India - 2024
ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിഷിക്തനായി
പ്രവാചകശബ്ദം 21-01-2024 - Sunday
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയുടെ തൃതീയ മെത്രാനായി ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിഷിക്തനായി. കോട്ടപ്പുറം കത്തീഡ്രലിൽ നടന്ന പ്രൗഢോജ്വലമായ മെത്രാഭിഷേകച്ചടങ്ങിൽ മുഖ്യകാർമികനായ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, വിശ്വസ്‌തതയുടെ അടയാളമായ മോതിരവും വിശുദ്ധിയുടെ അടയാളമായ അംശമുടിയും നിയുക്ത മെത്രാനെ അണിയിച്ചു. തുടർന്ന് അജപാലനാധികാരത്തിൻ്റെ ചിഹ്നമായ ദണ്ഡ് നൽകി ഭദ്രാസനക്കസേരയിൽ ഇരുത്തിയതോടെ കത്തീഡ്രൽ അങ്കണത്തിൽ എത്തിയ വിശ്വാസീ സഹസ്രങ്ങൾ കരഘോഷം മുഴക്കി.
അപ്പസ്തോലിക് ന്യൂൺഷ്യോയ്ക്കും നിയുക്ത മെത്രാനും സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ പ്രവേശനകവാടത്തിൽ ഉജ്വല സ്വീകരണമാണു നൽകിയത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല വിശിഷ്ടാതിഥികളെ ഹാരമണിയിച്ചു. 51 പൊൻകുരിശുകളും 101 മുത്തുക്കുടകളും 101 മാലാഖക്കുരുന്നുകളും പരമ്പരാഗത ക്രിസ്തീയവേഷം ധരിച്ച 101 അമ്മമാരും സ്വീകരണത്തിന് അണിനിരന്നത് ആകർഷകമായി. ചാൻസലർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിലും ഫാ. ഫ്രാൻസിസ്കോ പടമാടനും നിയുക്ത ബിഷപ്പിനെ അൾത്താരയിലേക്ക് സ്വീകരിച്ചാനയിച്ചു.
ചാൻസലർ, മോൺ. അംബ്രോസ് പുത്തൻവീട്ടിലിനെ ബിഷപ്പായി വാഴിക്കണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനോടഭ്യർഥിച്ചു. തുടർന്ന് ചാൻസലർ ലത്തീൻ ഭാഷയിലുള്ള മാർപാപ്പയുടെ നിയമന ഉ ത്തരവും ഫാ. ഫ്രാൻസിസ്കോ പടമാടൻ അതിൻ്റെ മലയാള പ രിഭാഷയും വായിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. ലത്തീൻ, സീറോമലബാർ, സീറോമലങ്കര രൂപതകളിൽ നിന്നായി 28 മെത്രാന്മാർ അഭിഷേകച്ചടങ്ങിൽ പങ്കെടുത്തു.
അഭിഷേകച്ചടങ്ങുകളുടെ ആദ്യഭാഗത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ നിയുക്ത മെത്രാന്റെ ശിരസിൽ കരങ്ങൾവച്ച് പ്രാർത്ഥിച്ചു. ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലും ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യ സഹകാർമികരായി. അഭിഷിക്തനായ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. വത്തിക്കാൻ പ്രതിനിധിയും അപ്പസ്തോലിക് ന്യൂൺഷ്യോയുമായ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത വികാരി ജനറാൾ മോൺ. ആന്റണി കുരിശിങ്കൽ, സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി ഫാ. ജാക്‌ൺ വലി യപറമ്പിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.