Christian Prayer

വര്‍ഷാരംഭ പ്രാര്‍ത്ഥന

പ്രവാചകശബ്ദം 01-01-2024 - Monday

സ്നേഹ പിതാവായ ദൈവമേ, എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന കാരുണ്യവാനായ കർത്താവേ, ഈ പുതിയ വർഷത്തിന്റെ ആരംഭത്തിൽ ഞങ്ങൾ അങ്ങേ സന്നിധിയിൽ അണയുന്നു. അങ്ങയുടെ ദിവ്യസാന്നിദ്ധ്യം ഏറ്റുപറയുന്നു. അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ അനന്തകരുണയിൽ ആശ്രയിച്ചുകൊണ്ട് ഞങ്ങൾ ആരംഭിക്കുന്ന ഈ പുതുവത്സരം അനുഗ്രഹപ്രദമാക്കണമേ. ഈ ഒരു വർഷം മുഴുവനിലുമുള്ള ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും പദ്ധതികളും, ആഗ്രഹങ്ങളും താത്പര്യങ്ങളും, സന്തോഷങ്ങളും സന്താപങ്ങളും, വിജയങ്ങളും പരാജയങ്ങളും, ഞങ്ങളെത്തന്നെയും ഞങ്ങൾ അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു. അങ്ങയുടെ സ്വന്തമായി ഞങ്ങളെ കാത്തു പരിപാലിച്ചുകൊള്ളണമേ.

ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലിപുഷ്പങ്ങളെ അലങ്കരിക്കുകയും ചെയ്യുന്ന സ്നേഹസമ്പന്നനായ ദൈവമേ, ഭയവും ആകുലതയും വെടിഞ്ഞ് എന്നും എല്ലായിടത്തും അങ്ങയുടെ പരിപാലനയിൽ ആശ്രയിച്ചുകൊണ്ടു ജീവിക്കുവാനുള്ള കൃപാവരം ഞങ്ങൾക്കു നൽകണമേ. അനുനിമിഷം അവിടുത്തെ തിരുഹിതത്തിന് കീഴ്പ്പെട്ട് നന്മയിൽ വളരുന്നതിനും അങ്ങേയ്ക്കു സജീവസാക്ഷ്യം വഹിക്കുന്നതിനും ഈ വര്‍ഷം മുഴുവന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. സകലത്തിൻ്റെയും നാഥാ, എന്നേക്കും. ആമ്മേന്‍.


Related Articles »