News - 2024

അംബികാപൂരിലെ കാർമൽ സ്‌കൂളിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയും സി. മേഴ്‌സിയുടെ അറസ്റ്റും: യാഥാർഥ്യമെന്ത്?

Voice of Nuns 17-02-2024 - Saturday

അംബികാപൂരിലെ കാർമ്മൽ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാർത്ഥിനി സ്വഭവനത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവം അത്യന്തം വേദനാജനകമാണ്. കുട്ടിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അതേസമയം, അത്തരമൊരു ദാരുണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് മുതിരാതെ എല്ലാ തെളിവുകളും അനുകൂലമായിട്ടും കുറ്റാരോപിതയായ സന്യാസിനിയെ ജാമ്യം നിഷേധിച്ച് ജയിലിൽ അടച്ചിരിക്കുന്നത് നീതിനിഷേധമാണ്.

ഛത്തീസ്ഘട്ട് സംസ്ഥാനത്തിലെ സർഗുജ ജില്ലയുടെ തലസ്ഥാനമായ അംബികാപൂരിലാണ് കാർമൽ സ്‌കൂൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ആ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ സ്‌കൂളിലെ അധ്യാപിക സി. മേഴ്‌സി ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. രണ്ടാം തവണയാണ് ഈ ഫെബ്രുവരി പതിനഞ്ചിന് സി. മേഴ്‌സിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

സംഭവം:

ഫെബ്രുവരി ആറാം തിയ്യതിയാണ് സംഭവങ്ങളുടെ ആരംഭം. അന്നേ ദിവസം രാത്രി 9. 30 ഓടെ കാർമൽ സ്‌കൂളിലെ ഒരു ആറാം ക്‌ളാസ് വിദ്യാർത്ഥിനിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. അത് സ്വന്തം കൈപ്പടയിൽ അവൾ തന്നെ എഴുതിയതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയുണ്ടായി. ആത്മഹത്യാക്കുറിപ്പിന്റെ പൂർണ്ണ രൂപം:

"ഇന്ന് എന്റെയും രണ്ടു കൂട്ടുകാരികളുടെയും ഐഡി കാർഡ് എന്റെ സ്‌കൂളിലെ സി. മേഴ്‌സി പിടിച്ചുവാങ്ങി. അവൾ ഭയങ്കര അപകടകാരിയാണെന്ന് എന്റെ കൂട്ടുകാരികൾ എന്നോട് പറഞ്ഞു. അവൾ ഐഡി കാർഡ് ഹെഡ്മിസ്ട്രസിന്റെ കയ്യിൽ കൊടുക്കുകയും, മാതാപിതാക്കളെ വിളിപ്പിക്കുകയും ചെയ്യും. ഞാൻ വല്ലാതെ പേടിച്ചുപോയി, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. എന്റെ മരണത്തിന് കാരണം സി. മേഴ്‌സി ആണ്. ഒപ്പം, ആരുഷ് (ഏഴാം ക്‌ളാസിലെ ഒരു ആൺകുട്ടി) എന്നെ തിരിച്ച് സ്നേഹിക്കുന്നുണ്ടോ എന്ന് അറിയുക എന്ന ഉദ്ദേശ്യവുമുണ്ട്. എന്റെ മരണം അവനൊരു പ്രശ്നമല്ലെങ്കിൽ, അവൻ സന്തോഷമായിരിക്കട്ടെ. എനിക്ക് സി. മേഴ്‌സിയോട് പകരം വീട്ടണം, അവൾക്ക് ജീവിച്ചിരിക്കാനുള്ള അർഹതയില്ല. Okey, thats it, Bye ...." (ഒപ്പ്, തീയതി).

നിർത്തിയതിന് ശേഷം വീണ്ടും എഴുതുന്നു:

"എന്റെ കൂട്ടുകാരികൾക്ക് ശിക്ഷ കിട്ടാതിരിക്കാൻ ദയവായി അവരെ സംരക്ഷിക്കുക".

"മമ്മയെയും പപ്പയെയും ആരുഷിനെയും കൂട്ടുകാരെയും കസിൻസിനെയും ഞാൻ സ്നേഹിക്കുന്നു. ഞാൻ സന്തോഷവതിയായിരിക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി. ദയവായി എന്റെ ശരീരം പോസ്റ്റ്‌മോർട്ടം ചെയ്യരുത്. എന്റെ സംസ്കാരത്തിന് എല്ലാ കൂട്ടുകാരെയും ആരുഷിനെയും വിളിക്കണം."

"എന്റെ അമ്മയ്ക്ക് എന്റെ എന്റെ മരണത്തിൽ പങ്കില്ല" (പിതാവിനും മുത്തച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കുന്ന കുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ "അമ്മയ്ക്ക് പങ്കില്ല" എന്ന് പ്രത്യേകമായി എഴുതിയിരിക്കുന്നത് വിചിത്രമാണ്).

സ്‌കൂളിൽനിന്ന് തിരിച്ചെത്തിയശേഷം മകൾ തനിക്ക് സുഖമില്ല എന്ന് പറയുകയും, താൻ നൽകിയ മരുന്ന് കഴിച്ച് അവൾ കിടപ്പുമുറിയിലേക്ക് പോവുകയും ചെയ്തു എന്നാണ് അവളുടെ അമ്മ പറഞ്ഞതായി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി വൈകിയും കിടപ്പുമുറിയിൽനിന്ന് പുറത്തിറങ്ങാതിരുന്നപ്പോൾ പോയി വിളിക്കുകയും, വാതിൽ തുറക്കാതിരുന്നതിനാൽ സമീപത്തുള്ള പൂജാമുറിയുടെ സമീപമുള്ള ജനലിലൂടെ നോക്കിയപ്പോൾ കെട്ടിത്തൂങ്ങിയ നിലയിൽ കാണുകയുമായിരുന്നു എന്ന് അവർ പറയുന്നു. തുടർന്ന് വാതിൽ വീട്ടുകാർ ചവിട്ടിത്തുറക്കുകയായിരുന്നു.

രാത്രി പത്തുമണിയോടെ മരണവിവരം ക്‌ളാസ് ടീച്ചറെ അറിയിച്ചിരുന്നു. അപ്പോൾ തന്നെ ക്‌ളാസ് ടീച്ചർ ഹെഡ്മിസ്ട്രസിനെയും വിവരം അറിയിച്ചു. ഉടൻ തന്നെ ഹെഡ്മിസ്ട്രസ് കുട്ടിയുടെ പിതാവിനെ വിളിച്ചുസംസാരിച്ചു. അയാൾ അപ്പോൾ വീട്ടിൽ എത്തിയിരുന്നില്ല. കുട്ടിയുടെ വീടിന് സമീപമുള്ള ഒരു സ്‌കൂൾ അധ്യാപികയെ ഉടൻ തന്നെ സംഭവ സ്ഥലത്തേയ്ക്ക് പറഞ്ഞയക്കുകയും തൂങ്ങി നിൽക്കുന്ന നിലയിൽ കുട്ടിയെ കാണുകയും ചെയ്തിരുന്നു.

മരണം നടന്നത് ഫെബ്രുവരി ആറാം തിയ്യതി രാത്രി ഒമ്പതരയോടെ ആയിരുന്നെങ്കിലും, എഫ്‌ഐആർ പ്രകാരം പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതായി പറയുന്നത് ഏഴാം തിയ്യതി ഉച്ചയ്ക്ക് ശേഷം 2. 10 നാണ്. പോലീസ് സ്ഥലത്തെത്തിയത് ഏഴാംതിയ്യതി ഉച്ചയ്ക്ക് ശേഷമാണ് എന്ന് വ്യക്തം. ഇക്കാര്യത്തിൽ വലിയ ദുരൂഹതയുണ്ട്. ഏഴാംതിയ്യതി രാവിലെ മുതൽ തന്നെ കുട്ടിയുടെ ആത്മഹത്യാ കുറിപ്പും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുകയുണ്ടായിരുന്നു. അതേത്തുടർന്ന് സ്‌കൂളിനെതിരെയുള്ള പ്രചാരണങ്ങൾ ശക്തിപ്രാപിക്കുകയും ചില തീവ്ര വർഗീയ സംഘടനാ പ്രവർത്തകർ കൂട്ടത്തോടെയെത്തി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. കുറ്റാരോപിതയായ സി. മേഴ്സിയെ ജീവനോടെ തീ കൊളുത്തി കൊല്ലുമെന്നായിരുന്നു പ്രക്ഷോഭകാരികളുടെ ഭീഷണി.

പോലീസ് കേസെടുത്തതോടൊപ്പം തന്നെ സി. മേഴ്‌സി അറസ്റ്റിലുമായി. ഹിന്ദുത്വ സംഘടനകളുടെയും ഭീഷണിയെ തുടർന്ന് ഒരാഴ്ച സ്‌കൂൾ അടച്ചിട്ടു. ഐപിസി 305 (കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക) പ്രകാരമാണ് സി. മേഴ്‌സിക്ക് എതിരെ കേസ് എടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്.

കുട്ടിയുടെ ആത്മഹത്യ കുറിപ്പിലെ ബാലിശമായ ആരോപണമല്ലാതെ മറ്റൊരു തെളിവും സിസ്റ്ററിനെതിരെ ഇല്ലാതിരുന്നിട്ടും കോടതി രണ്ടാം തവണയും ജാമ്യം നിഷേധിക്കുകയാണ് ഉണ്ടായത്. മരണപ്പെട്ട കുട്ടിക്ക് നേരിട്ട് പരിചയം പോലുമില്ലാത്ത, അവളുടെ അധ്യാപികയായിരുന്നില്ലാത്ത വ്യക്തിയാണ് കുറ്റം ആരോപിക്കപ്പെട്ട സി. മേഴ്‌സി. അവർ ചെയ്ത "തെറ്റ്" ഒരു പ്രത്യേക സാഹചര്യത്തിൽ മൂന്ന് കുട്ടികളുടെ ഐഡി കാർഡ് വാങ്ങിവച്ചു എന്നുള്ളതായിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു.

ആത്മഹത്യക്ക് മുമ്പ് സ്‌കൂളിൽ സംഭവിച്ചത്: ‍

ഫെബ്രുവരി ആറാം തിയ്യതി അവസാനത്തെ പിരീഡിൽ ക്‌ളാസിൽ കയറാതെ ആറാംക്ലാസിലെ മൂന്ന് പെൺകുട്ടികൾ തങ്ങളുടേതല്ലാത്ത ഫ്ലോറിലെ ടോയ്‌ലെറ്റിനുള്ളിൽ (മൂന്ന്, നാല് ക്‌ളാസുകളിലെ കുട്ടികൾ ഉപയോഗിക്കുന്ന ടോയ്‌ലെറ്റ്) കുറെ സമയമായി കയറി വാതിൽ അടച്ചിരിക്കുന്നതായി കണ്ട ചില കുട്ടികൾ സി. മേഴ്‌സിയെ വിവരമറിയിച്ചു. അരമണിക്കൂറോളം സമയം ഒരേ ടോയ്‌ലെറ്റിൽ ആയിരുന്നശേഷം പുറത്തിറങ്ങിയ അവരോട് സി. മേഴ്‌സി സ്വാഭാവികമായും കാര്യം ആരായുകയും, കുട്ടികളെ തിരിച്ചറിയുന്നതിനായി ഐഡി കാർഡുകൾ വാങ്ങുകയും ചെയ്തു. ശേഷം തിരികെ ക്‌ളാസിലേയ്ക്ക് പറഞ്ഞുവിട്ടു.

സ്‌കൂളിൽ ആയിരിക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ ചുമതലാബോധമുണ്ടായിരിക്കേണ്ട അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സ്വാഭാവിക നടപടി മാത്രമാണ് സി. മേഴ്സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ടോയ്‌ലെറ്റിന്റെ കോറിഡോറിലെ (അവിടെ മാത്രം സിസിടിവി സ്ഥാപിച്ചിട്ടില്ല) ദൃശ്യങ്ങൾ ഒഴികെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ ദൃശ്യങ്ങളും തെളിവുകളായി സിസിടിവിയിലുണ്ട്. സി. മേഴ്‌സി ഇടപെടുന്നതിന് മുമ്പ് തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് കുട്ടികൾ പലപ്പോഴായി നിരീക്ഷിക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. മാത്രവുമല്ല, തിരികെ ക്‌ളാസിൽ എത്തിയകുട്ടികൾ വളരെ സ്വാഭാവികമായി പരസ്പരം സംസാരിച്ചുകൊണ്ടും ഇടപഴകിക്കൊണ്ടും അവിടെ സമയം ചെലവഴിക്കുന്നതും സിസിടിവിയിൽ കാണാം.

പിന്നീടുണ്ടായത്: ‍

മരണപ്പെട്ട കുട്ടിയുടെ ഗ്രാന്റ് പേരന്റ് ആയ അഭിഭാഷകന്റെ ഇടപെടലുകൾ ഇക്കാര്യത്തിൽ വ്യക്തമാണ്. കുറ്റാരോപിതയാ സന്യാസിനിക്കുവേണ്ടി കേസ് വാദിക്കാൻ അഭിഭാഷകരാരും തയ്യാറായിരുന്നില്ല. കേസ് നിഷ്പക്ഷമായി അന്വേഷിച്ചു തുടങ്ങിയ പോലീസ് ഓഫീസർ ദിവസങ്ങൾക്കുള്ളിൽ സ്ഥലംമാറ്റപ്പെട്ടു. വാദം പൂർത്തിയായിട്ടും വിധി പറയാനുള്ള കാലതാമസം കോടതിയിൽ ഉണ്ടായി. ഇത്തരത്തിൽ, കേസിനെ കൂടുതൽ സങ്കീർണമാക്കി മാറ്റാനും, അന്വേഷണം വൈകിപ്പിക്കാനും, കൈകടത്തലുകൾ നടത്താനുമുള്ള നീക്കങ്ങൾ എല്ലായ്പ്പോഴും പ്രകടമായിരുന്നു. ഒപ്പമുണ്ടായ രാഷ്ട്രീയ ഇടപെടലുകളും വ്യാജപ്രചാരണങ്ങളും ഒരു പ്രക്ഷോഭത്തിലേക്ക് നയിച്ചു. ഒരു വർഗ്ഗീയ കലാപ സമാനമായ സാഹചര്യമായിരുന്നു അവിടെ ഉടലെടുത്തത്.

സി. മേഴ്‌സി യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന കാര്യത്തിൽ പോലീസിനും കോടതിക്കും, കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയ ആർക്കും സംശയമില്ല. എന്നാൽ, ഇത്തരമൊരു സംഭവത്തിന്റെ പേരിൽ വലിയ രാഷ്ട്രീയ - വർഗ്ഗീയ മുതലെടുപ്പുകളാണ് അവിടെ നടന്നത്. കത്തോലിക്കാ സന്യാസിനിമാരുടെ നേതൃത്വത്തിൽ മാതൃകാപരമായി നടന്നുവരുന്ന ആ സ്‌കൂളിനെതിരെ വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങൾ നടന്നു.

സംഭവത്തെക്കുറിച്ചു പുകമറ സൃഷ്ടിച്ചുകൊണ്ട് സാധാരണക്കാർക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും അവരുടെ വികാരത്തെ മുതലെടുത്ത് കലാപം സൃഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തു. കാര്യങ്ങൾ വ്യക്തമാണെങ്കിലും ഒരാഴ്ചയ്ക്ക് ശേഷവും നിരപരാധിയായ ഒരു അധ്യാപികയെ ജയിലിട്ടിരിക്കുന്നു. സി. മേഴ്‌സിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ വലിയ രാഷ്ട്രീയ സമ്മർദ്ദം പോലീസിനും കോടതിക്കും മേൽ ഉള്ളതായാണ് സംശയിക്കുന്നത്. ജാമ്യം അനുവദിക്കാൻ പാടില്ല എന്ന പോലീസിന്റെ ശക്തമായ വാദം കോടതി ഉത്തരവിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഇന്ന് കാർമൽ സ്‌കൂൾ അധികൃതരും അധ്യാപകരും കടുത്ത പരിഭ്രാന്തിയിലാണ്. തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമുണ്ടായിട്ടില്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസിലാക്കാൻ കഴിയുമെന്നിരിക്കെ, വ്യാജപ്രചാരണങ്ങൾ നടത്തി കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത് എന്നതാണ് കാരണം. ഇനിയും ഒരിക്കൽക്കൂടി ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ പരിണിതഫലം പ്രവചനാതീതമായിരിക്കും എന്ന് അവർ ഭയക്കുന്നു.

സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ഉൾപ്പെടെ വിദ്യാർത്ഥികളുടെ ശിക്ഷണ കാര്യത്തിൽ അധ്യാപകർ സവിശേഷമായ ശ്രദ്ധ പുലർത്തണമെന്ന് വിവിധ വിധികളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട് എന്നിരിക്കെ, ഇത്തരമൊരു സാഹചര്യത്തിൽ കാര്യം അന്വേഷിക്കുകയും ഐഡി കാർഡുകൾ വാങ്ങുകയും ചെയ്തു എന്നത് മാത്രം ഇപ്രകാരം ഒരു അദ്ധ്യാപിക കുറ്റക്കാരിയാകാനും ജനരോഷത്തിന് ഇരയാകാനും കാരണമായെങ്കിൽ അവരുടെ ആശങ്ക അടിസ്ഥാനരഹിതമല്ല.

ഇപ്രകാരം ക്രൈസ്തവ സ്ഥാപനങ്ങളും സമർപ്പിതരും വർഗീയ വാദികൾ നേതൃത്വം നൽകുന്ന ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാകുന്നു എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. നിസ്വാർത്ഥമായി സേവനം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള നീക്കങ്ങൾക്കെതിരെ ഭരണ സംവിധാനങ്ങളും നിയമ വ്യവസ്ഥിതിയും ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരേണ്ടിയിരിക്കുന്നു.


Related Articles »