India - 2024
ദയാവധത്തിന് അനുമതി തേടിയ കുടുംബത്തിന് പുതുജീവിതം നല്‍കാന്‍ പാലാ രൂപത
പ്രവാചകശബ്ദം 30-01-2024 - Tuesday
പാലാ: ദയാവധത്തിന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അനുമതി തേടാനൊരുങ്ങിയ കുടുംബത്തിന് ആശ്വാസ വാഗ്ദാനവുമായി പാലാ രൂപത. കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന സ്‌മിത ആൻ്റണിയും ഭർത്താവ് മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് മക്കള്‍ക്കുണ്ടായ അപൂർവരോഗബാധയെ തുടര്‍ന്നു ദയാവധത്തിന് അനുമതി തേടാനൊരുങ്ങിയത്.
വിഷയം ശ്രദ്ധയില്‍പ്പെട്ട പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ നിർദേശാനുസരണം മാർ സ്ലീവാ മെഡിസിറ്റി അധികൃതർ ഇവരുടെ ഭവനം സന്ദർശിച്ചു. സ്മിതയ്ക്കും ഭർത്താവ് മനുവിനും പ്രവൃത്തിപരിചയവും പ്രാവീണ്യവും അനുസരിച്ചുള്ള ജോലി നൽകാൻ തയാറാണെന്ന് മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അറിയിച്ചു.
ഇവരുടെ ഇളയ രണ്ടു കുട്ടികൾ അപൂർവരോഗബാധിതരാണ്. ഈ കുട്ടികൾ ക്കു നിലവിലുള്ള രോഗത്തിനു പതിവായി വേണ്ട ലാബ് പരിശോധനകളും എൻഡോക്രൈനോളജി കൺസൾട്ടേഷനും ആശുപത്രിയിൽ സൗജന്യമായി ചെയ്തു നൽകും. മറ്റ് ചികിത്സകൾ വേണ്ടത് സൗജന്യ നിരക്കിൽ ചെയ്തു നൽകുമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു. മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് ഡയറക്ടർ ഫാ. ജോസ് കീരഞ്ചിറ, കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻസ് പള്ളി വി കാരി ഫാ. ജോർജ് വെട്ടുകല്ലേൽ എന്നിവരും ഭവനസന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.
ഡൽഹിയിൽ നഴ്സുമാരായി ജോലി ചെയ്‌തിരുന്ന സ്‌മിതയും മനുവും കുട്ടികളിൽ അപൂർവരോഗം കണ്ടെത്തിയതിനെ തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. മൂന്ന് മക്കളിൽ രണ്ട് പേർക്ക് ഓട്ടിസം ബാധിച്ചു. ഓട്ടിസം ബാധിതനായ ഒരു കുട്ടിക്ക് അപൂര്‍വ രോഗമായ സോള്‍ട്ട് വേസ്റ്റിംഗ് കണ്ടിജന്‍റല്‍ അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയ എന്ന രോഗം കൂടി പിടിപ്പെട്ടതോടെ ഇവര്‍ കൊടിയ പ്രതിസന്ധിയിലാകുകയായിരിന്നു. വീടും സ്ഥലവും ഈട് വച്ച് വായ്‌പ എടുത്തും സുമനസുകളുടെ സഹായത്തോടെയുമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ, കുട്ടികളുടെ ചികിത്സയ്ക്കും ജീവിതച്ചെലവുകൾ ക്കുമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ജോലിക്കായി പല വാതിലുകൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല.