News - 2025

ഈസ്റ്റര്‍ ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുമായി ശ്രീലങ്കൻ സഭ

പ്രവാചകശബ്ദം 23-01-2024 - Tuesday

കൊളംബോ: 2019ലെ ഈസ്റ്റർദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ട 273 പേരെയും രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ശ്രീലങ്കൻ കത്തോലിക്കാ സഭ ആരംഭിക്കും. ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് നടപടികൾ ആരംഭിക്കുന്നതെന്നു കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഇരകൾ വിശ്വാസത്തിനുവേണ്ടി ജീവൻ ത്യജിക്കുകയായിരുന്നുവെന്നു കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു.

ഒരു വ്യക്തിയുടെ ജീവത്യാഗം കഴിഞ്ഞ് 5 വർഷം പൂർത്തിയാകുമ്പോൾ മാത്രമേ നാമകരണം ആരംഭിക്കാന്‍ കഴിയൂ. അതിനാൽ, വരുന്ന ഈ വർഷം ഏപ്രിൽ 21ന് ഇരകളെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് പ്രവേശിക്കുമെന്ന് കൊളംബോ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.ദേവാലയങ്ങളില്‍ മരിച്ചവർ തങ്ങൾ വിശ്വസിച്ചതിന് വേണ്ടി ജീവൻ ബലിയർപ്പിക്കുകയായിരിന്നു. ക്രിസ്തുവിൽ വിശ്വസിച്ചതിനാലാണ് അവർ പള്ളിയിൽ വന്നത്. ഇരകൾക്ക് നീതി തേടി കഴിഞ്ഞ 5 വർഷമായി പോരാട്ടത്തിലായിരുന്നു. ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഇസ്ളാമിക തീവ്രവാദികള്‍ ചാവേർ ആക്രമണം നടത്തുകയായിരുന്നു. അന്നു നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. വര്‍ഷം അഞ്ചു കഴിഞ്ഞെങ്കിലും കേസ് ഇനിയും എവിടേയും എത്തിയിട്ടില്ല.


Related Articles »