെ സിനഡ് സെക്രട്ടറി തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീ മിസ് കാതോലിക്കാ ബാവയുടെ നിയമന പ്രഖ്യാപനം വായിച്ചു. നിയുക്ത മെത്രാനെ കാതോലിക്കാ ബാവ കുരിശുമാല അണിയിച്ചു. പൂന-കട്‌കി ഭദ്രാസനത്തിന്റെ അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാർ അന്തോണിയോസ് ഹാരമണിയിച്ചു.

മൂവാറ്റുപുഴ രൂപതയിൽ പൂതൃക്ക സെൻ്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിൽ കടവിൽ മത്തായി - അന്നമ്മ ദമ്പതികളുടെ മകനായി 1963ലാണ് റവ.ഡോ. മത്തായി കടവിൽ ഒഐസി ജനിച്ചത്. 1989 ഒക്ടോബർ ഒൻപതിനു വൈദികപട്ടം സ്വീകരിച്ചു.

2009 മുതൽ 2015 വരെ ബഥനി നവജ്യോതി പ്രോവിൻസിൻ്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2021 മുതൽ ബഥനി മിശിഹാനുകരണ സന്യാ സസമൂഹത്തിന്റെ സുപ്പീരിയർ ജനറലാണ്. പരേതയായ ത്രേസ്യാമ്മ, ഫിലിപ്പ് കടവിൽ, ലോസി, അമ്മിണി, ഗ്രേസി എന്നിവർ സഹോദരങ്ങളാണ്. നിയുക്ത ബിഷപ്പിൻ്റെ റമ്പാൻപട്ട സ്വീകരണം ജനുവരി ഒൻപതിന് മൂവാറ്റുപുഴ പൂത്തൃക്ക സെൻ്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലും മെത്രാഭിഷേകം ഫെബ്രുവരി 14ന് പൂനയിലും നടക്കും.


Related Articles »