News - 2025
ജെറുസലേമിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് യഹൂദ ചരിത്രകാരൻ
പ്രവാചകശബ്ദം 14-02-2024 - Wednesday
ബെര്‍ലിന്‍/ ജെറുസലേം: ജെറുസലേമിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് യഹൂദ ചരിത്രകാരനായ മൈക്കൽ വോൾഫ്സൺ. ജെറുസലേമിൽ തീവ്ര യഹൂദവാദികള്‍ ബെനഡിക്ടൈൻ മഠാധിപതിക്ക് നേരെ തുപ്പുകയും യേശുവിനെതിരെ അസഭ്യം പറയുകയും ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് ജൂഡിഷ് ആൾജെമൈൻ എന്ന പ്രതിവാര യഹൂദ പത്രത്തിൽ കുറിപ്പിലൂടെ അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്നും വിദ്വേഷം അവസാനിപ്പിക്കാൻ തയാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജെറുസലേമിൽ, യാഥാസ്ഥിതിക യഹൂദര്‍ ക്രൈസ്തവരുടെയോ മുസ്ലീങ്ങളുടെയോ മേൽ തുപ്പുകയോ അടിക്കുകയോ ചെയ്യുമ്പോൾ അവര്‍ തങ്ങളെ മാതൃക യഹൂദന്മാരായി കണക്കാക്കുന്നു. ആ യാഥാസ്ഥിതിക യഹൂദർ തോറയിലും താൽമൂദിലും പാരമ്പര്യത്തിലും മണിക്കൂറുകളോളം മുഴുകിയിരിക്കുന്നുവെങ്കിലും യഹൂദമതം വ്യക്തമായി അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമല്ല. യഹൂദരായ ഞങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി യഹൂദരോടുള്ള വിദ്വേഷത്തെക്കുറിച്ച് പരാതിപ്പെടുന്നു. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും എതിരായ യഹൂദ വിദ്വേഷവും അപലപനീയമാണ്. താന്‍ കുറ്റവാളികളുടെ പരിവര്‍ത്തനത്തിനായി പ്രാർത്ഥിക്കുകയാണെന്നും മൈക്കൽ വോൾഫ്സൺ കൂട്ടിച്ചേര്‍ത്തു.
ഈ മാസത്തിന്റെ ആദ്യവാരത്തിലാണ് ബെനഡിക്ടൻ സമൂഹത്തിന്റെ മഠാധിപതിയായ ഫാ. നിക്കോദെമോസ് ഷ്നാബെല്‍ എന്ന വൈദികനെ രണ്ട് യുവ യഹൂദ ദേശീയവാദികള്‍ ആക്രമിച്ചത്. അർമേനിയൻ യഹൂദ ക്വാർട്ടേഴ്സുകൾക്കിടയിലുള്ള അതിർത്തിയിലെ സിയോന്‍ ഗേറ്റിന് സമീപമാണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളും ഇരുപതു വയസ്സുള്ള ഒരു യഹൂദനും വൈദികനെ തുപ്പുകയും അസഭ്യ വാക്കുകളാല്‍ യേശുവിനെതിരെ ആക്രോശിക്കുകയുമായിരിന്നു. ജർമ്മൻ മാധ്യമപ്രവർത്തക നതാലി അമിരി ഈ രംഗം തത്സമയം പകർത്തിയതോടെ സംഭവം വിവാദമായി മാറിയിരിന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ യഹൂദ ദേശീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
