News - 2024

“പരിശുദ്ധാത്മാവ് എന്നിലേക്ക് വന്നു, മനസ് സ്വതന്ത്രമായി”: ക്രിസ്തു വിശ്വാസത്തിലേക്ക് വന്നപ്പോള്‍ ലഭിച്ച ആനന്ദം വിവരിച്ച് ഹോളിവുഡ് താരം

പ്രവാചകശബ്ദം 19-12-2023 - Tuesday

ന്യൂയോര്‍ക്ക്: മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് “ദി വണ്ടര്‍ ഇയേഴ്സ്” എന്ന ഹിറ്റ്‌ പരിപാടിയില്‍ വിന്നി കൂപ്പറിന്റെ വേഷം കൈകാര്യം ചെയ്തുകൊണ്ട് ഹോളിവുഡില്‍ കാലുകുത്തിയ ഡാനിക്കാ മക്കെല്ലര്‍ തന്റെ ക്രിസ്തു വിശ്വാസത്തെക്കുറിച്ച് നടത്തിയ സാക്ഷ്യം ശ്രദ്ധേയമാകുന്നു. സ്റ്റേജ് കലാകാരി, അഭിനേത്രി, ഗ്രന്ഥരചയിതാവ് എന്നീ നിലകളില്‍ തിളങ്ങിയ മക്കെല്ലര്‍, ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്തു വിശ്വാസം സ്വീകരിച്ചത്. 'എ റോയല്‍ ഡേറ്റ് ഫോര്‍ ക്രിസ്മസ്' എന്ന പുതിയ സിനിമയില്‍ അഭിനയിച്ച മക്കെല്ലര്‍ സമീപകാലത്ത് ഗ്രേറ്റ് അമേരിക്കന്‍ ഫാമിലി എന്ന ചാനലിലെ ഒരു ടോക്-ഷോയില്‍വെച്ചാണ് തന്റെ ക്രിസ്തു വിശ്വാസത്തേക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്.

പരിശുദ്ധാത്മാവ് തന്നിലേക്ക് വന്നുവെന്ന് പറഞ്ഞ മക്കെല്ലര്‍ അപ്പോഴാണ് ക്രിസ്തുവില്‍ താന്‍ അതിശയകരമായ സ്വാതന്ത്ര്യം കണ്ടെത്തിയെന്നും തുറന്നു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10ന് നടിയെ സുഹൃത്തായ കാന്‍ഡസ് കാമറോണ്‍ ബുറെ ഒരു ഷോയില്‍ പങ്കെടുക്കുവാന്‍ വിളിച്ചതോടെയാണ് മക്കെല്ലറിന്റെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ പതിക്കുന്നത്. പിന്നീട് ബൈബിളിൽ നിന്നുള്ള ഒരു ഭാഗത്തെക്കുറിച്ച് , ഇൻസ്റ്റാസ്റ്റോറികളിൽ നിന്നു വായിച്ചുവെന്നും തന്നെ പള്ളിയിലേക്ക് ക്ഷണിച്ചുവെന്നും താരം വെളിപ്പെടുത്തിയിരിന്നു. മക്കെല്ലറിന്റെ ആത്മീയയാത്രയുടെ തുടക്കത്തില്‍ തന്നെ കാമറോണ്‍ ബുറെ അവള്‍ക്ക് ഒരു ബൈബിള്‍ സമ്മാനിച്ചിരിന്നു.

സുവിശേഷ സന്ദേശങ്ങള്‍ ഹൃദയത്തില്‍ പ്രവേശിച്ചതോടെ അത് അവളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിത്തീരുകയായിരിന്നു. “അതെന്നെ സ്പര്‍ശിച്ചു, എല്ലാം എന്നെ സ്പര്‍ശിച്ചു. പരിശുദ്ധാത്മാവ് എന്നിലേക്ക് ഇറങ്ങിവന്നു. എന്നെ സ്നേഹത്തിന്റേയും ബോധ്യത്തിന്റേയും ഒരു തിരമാലപോലെയാണ് അതെന്നെ സ്പര്‍ശിച്ചത്”. ക്രൈസ്തവ വിശ്വാസം ഒരുപാടു നിയന്ത്രണങ്ങളുള്ള ഒരു വിഭാഗമാണെന്നായിരിന്നു തന്റെ ധാരണ. എന്നാല്‍ ഇപ്പോള്‍ എനിക്ക് അത്ഭുതകരമായ സ്വാതന്ത്ര്യം തോന്നുന്നു. ഇത് മറ്റുള്ളവരുമായി പങ്കുവെക്കണമെന്ന് തനിക്ക് തോന്നുകയാണെന്നും താരം വെളിപ്പെടുത്തി. വിശ്വാസപരമായി തനിക്കുണ്ടായിരുന്ന എല്ലാ സംശയങ്ങളും പരിഹരിക്കാന്‍ സഹായിച്ചത് ബുറെ ആയിരുന്നുവെന്നും മക്കെല്ലര്‍ പറയുന്നു.

“ഞാന്‍ അനുഗ്രഹീതയായി... എന്റെ വിശ്വാസം പരസ്യമാക്കിയതുകണ്ട് നിങ്ങള്‍ വളരെ ധൈര്യമുള്ളവളാണെന്ന് ആളുകള്‍ എന്നോടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ വിശ്വാസം ഏറ്റ് പറയുന്നതിന് ധൈര്യം വേണ്ട..നിങ്ങള്‍ മനോഹരമായ ഒരു കാര്യം അനുഭവിക്കുമ്പോള്‍ എല്ലാവര്‍ക്കും അത് അനുഭവഭേദ്യമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കും”. തനിക്ക് ലഭിച്ച ബൈബിള്‍ ഈ വര്‍ഷം തന്നെ മുഴുവനും വായിച്ചു തീര്‍ക്കുവാനാണ്‌ പദ്ധതിയെന്നും മക്കെല്ലര്‍ പറഞ്ഞു. ‘എ റോയല്‍ ഡേറ്റ് ഫോര്‍ ക്രിസ്തുമസ്’ എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണ തിരക്കിലാണ് മക്കെല്ലര്‍ ഇപ്പോള്‍.


Related Articles »