News - 2026

വോട്ടവകാശമുള്ള കർദ്ദിനാളുമാരുടെ എണ്ണം 122 ആയി കുറഞ്ഞു

പ്രവാചകശബ്ദം 07-01-2026 - Wednesday

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണം 122 ആയി കുറഞ്ഞു. ഇറ്റലിക്കാരനും അപ്പസ്തോലിക ന്യൂൺഷ്യോയുമായ കർദ്ദിനാൾ മാരിയോ സെനാരിക്ക് ജനുവരി അഞ്ചാം തീയതി എൺപത് വയസ്സെത്തിയതിനെത്തുടർന്നാണ് വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണത്തിൽ കുറവുണ്ടായത്. നിലവിലെ കണക്കുകൾ പ്രകാരം, മൊത്തം കർദ്ദിനാൾ സംഘത്തിലെ 245 അംഗങ്ങളിൽ 123 പേർ വോട്ടവകാശമില്ലാത്തവരാണ്. കർദ്ദിനാൾ മാരിയോ സെനാരിയ്ക്ക് എൺപത് വയസ്സായതോടെ, കർദ്ദിനാൾ സംഘത്തിൽ വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണം 122 ആയി കുറഞ്ഞു.

ആകെയുള്ള 245 കർദ്ദിനാളുമാരിൽ 123 പേർ എൺപത് വയസ്സിന് മുകളിലുള്ളവരാണ്. എൺപത് വയസ്സിൽ താഴെയെങ്കിലും, കർദ്ദിനാൾ ബെച്ചു, വോട്ടവകാശമുളളവരുടെ ലിസ്റ്റിൽ ഉൾപ്പെടില്ല. പരിശുദ്ധ പിതാവിന്റെ ഉപദേശക സംഘമായും സഹകാരികളായും പ്രവർത്തിക്കാനായി പ്രത്യേകമായി തെരഞ്ഞെടുത്തവരാണ് കർദ്ദിനാളുമാർ. 1150 മുതൽ രൂപപ്പെട്ട കർദ്ദിനാൾ സംഘത്തിൽ ഒരു ഡീനും, കാമറലെങ്കോ സ്ഥാനം വഹിക്കുന്ന കര്‍ദ്ദിനാളുമുണ്ട്. റോമിന് പുറത്തുള്ളവരാണെങ്കിലും, കർദ്ദിനാളുമാർക്ക് വത്തിക്കാൻ രാജ്യത്തിലെ പൗരത്വമുണ്ട്.

ഇറ്റലിയിൽനിന്നുള്ള കർദ്ദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ റേയാണ് നിലവിൽ കർദ്ദിനാൾ സംഘത്തിന്റെ ഡീനായി സേവനമനുഷ്ഠിക്കുന്നത്. അസിസ്റ്റന്റ് ഡീൻ കർദ്ദിനാൾ ലെയൊനാർഡോ സാന്ദ്രിയാണ്. ഇപ്പോഴുള്ള കർദ്ദിനാളുമാരിൽ 41 പേർ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും, 58 പേർ ബെനഡിക്ട് പതിനാറാമൻ പാപ്പായും 146 പേർ ഫ്രാൻസിസ് പാപ്പായും തിരഞ്ഞെടുത്തവരാണ്. ഇറ്റലിയിൽനിന്നാണ് ഏറ്റവും കൂടുതൽ കർദ്ദിനാളുമാരുള്ളത്. വോട്ടവകാശമുള്ള പതിനാറുപേരുൾപ്പെടെ അൻപത് കർദ്ദിനാളുമാർ ഇറ്റലിക്കാരാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »