Saturday Mirror

24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാവിനോടും ഈശോയോടുമൊപ്പം ബ്രസീലില്‍ വി. യൗസേപ്പു പിതാവ് നല്കിയ ദര്‍ശനവും സന്ദേശവും

സ്വന്തം ലേഖകന്‍ 19-03-2022 - Saturday

സാധാരണയായി പരിശുദ്ധ അമ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ പറ്റി നാം കേട്ടിട്ടുണ്ട്. അതേ സമയം വിശുദ്ധ യൗസേപ്പ് പിതാവ് പ്രത്യക്ഷപ്പെട്ട സംഭവങ്ങളെ പറ്റി അധികം നാം കേട്ടിട്ടില്ലയെന്നതും ഒരു വസ്തുതയാണ്. എന്നാല്‍ 1994 നും 1998-നും ഇടയില്‍ പലതവണയായി വിശുദ്ധ യൗസേപ്പ് പിതാവ് ബ്രസീലില്‍ പ്രത്യക്ഷപ്പെടുകയും വെളിപാടുകളും നല്‍കുകയും ചെയ്തിട്ടുണ്ട്. 22 വയസുള്ള എഡ്‌സണ്‍ ഗ്ലോബര്‍ എന്ന യുവാവിനാണ് 1994-ല്‍ തിരുകുടുംബത്തിന്റെ ദര്‍ശനം ഉണ്ടായത്. ഈ ദര്‍ശനം 1998 വരെ തുടര്‍ന്നു.

1994-ല്‍ ആദ്യ ദര്‍ശനം ലഭിച്ച എഡ്‌സണിനു തന്റെ പഠനത്തിന് ശേഷം മാനുവാസില്‍ നിന്നും ഇറ്റാപിരംഗ എന്ന സ്വന്തം സ്ഥലത്തേക്ക് മടങ്ങി വരുന്ന സമയം വരെ തിരുകുടുംബത്തിന്റെ ദര്‍ശനം തുടര്‍ന്നു കൊണ്ടിരിന്നു. റിയോയില്‍ നിന്നും 880 മൈലും സാവോ പൗളോയില്‍ നിന്നും 650 മൈലും ദൂരെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇറ്റാപിരംഗ. ഏറെ നാളത്തെ പ്രാര്‍ത്ഥനകള്‍ക്കും പഠനങ്ങളും ശേഷം 2010-ലാണ് ഇറ്റാക്കൊട്ടിയാര ബിഷപ്പ് കാരിലോ ഗ്രിറ്റി, പരിശുദ്ധ അമ്മയോടും ഉണ്ണീശോയോടും കൂടെ പ്രത്യക്ഷപ്പെട്ട വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദര്‍ശനത്തിന് അംഗീകാരം നല്കിയത്.

എഡ്‌സണ്ണിന്റെ അമ്മ മരിയ ഡോ കാര്‍മ്മോയ്ക്കും നിരവധി തവണ ദര്‍ശനം ലഭിക്കുകയുണ്ടായി. ദീര്‍ഘനാള്‍ ബിഷപ്പ് കാരിലോ ഗ്രിറ്റി ഇതു സംബന്ധിച്ച പഠനത്തിനായി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. തിരുകുടുംബത്തിന്റെ പ്രത്യക്ഷപ്പെടലിന് അംഗീകാരം നല്‍കിയ ബിഷപ്പ് കാരിലോ ഗ്രിറ്റി ഇക്കഴിഞ്ഞ ജൂണിലാണ് കാലം ചെയ്തത്.

വിശുദ്ധ യൌസേപ്പ് പിതാവും പരിശുദ്ധ മറിയവും തങ്ങളുടെ പ്രത്യക്ഷതയില്‍ നിരവധി സന്ദേശങ്ങള്‍ എഡ്‌സണ്‍ വഴി ലോകത്തിന് നല്‍കിയിട്ടുണ്ട്.

1998 മാര്‍ച്ച് ഒന്നാം തീയതിയാണ് വിശുദ്ധ യൗസേപ്പ് പിതാവ് എഡ്‌സണ്ണിനു പ്രധാന ദര്‍ശനം നല്കിയത്. തന്റെ പ്രത്യക്ഷപ്പെടലില്‍ വിശുദ്ധ യൗസേപ്പ് പിതാവ് ഇങ്ങനെ പറഞ്ഞു, "എന്റെ പ്രിയമകനും നമ്മുടെ നാഥനും കര്‍ത്താവും ദൈവവുമായവന്‍ എന്നെ അയച്ചിരിക്കുന്നത് ഇത് നിങ്ങളോട് പറയുവാനാണ്. എന്റെ മകന്റെയും അവന്റെ അമ്മയായ കന്യകാമറിയത്തിന്റെയും, വളര്‍ത്തു പിതാവായ എന്റെയും, നിര്‍മ്മല ഹൃദയങ്ങളെ വണങ്ങുന്നവര്‍ക്ക് കൃപകളും അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കും. എന്റെ നിര്‍മ്മല ഹൃദയത്തില്‍ വിശ്വസിക്കുന്നവന് പിശാചിന്റെ ഉപദ്രവം ഒരിക്കലും ഉണ്ടാകുകയില്ല. എന്റെ ദിവ്യ മാധ്യസ്ഥം വഴി ഞാന്‍ അവനെ സംരക്ഷിക്കും. ഞാന്‍ എങ്ങനെയാണോ ദൈവത്തിന്റെ ദൃഷ്ടിയില്‍ നിര്‍മ്മലനായി ഇരുന്നത്, ഇതുപോലെ തന്നെ എന്റെ നിര്‍മ്മല ഹൃദയത്തെ സ്വീകരിക്കുന്നവനും ദൈവദൃഷ്ടിയില്‍ നിര്‍മ്മലനായി ഇരിക്കും".

ആദ്യത്തെ പ്രത്യക്ഷപ്പെടലില്‍ നല്‍കിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തന്റെ നെഞ്ചോട് ചേര്‍ന്നു കിടക്കുന്ന ഉണ്ണി ഈശോയേയും കരങ്ങളില്‍ വഹിച്ചു കൊണ്ടാണ് വിശുദ്ധ യൗസേപ്പ് പിതാവ് വീണ്ടും പ്രത്യക്ഷനായത്. എന്റെ മകന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്, സ്വര്‍ഗീയ അനുഗ്രഹങ്ങളെ പ്രാപിക്കുവാന്‍ എന്റെ നിര്‍മ്മല ഹൃദയങ്ങളെ വണങ്ങുവാനാണെന്നു വിശുദ്ധ യൗസേപ്പ് പിതാവ് വീണ്ടും ആവര്‍ത്തിച്ചു.

വിശ്വാസികള്‍ ഇഹലോക വാസം വെടിയുമ്പോള്‍ താന്‍ കൂട്ടായിരിക്കുമെന്ന വാഗ്ദാനവും വിശുദ്ധ യൗസേപ്പ് പിതാവ് തന്റെ പ്രത്യക്ഷപ്പെടലില്‍ എഡ്‌സണ്ണിനോട് വെളിപ്പെടുത്തി. "വിശ്വാസികള്‍ക്ക് നല്ല അന്ത്യം ലഭിക്കുവാന്‍ ഞാന്‍ മാധ്യസ്ഥം വഹിക്കും. എന്റെ മകന്‍ എങ്ങനെയാണോ എന്റെ ഹൃദയത്തോട് അവന്റെ തല ചായിച്ച് കിടന്നുറങ്ങുന്നത്, അതു പോലെ എന്നോട് അപേക്ഷിക്കുന്നവര്‍ക്ക് മരണ സമയത്ത് ഞാന്‍ കൂട്ടായിരുന്ന് അവരെ എന്റെ നെഞ്ചോട് ചേര്‍ത്ത് സ്വര്‍ഗത്തിലേക്ക് കൊണ്ടു പോകും. എന്റെ ഭാര്യയും ദൈവമാതാവും വിശുദ്ധയുമായ കന്യകാമേരിയും സ്വര്‍ഗത്തിലേക്ക് ആത്മാക്കളെ ആനയിക്കും".

പിശാച് വന്‍ തന്ത്രങ്ങള്‍ ഒരുക്കിയ ശേഷം ആത്മാക്കളെ അവരുടെ പരിശുദ്ധി ഇല്ലായ്മ ചെയ്തു നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെ സംബന്ധിച്ചും വിശുദ്ധ യൗസേപ്പ് പിതാവ് ദര്‍ശനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. "തന്റെ മാധ്യസ്ഥം വഴി ശത്രുവിന്റെ എതിര്‍പ്പുകളെ തകര്‍ക്കുവാന്‍ കഴിയും. തീവ്രമായ പാപങ്ങള്‍ ചെയ്തു പോയവര്‍ക്കും ദൈവകൃപയിലൂടെ മോചനവും പാപത്തില്‍ നിന്നുള്ള വിടുതലും ലഭ്യമാണെന്നും യൗസേപ്പ് പിതാവ് തന്റെ പ്രത്യക്ഷപ്പെടലില്‍ വെളിപ്പെടുത്തുന്നുണ്ട്.

ദൈവപിതാവിന്റെ സ്‌നേഹവും വാത്സല്യവും എല്ലാ പാപികളേയും ചേര്‍ത്തുപിടിക്കുന്നതായും ആരും നഷ്ടപ്പെടണമെന്ന് അവിടുത്തെ പിതൃവാത്സല്യം കരുതുന്നില്ലെന്നും മാസത്തിലെ ആദ്യത്തെ ബുധനാഴ്ച തോറും തന്റെ മാധ്യസ്ഥം ആവശ്യപ്പെടുന്നവര്‍ക്ക് തന്റെ നിര്‍മ്മല ഹൃദയത്തില്‍ നിന്നും അനവധിയായ നന്മകള്‍ ലഭിക്കുമെന്നും യൗസേപ്പ് പിതാവ് എഡ്സണ്‍ വഴി ലോകത്തോട് വെളിപ്പെടുത്തി.




Related Articles »