News

യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്തുമസ് ഗാനങ്ങളുമായി കുട്ടി ഗായക സംഘങ്ങൾ ഇത്തവണയും സജീവം

പ്രവാചകശബ്ദം 02-01-2024 - Tuesday

മ്യൂണിക്ക്: ഉണ്ണിയേശുവിനെ സന്ദർശിച്ച ജ്ഞാനികളെ അനുസ്മരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് ക്രിസ്തുമസ് കരോൾ ഗാനങ്ങളുമായി യൂറോപ്യന് രാജ്യങ്ങളിൽ കുട്ടി ഗായക സംഘങ്ങൾ ഇത്തവണയും സജീവം. 'സ്റ്റാർ സിംഗേഴ്സ്' എന്ന പേരിലുള്ള സംഘം അര നൂറ്റാണ്ടോളമായി ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സജീവമാണ്. ലോകമെമ്പാടും ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുക എന്നതുകൂടി ലക്ഷ്യംവച്ചാണ് തെരുവുകളിലും ഗ്രാമങ്ങളിലും ഗാനങ്ങളുമായി ഇവർ ഇറങ്ങുന്നത്.

മധ്യകാലഘട്ടത്തിൽ ആരംഭിച്ച ഒരു പാരമ്പര്യമാണ് കരോൾ ഗാനങ്ങളുടെ ആലാപനമെന്ന് ഡൈ സ്റ്റേൺസിംഗർ എന്ന കുട്ടികളുടെ മിഷ്ണറി സംഘടനയുടെ സമ്പർക്ക വിഭാഗത്തിൻറെ ചുമതല വഹിക്കുന്ന റോബർട്ട് ബൗമാൻ സ്മരിച്ചു. ഈ സംഘടനയാണ് എല്ലാവർഷവും ജർമ്മനിയിൽ കരോൾ പരിപാടി സംഘടിപ്പിക്കാൻ നേതൃത്വം നൽകുന്നത്. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സഹായം എത്തിക്കുന്ന കിൻഡേർസ്മിഷൻസ്വേർക്ക് എന്ന കത്തോലിക്കാ സന്നദ്ധ സംഘടന 1959ലാണ് സ്റ്റേൺസിംഗറിന് ഒപ്പം കരോൾ പരിപാടി ആരംഭിക്കുന്നത്. പിന്നീട് ഫെഡറേഷൻ ഓഫ് ജർമ്മൻ കാത്തലിക് യൂത്ത് എന്ന സംഘടനയും 1961-ൽ ഇതിന്റെ ഭാഗമാവുകയായിരുന്നു.

ചിൽഡ്രൻ ഹെല്പ് ചിൽഡ്രൻ എന്നതായിരുന്നു പദ്ധതിയുടെ ആപ്തവാക്യം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏകദേശം 3 ലക്ഷത്തോളം കുട്ടികളും, യുവജനങ്ങളും ഇതിന്റെ ഭാഗമായി മാറിയതായി ബൗമാൻ പറഞ്ഞു. വിവിധ ഭവനങ്ങളിലൂടെ കടന്നുവരുന്ന കുട്ടികൾ 'ക്രിസ്റ്റസ് മാൻശനം ബെനഡികാറ്റ്' എന്ന ലത്തീൻ വാചകത്തിന്റെ ചുരുക്ക രൂപമായ C+M+B വാതിലുകളിൽ എഴുതി വെക്കും. ''ക്രിസ്തു ഈ ഭവനത്തെ അനുഗ്രഹിക്കട്ടെ'' എന്നതാണ് പ്രയോഗത്തിന്റെ അർത്ഥം. കത്തോലിക്കർ അല്ലാത്തവരിലേക്കും കത്തോലിക്കാ സഭയിലെ അംഗമായിട്ടും വിശ്വാസം പിന്തുടരാത്തവരിലേക്കും, മറ്റെല്ലാ മനുഷ്യരിലേക്കും, ക്രിസ്തുവിൻറെ സുവിശേഷവും, കൃപയും യേശുക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷവാർത്ത പ്രഘോഷിക്കുന്ന കരോൾ പാട്ടുകാർ കൊണ്ടുവരുന്നുവെന്ന് ബൗമാൻ കൂട്ടിച്ചേർത്തു.


Related Articles »