News - 2024

ഇസ്ലാം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് പീഡനം നേരിട്ട സുഡാനി കുടുംബത്തിന് ക്രിസ്തുമസ് അമേരിക്കയിൽ

പ്രവാചകശബ്ദം 22-12-2023 - Friday

ഖ്വാര്‍ടോം: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെ തുടർന്ന് മതപീഡനം നേരിട്ട സുഡാൻ സ്വദേശികളായ ദമ്പതികളും അവരുടെ മക്കളും ഇത്തവണ അമേരിക്കയിൽ ക്രിസ്തുമസ് ആഘോഷിക്കും. നാദാ, ഹമൂദ ദമ്പതികളും, അവരുടെ മക്കളുമാണ് ഇത്തവണ അമേരിക്കയിൽ ക്രിസ്തുമസ് ആഘോഷത്തോടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുക. ഇസ്ലാം ഉപേക്ഷിച്ചതിനെ തുടർന്ന് സുഡാനിൽ അവർക്ക് വധഭീഷണി ഉള്‍പ്പെടെയുണ്ടായി. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന് ശേഷം ദമ്പതികളുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കുകയും വ്യഭിചാരം കുറ്റം അവർക്ക് മേൽ ചുമത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷം വരെ സുഡാനില്‍ ഉണ്ടായിരിന്നു.

ക്രൈസ്തവ സന്നദ്ധ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡമാണ് ഇരുവരെയും സുഡാനിലെ കോടതികളിൽ പ്രതിനിധീകരിച്ചത്. എന്നാൽ അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെട്ടതിനെ തുടർന്ന് ഷായി ഫണ്ടിന്റെയും, അംബാസിഡർ സർവീസസ് ഇന്റർനാഷ്ണലിന്റെയും സഹായത്തോടു കൂടി കുടുംബത്തെ അമേരിക്കയിലേക്ക് കുടിയേറുവാന്‍ സഹായിക്കുകയായിരിന്നു. സംഘടനയുടെ ആഗോള മതസ്വാതന്ത്ര്യ വിഭാഗത്തിന്റെ ഡയറക്ടർ ഓഫ് അഡ്വക്കസി പദവി വഹിക്കുന്ന കെൽസി സോർസി കുടുംബം സുരക്ഷിതരാണെന്ന് അറിഞ്ഞതില്‍ ആഹ്ളാദം രേഖപ്പെടുത്തി.

2018-ലാണ് ഹമൂദ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. 2021-ൽ നാദായും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. നാദായുടെ സഹോദരൻ ഇരുവരെയും കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയിരുന്നു. 2020 മുതൽ സുഡാനില്‍ മതം മാറുന്നത് നിയമവിധേയമായെങ്കിലും, കടുത്ത പീഡനങ്ങളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന വിശ്വാസികള്‍ നേരിടുന്നത്. ഓപ്പൺ ഡോർസ് സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ വിശ്വാസികൾ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് സുഡാന്‍. രാജ്യത്തെ ആകെ ജനസംഖ്യയുടെ 4.4 ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികൾ.


Related Articles »