News

ഔദ്യോഗികം; കത്തോലിക്ക വിശ്വാസം സ്വീകരിച്ച് ഹോളിവുഡ് താരം ഷിയാ ലാബിയൂഫ്

പ്രവാചകശബ്ദം 05-01-2024 - Friday

കാലിഫോണിയ: കത്തോലിക്ക വിശ്വാസത്തിലേക്ക് പ്രവേശിക്കുകയാണെന്ന് നേരത്തെ പ്രഖ്യാപനം നടത്തിയ ഹോളിവുഡ് താരം ഷിയാ ലാബിയൂഫ് സ്ഥൈര്യലേപന കൂദാശയിലൂടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. വിനോന റോച്ചസ്റ്റർ രൂപതയുടെ മെത്രാനും 'വേർഡ് ഓൺ ഫയർ' മിനിസ്ട്രിയുടെ സ്ഥാപകനുമായ ബിഷപ്പ് റോബർട്ട് ബാരനാണ് അദ്ദേഹത്തിന് സ്ഥൈര്യലേപന കൂദാശ നൽകിയത്. കപ്പൂച്ചിൻ ഫ്രാൻസിസ്കൻസ് സന്യാസി സമൂഹത്തിന്റെ വെസ്റ്റ് അമേരിക്ക പ്രോവിൻസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം ലോകത്തെ അറിയിക്കുകയായിരിന്നു. ഇതിനുമുമ്പ് ദൈവം ഉണ്ടോ ഇല്ലയോ എന്ന് തീർച്ചയില്ലാത്ത ഒരു വ്യക്തിയായിരുന്നു താനെന്ന് ഹോളിവുഡ് താരം പറഞ്ഞിരുന്നു. കാലിഫോണിയായിലുള്ള ഓൾഡ് മിഷൻ സാന്ത ഇനേസ് ഇടവക ദേവാലയത്തിൽവെച്ചാണ് ലാബിയൂഫ് കത്തോലിക്ക സഭയിലേക്ക് കടന്നുവന്നത്.

ചിത്രത്തിന് മുന്നോടിയായി ഒരു കപ്പൂച്ചൻ സന്യാസിയായി അദേഹം പരിശീലനം നടത്തിയത് ഈ ദേവാലയത്തിൽവെച്ചായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഭാവിയിൽ താരത്തിന് ഒരു ഡീക്കനായി തീരണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹത്തിന്റെ സ്പോൺസറായിരുന്ന ബ്രദർ അലക്സാണ്ടർ റോഡിഗ്രസ് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. 'പാദ്രേ പിയോ' ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് താരത്തിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ആഗ്രഹം ഉടലെടുത്തതെന്ന് റോഡിഗ്രസ് പങ്കുവെച്ചു. ചിത്രത്തിൽ പാദ്രേ പിയോ ആയി വേഷമിട്ടത് ലാബിയൂഫായിരുന്നു. റോഡിഗ്രസ് ഒരു സന്യാസിയുടെ വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ലോസാഞ്ചലസ് അതിരൂപതയുടെ പരിധിയിൽ വരുന്ന ഇടവക ദേവാലയത്തിലായിരിന്നു ജ്ഞാനസ്നാന സ്വീകരണം. ബിഷപ്പ് റോബർട്ട് ബാരൺ മുൻപ് ഇവിടെ സഹായ മെത്രാനായി സേവനം ചെയ്തിട്ടുണ്ട്. ആ സമയത്ത് ഇരുവരും പരസ്പരം കൂടിക്കാഴ്ച നടത്തിയതായി റോഡിഗ്രസ് വെളിപ്പെടുത്തി. ഏതാനും നാളുകൾക്ക് മുൻപ് ബിഷപ്പ് റോബർട്ട് ബാരണുമായി നടത്തിയ 80 മിനിറ്റ് അഭിമുഖത്തിൽ പാദ്രേ പിയോ ചിത്രത്തിൻറെ സ്വാധീനത്താൽ താൻ കത്തോലിക്ക വിശ്വാസത്തെ സ്നേഹിക്കാൻ ആരംഭിച്ചുവെന്ന് ലാബിയൂഫ് വെളിപ്പെടുത്തൽ നടത്തിയിരിന്നു.


Related Articles »