Videos
''എന്റെ രാജ്യം ഐഹികമല്ല'' | നോമ്പുകാല ചിന്തകൾ | ഏഴാം ദിവസം
പ്രവാചകശബ്ദം 18-02-2024 - Sunday
യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല. (യോഹന്നാന്‍ 18:36).
'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഏഴാം ദിവസം
സത്യദൈവമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന ഒറ്റ കാരണത്താൽ ലോകത്തിലുടനീളം അനേകം ക്രൈസ്തവർ ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യാറുണ്ട്. ഇപ്രകാരം ക്രൈസ്തവർ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോൾ അനേകർ ചോദിക്കുന്ന ചോദ്യമാണ് ക്രിസ്‌തു രാജാധിരാജനും സർവ്വശക്തനായ ദൈവവുമാണെങ്കിൽ എന്തുകൊണ്ടാണ് വിശ്വാസത്തിന്റെ പേരിൽ ക്രിസ്ത്യാനികൾക്ക് മരിക്കേണ്ടി വരുന്നത്? അങ്ങനെയാണെങ്കിൽ ക്രിസ്‌തു സത്യമായും ജീവന്റെയും മരണത്തിന്റെയും മേൽ അധികാരമുള്ള സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജാവാണോ?.
ഈ ചോദ്യം തന്നെയാണ് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് പീലാത്തോസ് യേശുവിനോട് ചോദിച്ചത്. പീലാത്തോസ് യേശുവിനോട് ചോദിച്ചു: "നീ യഹൂദരുടെ രാജാവാണോ?" ക്രിസ്‌തുവിന്റെ രാജത്വത്തെ ചരിത്രത്തിലുടനീളം പിശാച് ഭയപ്പെട്ടിരുന്നു. നാരകീയ ശക്തികൾ ഭയന്നുവിറച്ചിരുന്ന അവിടുത്തെ രാജത്വത്തെക്കുറിച്ചു ക്രിസ്‌തു പീലാത്തോസിനു നൽകിയ മറുപടി ഇപ്രകാരമായിരുന്നു, അവിടുന്നു പറഞ്ഞു; "എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കിൽ ഞാൻ യഹൂദർക്ക് ഏൽപ്പിക്കപ്പെടാതിരിക്കാൻ എന്റെ സേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല". ഐഹികം എന്നതിന് “ഈ ലോകത്തിന്റേത്” എന്നാണർത്ഥം.
ക്രിസ്ത്യാനിയായ ഓരോ വ്യക്തിയെയും ക്രിസ്‌തു ഈ ലോകത്തിൽ നിന്നും തിരഞ്ഞെടുത്ത് അവിടുത്തെ രാജ്യത്തിൽ ചേർത്തിരിക്കുന്നു. ക്രിസ്‌തുവിന്റെ ജനനം മുതൽ ഈ രാജ്യത്തെ പിശാച് ഭയപ്പെട്ടിരുന്നു. മിശിഹായുടെ ജനനവാർത്ത അറിഞ്ഞ ഹേറോദേസു മുതൽ ഈ ഭയത്തിൽ നിന്നും ഉളവാകുന്ന ഭീരുത്വമാണ് ക്രിസ്ത്യാനികളെ ക്രൂരമായി പീഠിപ്പിക്കുന്നതിനും കൊലചെയ്യുന്നതിനും കാരണമായി തീർന്നത് അതിനാൽ അവരുടെ പ്രവർത്തികളെ നാം ഒരിക്കലും ഭയപ്പെടരുത്.
വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു:
''മിശിഹായുടെ ജനന വാര്‍ത്ത അറിഞ്ഞ ഹേറോദോസിന്റെ അടിസ്ഥാനരഹിതമായ ഭീരുത്വത്തെ നിങ്ങള്‍ വിലമതിക്കരുത്. അവന്റേത് കോപത്തിലുപരി ഭീരുത്വമാണ്. അതിനാലാണ് ഈശോയും അവരില്‍പ്പെടും എന്ന ധാരണയില്‍ അനേകം ശിശുക്കളെ വധിക്കുവാന്‍ ഇടയാക്കിയത്''.
(യോഹന്നാന്റെ സുവിശേഷം, ആഗസ്തീനോസിന്റെ ഭാഷ്യം P 1108).
പ്രിയപ്പെട്ട സഹോദരങ്ങളെ, ക്രൈസ്‌തവ വിശ്വാസത്തിനുവേണ്ടി പീഡകൾ സഹിക്കുന്ന ലോകം മുഴുവനുമുള്ള നമ്മുടെ സഹോദരങ്ങളെ സമർപ്പിച്ച് ഈ നോമ്പുകാലത്ത് നമ്മുക്ക് പ്രാർത്ഥിക്കാം. നമ്മൾ ഈ ലോകത്തു ജീവിക്കുമ്പോഴും ക്രിസ്‌തുവിനുവേണ്ടി പീഡകൾ സഹിക്കുമ്പോഴും നമ്മുക്ക് ഓർമ്മിക്കാം, നമ്മൾ ഈ ലോകത്തിന് സ്വന്തമല്ല നാം ക്രിസ്‌തുവിന്റെ ഐഹികമല്ലാത്ത രാജ്യത്തെ അംഗങ്ങളാണ്. അതിനാൽ നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ്.