News - 2024
ഏകീകൃത കുര്‍ബാന നടപ്പിലാക്കണം: എറണാകുളം-അങ്കമാലി അതിരൂപതയോട് സീറോ മലബാര്‍ സിനഡ് മെത്രാന്മാര്‍
പ്രവാചകശബ്ദം 15-01-2024 - Monday
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ വൈദികർക്കും സമർപ്പിതർക്കും അല്‍മായര്‍ക്കും തുറന്ന കത്തുമായി സീറോ മലബാര്‍ സിനഡ് മെത്രാന്മാര്‍. സഭയുടെ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാന എറണാകുളം-അങ്കമാലി അതിരൂപതയില്‍ 2023 ഡിസംബർ 25 മുതൽ നടപ്പിലാക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വീഡിയോസന്ദേശത്തിലൂടെ വീണ്ടും ആഹ്വാനം ചെയ്തത് മാതൃകാപരമായി നടപ്പിലാക്കണമെന്നു സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണെന്ന് മെത്രാന്‍മാര്‍ എല്ലാവരും ഒപ്പുവെച്ച കത്തില്‍ പറയുന്നു.
നമ്മുടെ പരിശുദ്ധ പിതാവു പൈതൃകമായ സ്നേഹത്തോടെ നല്‌കിയ ഈ ആഹ്വാനം കത്തോലിക്കാ വിശ്വാസികൾ എന്ന നിലയിൽ നിങ്ങളെല്ലാവരും ഹൃദയപൂർവം സ്വീകരിക്കുകയും മാതൃകാപരമായി നടപ്പിലാക്കുകയുംചെയ്യണമെന്നു ഞങ്ങൾ സ്നേഹപൂർവം അഭ്യർഥിക്കുകയാണ്. തിരുസഭയുടെ തലവനെന്നനിലയിൽ പരിശുദ്ധ പിതാവിനെ അനുസരിക്കാൻ നമുക്കു കടമയുള്ളതിനാൽ അഭിപ്രായ ഭിന്നതകൾ മറന്നു കത്തോലിക്കാസഭയുടെ കൂട്ടായ്‌മയുടെ സാക്ഷ്യം നിങ്ങൾ നല്‌കുമെന്നു പ്രത്യാശിക്കുകയാണ്.
ഈശോയുടെ തിരുഹൃദയത്തിനു നിങ്ങളെ എല്ലാവരെയും സമർപ്പിച്ചുകൊണ്ട് നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെയും മാധ്യസ്ഥ‌്യം നിങ്ങളൊടൊത്തുണ്ടായിരിക്കട്ടെയെന്നു പ്രാർത്ഥിക്കുകയാണെന്ന വാക്കുകളോടെയാണ് കത്ത് ചുരുക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ ജനുവരി 13-ാം തിയതി നടന്ന സിനഡിൽ പങ്കെടുത്ത നാല്‍പ്പത്തിയൊന്‍പത് മെത്രാന്‍മാര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സിനഡിന്റെ അഭ്യര്‍ത്ഥന ഉള്‍പ്പെടുന്ന സര്‍ക്കുലര്‍ ഞായറാഴ്ച (21/01/24) ദേവാലയങ്ങളില്‍ വായിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.