News - 2024

വർദ്ധിച്ചുവരുന്ന വിഭജന മനഃസ്ഥിതിയില്‍ ആശങ്ക, മണിപ്പൂര്‍ ഭയപ്പെടുത്തുന്നു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതി

പ്രവാചകശബ്ദം 08-02-2024 - Thursday

ബംഗളൂരു: മണിപ്പുരിൽ നീണ്ടുനിൽക്കുന്ന ആക്രമണത്തിൽ ആളുകൾക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നുവെന്നും ഭാരതത്തില്‍ വർദ്ധിച്ചുവരുന്ന വിഭജന മനഃസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഭാരത കത്തോലിക്ക മെത്രാന്‍ സമിതി. സിബിസിഐ 36-ാം ജനറൽ ബോഡി മീറ്റിംഗിൻ്റെ സമാപനത്തിനു ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിലായിരുന്നു പരാമർശം. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ ജനുവരി 31ന് ആരംഭിച്ച ജനറൽ ബോഡി മീറ്റിംഗിൽ 170 മെത്രാന്മാർ പങ്കെടുത്തു.

വർദ്ധിച്ചുവരുന്ന വിഭജന മനഃസ്ഥിതിയും വിദ്വേഷ പ്രസംഗങ്ങളും മൗലികവാദ നീക്കങ്ങളും രാജ്യത്തിന്റെയും ഭരണഘടനയ്ക്കും സവിശേഷമായ ബഹുസ്വരതയ്ക്കും മതേതരത്വത്തിനും മേൽ ആശങ്കയുണ്ടാക്കുന്നുവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മണിപ്പുരിൽ നീണ്ടുനിൽക്കുന്ന ആക്രമണത്തിൽ ആളുകൾക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നു. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങൾ കടമ ശരിയായ വിധത്തിൽ നിർവഹിക്കുന്നില്ല.

എല്ലാ പൗരന്മാരും വോട്ടർപട്ടികയിൽ പേരു ചേർക്കുകയും ഭരണഘടനാ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നേതാക്കളെ തെരഞ്ഞെടുക്കുകയും വേണം. ദളിത് ക്രൈസ്തവരെയും മറ്റ് പിന്നാക്ക ന്യൂനപക്ഷങ്ങളെയും പട്ടികജാതിയിൽ ഉൾപ്പെടുത്തണം. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാ ശങ്ങൾ സംരക്ഷിക്കണം. ഭരണാധികാരികൾ ഭരണഘടനയുടെ ആമുഖം നൽകുന്ന ഉറപ്പുകൾ പാലിക്കണംമെന്നും സിബിസിഐ പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും നീതിയും അപകടത്തിലാണെന്നും ജനാധിപത്യം ഒരു മിഥ്യയായി മാറുകയാണെന്നും സിബിസിഐ പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഇന്നലെ 'മാറ്റേഴ്‌സ് ഇന്ത്യ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരിന്നു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കു നേരെയും വൈദികര്‍ക്കും സന്യസ്തര്‍ക്കും നേരെയും ആക്രമണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 935