അസ്സീസ്സിയിലെ പൊവറെല്ലോയുടെ പെരുന്നാൾ ദിനമായ ഒക്ടോബർ 4-നാണ് ഈ വിശുദ്ധൻ ജനിച്ചത്. 1542-ൽ തസ്ക്കനിയിലെ മോൺടിപുൾസിയാനോയിൽ-അക്കാരണത്താലും, ഇദ്ദേഹം വിശുദ്ധ പൊവറെല്ലോയോട് ഒരു പ്രത്യേക ഭക്തി എന്നും പുലർത്തിയിരുന്നു.
1560-ലാണ് റോബർട്ട് ബെല്ലാർമിൻ Society of Jesus-ൽ ചേർന്നത്. ഈ സഭാ വിഭാഗത്തിലെ മഹാന്മാരിൽ ഒരാളായും, പാണ്ഡിത്യത്തിലും, ഭക്തിയിലും, എളിമയിലും, ലാളിത്തത്തിലും പ്രഗല്ഭനായിട്ടുമാണ് ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ നീണ്ട ജീവിതകാലത്തെ വിവിധ പ്രവർത്തനങ്ങളും നേട്ടങ്ങളും, ഒരൊറ്റ വാചകത്തിൽ ചുരുക്കി പറയാൻ സാധ്യമല്ല.
ഇദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനം സ്വഭാവിക കാഴ്ചപ്പാടിൽ തർക്ക വിഷയമായിരുന്നു എങ്കിലും, അതിന്റെ അവതരണം ശക്തിമത്തായിരുന്നു. E. Birminghausന്റെ ഭാഷയിൽ, “അതൊരു തകർപ്പൻ സംഗീത നാടക ഗാനമേളയുടെ അവസാന സ്വരരാഗത്തിന് സമാനമായിരുന്നു; അന്നത്തെ സഭയിൽ നിലനിന്നിരുന്ന അഴിമതിയെപറ്റിയുള്ള ദുഷിച്ച കഥകളെ പ്രതിധ്വനിപ്പിക്കുന്ന ഒരു രാഗം-മാതൃസഭയുടെ അഖണ്ഡതയും, പരിശുദ്ധിയും, കത്തോലിക്കാ തനിമയും പുന:സ്ഥാപിക്കുന്നതിന് മുന്നോടിയായിത്തീർന്ന ഒരു രാഗം“.
യുവാക്കളായിരുന്ന അലോഷ്യസിന്റേയും ജോൺ ബർക്ക്മാൻസിന്റേയും കുമ്പസാര പിതാവായി ഇദ്ദേഹം പ്രവർത്തിച്ചു. ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും വിശുദ്ധനായും പ്രഖ്യാപിക്കുന്നതിന് എന്തിനാണ് 300 വർഷം എടുത്തതെന്ന് ചോദിച്ചേക്കാം. ഇതിനുത്തരം പണ്ടേ ബിഷപ്പ് ഹെഫെലെ നൽകിയിട്ടുണ്ട്: "വിശുദ്ധനാക്കപ്പെട്ടില്ലങ്കിലും, കത്തോലിക്കരുടെ അത്യുന്നത ബഹുമാനത്തിന് ബല്ലാർമിൻ അർഹനായിട്ടുണ്ട്. ഇദ്ദേഹത്തെ കളങ്കപ്പെടുത്തുവാൻ ശ്രമിച്ചവർ, ഒരു സ്മാരക സ്തൂപം പണിതുയർത്തി സ്വയം അപഹാസ്യരായിത്തീരുകയാണുണ്ടായത്". അവസാനം 1923-ൽ ഇദ്ദേഹം വാഴ്ത്തപ്പെട്ടവനാക്കപ്പെട്ടു; 1930-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1931 സെപ്റ്റംബർ 17-ന് പോപ്പ് പിയൂസ് പതിനൊന്നാമൻ ഇദ്ദേഹത്തിന് 'Doctor of the church' എന്ന ബഹുമതി നൽകി.