News - 2024
ക്രിസ്തുമസ് ഒരുക്കമായി ഉറുഗ്വേ ജയിലില്‍ കര്‍ദ്ദിനാളിന്റെ ബലിയര്‍പ്പണം
പ്രവാചകശബ്ദം 20-12-2023 - Wednesday
മോണ്ടെവിഡിയോ: യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്നതിന് ദിവസങ്ങള്‍ ശേഷിക്കേ തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലെ മോണ്ടെവിഡിയോ അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഡാനിയേല്‍ സ്റ്റുര്‍ലാ സാന്റിയാഗോ തടവുപുള്ളികള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വാക്യുസ് ജയിലിനുള്ളില്‍ തടവുപുള്ളികള്‍ തന്നെ നിര്‍മ്മിച്ച പ്രത്യേക കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അര്‍പ്പിച്ച കുര്‍ബാനയില്‍ അന്തേവാസികളായ 90 പേരും പങ്കെടുത്തു. ജയിലുകളില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പെനിറ്റെന്‍ഷ്യറി പാസ്റ്ററല്‍ അംഗങ്ങളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.
വിശുദ്ധ കുര്‍ബാന മദ്ധ്യേ ‘ക്രിസ്തുവിന്റെ വരവ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തില്‍ ക്രിസ്തുമസിനു പിന്നിലെ ആത്മീയ രഹസ്യം കര്‍ദ്ദിനാള്‍ സ്റ്റുര്‍ലാ വിവരിച്ചു. “ബെത്ലഹേമിലെ ശിശു ശക്തനായിരുന്നു. അവിടുന്ന് കുരിശില്‍ തറക്കപ്പെട്ടു. ഒരു ശിശുവിനേപ്പോലെ ചെറുതായ യേശു നമുക്ക് വേണ്ടി കുരിശുമരണം തെരഞ്ഞെടുത്തു. എന്തായിരിക്കും ദൈവത്തെ സ്പര്‍ശിച്ചിരിക്കുക? സ്നേഹം. നമ്മള്‍ എല്ലാവരും ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നുണ്ടെന്നു ഓര്‍ക്കണമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാനക്കൊടുവില്‍ തടവുപുള്ളികള്‍ നന്ദിപ്രകാശിപ്പിച്ചു.
പരിപാടിക്ക് ജയില്‍ അന്തേവാസികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു പെനിറ്റെന്‍ഷ്യറി പാസ്റ്ററല്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായ ജോസ് മരിയ റൊബൈന പറഞ്ഞു. നല്ല ആളുകളായി വളരുവാന്‍ വേണ്ടി തടവുപുള്ളികളുടെ അന്തസ്സ് വീണ്ടെടുക്കുകയെന്നതാണ് പെനിറ്റെന്‍ഷ്യറി പാസ്റ്ററല്‍ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ജീവിതസാഹചര്യങ്ങള്‍ക്കുമപ്പുറം, മെച്ചപ്പെടുവാനുള്ള വഴികള്‍ തേടുന്നവരെ തങ്ങള്‍ കാണുമെന്നും, സ്വാതന്ത്ര്യം നഷ്ടപ്പെട്ട വ്യക്തി സമൂഹത്തിനു യാതൊരു സംഭാവനയും ചെയ്യുവാന്‍ കഴിയാത്ത മാലിന്യങ്ങളാണെന്ന കാഴ്ചപ്പാട് തകര്‍ക്കുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷ്ണല്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഞ്ചു കേന്ദ്രങ്ങളിലായി എഴുപതോളം പാസ്റ്ററല്‍ പ്രതിനിധികള്‍ വര്‍ഷം മുഴുവനും കര്‍മ്മനിരതരാണ്.