News - 2025

വിശുദ്ധ നാടായ ജോര്‍ദ്ദാനിലെ സൈനികര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ഫ്രഞ്ച് പ്രസിഡന്റ്

പ്രവാചകശബ്ദം 22-12-2023 - Friday

ജോര്‍ദാന്‍: സൈനീകരുടെ ത്യാഗങ്ങള്‍ക്കുള്ള അംഗീകാരത്തിന്റെ പ്രകടനമെന്ന നിലയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വിശുദ്ധ നാടായ ജോര്‍ദ്ദാനില്‍ തമ്പടിച്ചിരിക്കുന്ന ഫ്രഞ്ച് സൈനികര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. തങ്ങളുടെ സൈനീകരുടെ പ്രത്യേകിച്ച് വിദേശങ്ങളില്‍ സേവനം ചെയ്യുന്നവരുടെ ക്ഷേമത്തോടുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രതിബദ്ധത എടുത്ത് കാട്ടുന്നതിന് വേണ്ടിയാണ് മാക്രോണ്‍ ജോര്‍ദ്ദാനിലെ ഫ്രഞ്ച് സൈനീകരെ സന്ദര്‍ശിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനം തടയുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട ഓപ്പറേഷന്‍ ചാമ്മല്‍ എന്ന അന്താരാഷ്ട്ര സൈനീക സഖ്യത്തിന്റെ ഭാഗമായി ജോര്‍ദ്ദാനില്‍ കഴിയുന്ന മുന്നൂറ്റിഅന്‍പതോളം ഫ്രഞ്ച് സൈനികര്‍ക്കൊപ്പം മാക്രോണ്‍ ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് സമയം ചെലവിടുകയായിരിന്നു. ഇവര്‍ക്കൊപ്പമാണ് മാക്രോണ്‍ ക്രിസ്തുമസ് വിരുന്ന്‍ നടത്തിയത്. അതേസമയം തീവ്രവാദം അവസാനിപ്പിക്കുന്നതിനുള്ള ഫ്രാന്‍സിന്റെ പ്രതിജ്ഞാബദ്ധതയെ എടുത്തുകാട്ടുന്നത് കൂടിയായിരുന്നു മാക്രോണിന്റെ സന്ദര്‍ശനം.

ഇറാഖിലും, സിറിയയിലും അവശേഷിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്‍ക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സൈനീകസഖ്യമായ ഓപ്പറേഷന്‍ ചാമ്മലിലെ ഫ്രഞ്ച് സൈന്യത്തിന്റെ പങ്കാളിത്തം അന്താരാഷ്ട്ര സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഫ്രാന്‍സിന്റെ പങ്ക് അടിവരയിടുന്നതാണ്. രാവിലെ മാക്രോണ്‍ ജോര്‍ദ്ദാന്‍ ഭരണാധികാരി കിംഗ് അബ്ദുള്ള രണ്ടാമനുമായി കൂടിക്കാഴ്ച നടത്തുകയും, ഗാസ മുനമ്പിലെ സാധാരണക്കാര്‍ക്ക് മാനുഷിക-വൈദ്യ സഹായങ്ങള്‍ എത്തിക്കുവാന്‍ നടത്തേണ്ട സംയുക്ത ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ചയും നടത്തിയിരിന്നു.


Related Articles »