News - 2024

2024-ല്‍ 80 വയസ്സ് തികയുന്നത് 13 കര്‍ദ്ദിനാളുമാര്‍ക്ക്; കോണ്‍ക്ലേവില്‍ വോട്ടവകാശം നഷ്ട്ടമാകും

പ്രവാചകശബ്ദം 03-01-2024 - Wednesday

വത്തിക്കാൻ സിറ്റി: പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കെ വോട്ടവകാശമുള്ള കർദ്ദിനാളുമാരെ കുറിച്ചുള്ള റിപ്പോർട്ടുമായി കാത്തലിക് ന്യൂസ് ഏജൻസിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രൻസ. ഈ വർഷം 13 കർദ്ദിനാളുമാർക്കാണ് 80 വയസ്സ് തികയുന്നത്. ഇതോടെ കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള ഭാവി കോൺക്ലേവിൽ പങ്കെടുക്കാൻ ഇവർക്ക് കഴിയില്ല. 13 അംഗ കർദ്ദിനാളുമാരുടെ പട്ടികയിൽ ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും ഉൾപ്പെടുന്നു.

ഡിസംബർ 24-നാണ് കർദ്ദിനാൾ ഓസ്വാൾഡിന് 80 വയസ്സ് തികയുക. ഫ്രാൻസിസ് പാപ്പയുടെ ഉപദേശക സമിതിയായ C9 എന്ന ഒൻപതംഗ സംഘത്തിലെ അംഗവും 2007-ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിലെ അംഗവും കൂടിയായിരുന്നു അദ്ദേഹം. 2024-ൽ 80 വയസ്സ് തികയുന്ന ആദ്യത്തെ കർദ്ദിനാൾ നൈജീരിയയിലെ അബുജ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജോൺ ഒലോറുൻഫെമി ഒനായേക്കൻ ആയിരിക്കും. ജനുവരി 29നാണ് അദ്ദേഹത്തിന് 80 വയസ് തികയുക.

നിലവിൽ കർദ്ദിനാൾ സംഘത്തിൽ 132 വോട്ടവകാശമുള്ള കർദ്ദിനാളുമാരും 108 വോട്ട് അവകാശമില്ലാത്ത കർദ്ദിനാളുമാരും ഉൾപ്പെടുന്നു. 2024 അവസാനത്തോടെ - പുതിയ കർദ്ദിനാൾ നിയമനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ- വോട്ടവകാശമുള്ള കർദ്ദിനാളുമാരുടെ എണ്ണം 119 ആയി കുറയും. ഇതോടെ പെറു, പനാമ, ലാവോസ്, വെനസ്വേല, കെനിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഭാവി കോൺക്ലേവിൽ ഉണ്ടാകില്ലായെന്നും എസിഐ പ്രൻസ റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിസ് പാപ്പ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതുവരെ 70 രാജ്യങ്ങളിൽ നിന്നായി 142 പേരെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയിരുന്നു.


Related Articles »