Faith And Reason
''ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല''; ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു
പ്രവാചകശബ്ദം 17-02-2024 - Saturday
വത്തിക്കാന്‍ സിറ്റി: നോമ്പുകാലം ആരംഭിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വ്യാജ പ്രചരണം. ''ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല, ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത് '' എന്ന ആമുഖത്തോടെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് പാപ്പയുടെ വാക്കുകള്‍ അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഫേസ്ബുക്കിലും 'എക്സി'ലും (ട്വിറ്റര്‍) ഇംഗ്ലീഷില്‍ പ്രചരിച്ച പോസ്റ്റിന്റെ ഈ പ്രചാരണം പിന്നീട് മലയാളത്തിലും വൈറലായി മാറുകയായിരിന്നു. എന്നാല്‍ നോമ്പുകാലത്തോട് അനുബന്ധിച്ചോ മറ്റ് അവസരങ്ങളിലോ പാപ്പ ഇങ്ങനെ ഒരു ചിന്ത പറഞ്ഞിട്ടില്ലായെന്നതാണ് സത്യം.
ഫെബ്രുവരി 12ന് ഫേസ്ബുക്ക് ഉപയോക്താവായ മരിയ ബോർഗ് എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് ആദ്യമായി വ്യാജ ഉദ്ധരണി പങ്കുവെയ്ക്കപ്പെട്ടത്. ഇത് പതിമൂവായിരത്തില്‍ അധികം പേരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വൈകാതെ മറ്റ് അനേകം പേജുകളിലും പ്രത്യക്ഷപ്പെടുകയായിരിന്നു. പിക്ചര്‍ പോസ്റ്റുകളായും പിന്നീട് ഇത് പ്രചരിക്കപ്പെട്ടു. എന്നാല്‍ ഈ പോസ്റ്റിന്റെ പരിഭാഷ പുതിയ ആശയങ്ങളുമായി മലയാളത്തില്‍ ആരോ പങ്കുവെച്ചതോടെ ആയിരങ്ങളാണ് വ്യാജ കുറിപ്പ് വാട്സാപ്പിലും ഫേസ്ബുക്കിലും നവമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
‘മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു’ എന്ന പ്രമേയത്തിൽ ഊന്നിയുള്ള 2024-ലെ ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ, ആരോപിക്കപ്പെടുന്ന ഉദ്ധരണി അടങ്ങിയിട്ടില്ല എന്നു മാത്രമല്ല, മുന്‍ വര്‍ഷങ്ങളിലും പാപ്പ ഇപ്രകാരം പറഞ്ഞിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പ്രചരിക്കുന്ന ഉദ്ധരണി -മാര്‍പാപ്പയുടെ സന്ദേശങ്ങള്‍, അപ്പസ്തോലിക കുറിപ്പുകള്‍, ചാക്രിക ലേഖനങ്ങള്‍ എന്നിവ കൃത്യമായി പങ്കുവെയ്ക്കുന്ന വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എവിടേയും ഇല്ലായെന്നതു ഇക്കാര്യം സ്ഥിരീകരിക്കുന്നു. റാപ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ വെബ്സൈറ്റുകളും കുറിപ്പ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പലപ്പോഴും അസത്യം, സത്യത്തിന്റെ മുഖം മൂടിയണിഞ്ഞു സമൂഹത്തെ വഞ്ചിക്കുകയാണെന്നതിന്റെ തെളിവായാണ് ഈ പ്രചരണത്തെ നോക്കികാണേണ്ടത്. വിശുദ്ധ ഗ്രന്ഥത്തില്‍ പഴയ നിയമം മുതല്‍ തന്നെ നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെ കുറിച്ചു വിവരിക്കുന്നുണ്ട്. ഈശോ ഉപവസിച്ച കാര്യവും വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്.
ഏതോ വ്യക്തിയുടെ ഉള്ളില്‍ വിരിഞ്ഞ ഭാവന സൃഷ്ട്ടി മാത്രമായ കുറിപ്പിലെ വാചകങ്ങള്‍ നല്ല സന്ദേശമെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതിലെ വാചകങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയുടേ വാക്കുകളാക്കി പങ്കുവെയ്ക്കുന്നത് ഈ നോമ്പുകാലത്ത് ചെയ്യുന്ന മഹാപാതകമായി മാത്രമേ നോക്കികാണാനാകൂ. ഉപവാസത്തിന്റെയും ത്യാഗത്തിന്റെയും പ്രാധാന്യത്തെ കുറച്ചു കാണിക്കുവാന്‍ മാത്രമേ ഇത്തരം ''വ്യാജ പ്രചരണങ്ങള്‍'' കൊണ്ട് കഴിയുകയുള്ളൂവെന്ന്‍ നമ്മുക്ക് മനസിലാക്കാം.
ഉത്പത്തി പുസ്തകത്തില്‍ ആദി മാതാപിതാക്കന്മാരുടെ പാപത്തിന് കാരണമായ അനുസരണക്കേടിന് പിന്നിലെ സാത്താന്റെ കെണിയിലും ഇത്തരത്തില്‍ അപകടകരമായ തന്ത്രം ഒളിഞ്ഞിരിപ്പുണ്ടായിരിന്നുവെന്ന് പുനര്‍വിചിന്തനം ചെയ്യാം. സര്‍പ്പം സ്‌ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ''ആ വൃക്‌ഷത്തിന്‍െറ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും'', അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു. (ഉല്‍പത്തി 3 : 4-6).
- ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം, പ്രത്യേകമായി കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികത മനസിലാക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുമല്ലോ.
ഉപവാസത്തിലും ത്യാഗത്തിലും പ്രാര്‍ത്ഥനയിലും ആഴപ്പെട്ടും സത്കര്‍മ്മങ്ങള്‍ ചെയ്തും സത്യത്തിന് വേണ്ടി നിലക്കൊണ്ടും ഈ നോമ്പുകാലം ഫലദായകമാക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം.