News - 2024
അമേരിക്കയിലെ അയോവ സ്റ്റേറ്റ് കാപ്പിറ്റോളിലെ സാത്താനിക പ്രദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധം
പ്രവാചകശബ്ദം 13-12-2023 - Wednesday
അയോവ: അമേരിക്കയിലെ അയോവ സംസ്ഥാനത്തിലെ സ്റ്റേറ്റ് കാപ്പിറ്റോളില്‍ സ്ഥാപിച്ചിട്ടുള്ള പൈശാചിക പ്രദര്‍ശനത്തിനെതിരെ റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍. സംസ്ഥാനത്തിന്റെ കേന്ദ്രമായ സ്ഥലത്ത് ഇത്തരമൊരു പ്രദര്‍ശനം അനുവദിക്കുന്നതിന്റെ നിയമസാധുത റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. സാത്താനിക ടെംപിള്‍ എന്ന് വിശേഷിപ്പിക്കുന്ന പൈശാചിക സംഘടനയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സാത്താന്റെ പ്രതീകമായ വെള്ളിനിറത്തില്‍ ചുവന്ന തൊപ്പിധരിച്ച് ആടിന്റെ തലയോടുകൂടിയ പൈശാചിക രൂപത്തിനു ചുറ്റും പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും മെഴുകുതിരികള്‍ കത്തിച്ചുവെച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. സാത്താനിക അടയാളമായ തലകീഴായ പെന്റാഗ്രാമും പ്രതിമയുടെ കയ്യിലുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സാത്താനിക് ടെംപിള്‍ പ്രദര്‍ശനത്തിന്റെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചതെന്നു റിപ്പബ്ലിക്കന്‍ പ്രതിനിധിയും ക്രിസ്റ്റ്യന്‍ പാസ്റ്ററും, അസിസ്റ്റന്റ് മജോരിറ്റി നേതാവുമായ ജോണ്‍ ഡണ്‍വെല്‍ വെളിപ്പെടുത്തി. ആടിന്റെ തലയോട്ടി വെക്കുവാനാണ് ആദ്യം പ്ലാനിട്ടിരുന്നതെങ്കിലും അതിനു അനുമതി ലഭിക്കാത്തതു കാരണം അത് ഉപേക്ഷിക്കുകയായിരുന്നെന്നും ഈ പ്രദര്‍ശനം തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും ഡണ്‍വെല്‍ പറഞ്ഞു. എല്ലാ കാല്‍മുട്ടുകളും യേശുക്രിസ്തുവിന്റെ മുന്‍പില്‍ നമിക്കുകയും, യേശു ക്രിസ്തു കര്‍ത്താവാണെന്ന് ഏറ്റുപറയുകയും ചെയ്യുന്ന ദിവസം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സാത്താനിക പ്രദര്‍ശനം പ്രദര്‍ശിപ്പിക്കുന്നതിനെ നിയമപരമായി നിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായണമെന്നു മറ്റൊരു റിപ്പബ്ലിക്കന്‍ പ്രതിനിധി ബ്രാഡ് ഷെര്‍മാന് പറഞ്ഞു. പൈശാചിക പ്രദര്‍ശനത്തിനെതിരേയുള്ള ജനരോഷം വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാന ഭരണഘടനയുടെ ലംഘനമാണെന്ന് പറഞ്ഞ ഷെര്‍മാന്‍ പ്രദര്‍ശനം നീക്കം ചെയ്യണമെന്നും സാത്താനിക പ്രദര്‍ശനത്തിന് പകരം പത്തു കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്നും അയോവ ഗവര്‍ണര്‍ കിം റെയ്നോള്‍ഡ്സിനോട് ആവശ്യപ്പെട്ടു. 2021-ല്‍ ഇല്ലിനോയിസിലെ സ്റ്റേറ്റ് കാപ്പിറ്റോളില്‍ പ്രദര്‍ശിപ്പിച്ച സാത്താനിക പ്രദര്‍ശനവും വിവാദമായിരുന്നു.