News - 2024

മരിയൻ ജീവിതശൈലിയുടെ സപ്ത മുഖങ്ങൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 30

സിസ്റ്റർ റെറ്റി FCC 30-05-2024 - Thursday

നസ്രത്തിലെ ഒരു കൊച്ചു ഗ്രാമീണ കന്യക. ഒരു പാവപ്പെട്ട മരപ്പണിക്കാരന്റെ ഭാര്യ. ദൈവം രക്ഷകന്റെ മാതാവായി ഉയർത്തിയ നാരിമണി. ദൈവഹിതത്തിന് കീഴ് വഴങ്ങിയ കർത്താവിന്റെ പ്രിയപ്പെട്ട ദാസി. ദൈവവചനം ഉൾക്കൊണ്ടുകൊണ്ട് ജീവിച്ച പ്രേഷിത. ലളിത ജീവിതത്തിന്റെ ഉദാത്ത മാതൃക. പരകോടി വിശ്വാസികൾക്ക് വിശ്വാസ ജീവിതശൈലിയുടെ ഉദാത്തമായ ജീവിത മാതൃക നൽകിയ ആ ജീവിത മാർഗത്തിലേക്ക് നമുക്കും കടന്നുചെല്ലാം. പരിശുദ്ധ മറിയം നമുക്ക് നൽകുന്നത് ഒരുപിടി തത്വസംഹിതകൾ അല്ല മറിച്ച് ജീവിത മാതൃകയാണ്.

1) വചനം അനുവർത്തിച്ചിരുന്ന ജീവിതശൈലി ‍

ലൂക്കാ സുവിശേഷം എട്ടാം അധ്യായത്തിൽ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും എന്നുള്ള ഈശോയുടെ പ്രഖ്യാപനത്തിലൂടെ ഈശോ തന്റെ ശ്രോതാക്കളെ ഒരു വലിയ സത്യം പഠിപ്പിക്കുന്നതിനോടൊപ്പം തന്റെ അമ്മയുടെ ജീവിതശൈലിയിലേക്ക് ക്ഷണിക്കുക കൂടി ചെയ്യുകയാണ്. മറിയം ദൈവവചനം അനുസരിച്ച് ജീവിച്ച ഒരു വ്യക്തിയായിരുന്നുവെന്ന് സുവിശേഷങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം.

ഇത് കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ (Lk1/38) എന്നുരുവിട്ടുകൊണ്ട് ദൈവവചനത്തെ സ്വ ഹൃദയത്തിൽ ഏറ്റുവാങ്ങിയവളാണ് മറിയം. സഭാ പിതാവായ വി. ഇരണേവൂസ് പറയുന്നതുപോലെ ദൈവവചനത്തോടുള്ള അനുസരണത്താൽ അവൾ തന്റെയും മനുഷ്യവംശത്തിന്റെയും രക്ഷയ്ക്ക് കാരണമായി. ദൈവവചനങ്ങൾ കൊണ്ട് മനസ്സും ഹൃദയവും ജീവിതവും നിറച്ച മറിയത്തിലാണ് വചനം മാംസം ധരിച്ചത്.

2) വചനം പങ്കുവെച്ചിരുന്ന ജീവിതശൈലി. ‍

മറ്റേതൊരു യഹൂദ യുവതിയെയും പോലെ മറിയവും ദൈവവചനം സ്വ ജീവിതത്തിൽ ശ്രേഷ്ഠമായി കണ്ടു. സങ്കീർത്തനങ്ങളാലും ഗാനങ്ങളാലും സമയത്തും അസമയത്തും ദൈവസ്തുതി ഗീതങ്ങൾ പാടാനുള്ള അവസരം മറിയം പാഴാക്കിയിരുന്നില്ല. വചനം ഉദ്ധരിക്കുകയും സന്തോഷാതിരേകത്താൽ തന്റെ ഇളയമ്മയായ എലിസബത്തിനോടു പങ്കുവെക്കുകയും ചെയ്യുന്ന മറിയത്തെയാണ് നമുക്ക് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ കാണാൻ സാധിക്കുന്നത്. പഞ്ചഗ്രന്ഥയിൽ നിന്നും സങ്കീർത്തനങ്ങളിലും പ്രവാചകന്മാരിൽ നിന്നും ഒക്കെ അടർത്തിയെടുത്ത് സ്വന്തമായി രൂപപ്പെടുത്തിയ ഒരു സ്തോത്ര ഗീതമാണ് മറിയം തന്റെ കൃതജ്ഞത ഗീതമായി ആലപിക്കുന്നത്.

3) ദൈവവചനം ശ്രവിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന ജീവിതശൈലി ‍

തന്നെ സമീപിക്കുന്നവരെ എല്ലാം മിശിഹായിലേക്ക് നയിക്കുന്ന ഒരു ജീവിതശൈലിയായിരുന്നു മാതാവിന്റേത് അതുകൊണ്ടാണ് കാനായിൽ വെച്ച് നടന്ന വിവാഹ വിരുന്നില് പരിശുദ്ധ അമ്മ പറയുന്നത് അവൻ പറയുന്നതുപോലെ ചെയ്യുവിൻ എന്ന് (Jn2/5). ഈശോയുടെ ഹിതം അനുസരിച്ച് ജീവിക്കുവാൻ കർത്താവിന്റെ വചനങ്ങൾ നമ്മിൽ നിലനിൽക്കുമ്പോൾ മാത്രമാണല്ലോ സാധിക്കുക.

4) മറിയത്തിന്റെ ലളിത ജീവിതശൈലി ‍

പരിശുദ്ധ കന്യകാമറിയം ഒരു പാവപ്പെട്ട തൊഴിലാളി സ്ത്രീയായിരുന്നു ലളിതമായ ജീവിതശൈലി പുലർത്തിയവൾ ആയിരുന്നു. തൊഴിലും,പണവും, മരുന്നും, മറ്റാനുകൂല്യങ്ങളും യാചിക്കുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട് എന്നാൽ തന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഒരിടം തേടി മറിയവും ജോസഫും എത്രയെത്ര വാതിലുകൾ മുട്ടി. ഒടുവിൽ കാലിത്തൊഴുത്തിൽ അഭയം തേടുകയും തന്റെ കൈക്കുഞ്ഞിനെ ഒരു പഴന്തുണിയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തുകയും ചെയ്തു. തന്റെ മകൻ അന്യസ്ഥലത്ത് ജനിക്കുകയും വളരുകയും തുടർന്ന് രഹസ്യ ജീവിതം നയിക്കുകയും ഒടുവിൽ കുരിശിൽ തൂങ്ങിമരിക്കുകയും അന്യന്റെ കല്ലെറിയൽ സംസ്കരിക്കപ്പെടുകയും ചെയ്തതിന്റെ ദൃക്സാക്ഷിയായ ആ അമ്മ ലളിത ജീവിതത്തിന്റെ മഹത്തായ മാതൃകയാണ്.

5) ആത്മാവിൽ നിറഞ്ഞ സ്നേഹസേവന സമൃദ്ധമായ ജീവിതശൈലി.

മാലാഖയുടെ ദിവ്യ സന്ദേശത്തെ തുടർന്ന് ആത്മാവിൽ നിറഞ്ഞ വ്യക്തിയാണ് മറിയം' ആത്മാവിൽ നിറഞ്ഞ ഒരു വ്യക്തിയുടെ പ്രകടമായ ലക്ഷണമാണ് സ്നേഹപൂർവ്വമായ സേവനം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ മറിയം ഉടൻതന്നെ തിടുക്കത്തിൽ എലിസബത്തിനെ സന്ദർശിക്കാൻ യാത്രയാവുകയാണ്. ആത്മാവിൽ നിറഞ്ഞു വേണം സേവനത്തിനായി യാത്ര തിരിക്കാൻ അപ്പോൾ സേവനം സ്വീകരിക്കുന്നവരും പരിശുദ്ധാ രൂപയിൽ നിറയും. മറിയത്തിന്റെ അഭിവാദനം ശ്രവിച്ചപ്പോൾ എലിസബത്ത് പരിശുദ്ധാത്മാവിൽ നിറഞ്ഞു (Lk2/34-35). വിവിധ ശൂശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന സഭ സ്വീകരിക്കേണ്ട ഒരു ഉദാത്ത മാതൃകയാണ് മറിയത്തിൻ നാം ദർശിക്കുന്നത്. ആദ്യം ദൈവത്തെ കൊടുക്കുക പിന്നീട് അറിവും സമ്പത്തും മരുന്നും ഒക്കെ കൊടുക്കുക.

6) ഈശോയുടെ ആവശ്യങ്ങളിൽ ഓടിയെത്തുന്ന ഒരു ജീവിതശൈലി

വിശുദ്ധ ഗ്രന്ഥം പരിശോധിച്ചാൽ ഈശോയുടെ ജനനം മുതൽ മരണം വരെ അവിടത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് മറിയമെന്ന് നമുക്ക് കാണാൻ സാധിക്കും. രഹസ്യ ജീവിതകാലം അത്രയും ഈശോ നസ്രത്തിൽ തന്റെ മാതാപിതാക്കൾക്ക് കീഴ്പ്പെട്ട് ഒരു തച്ചനായി ജീവിക്കുകയായിരുന്നല്ലോ (Lk2/51-52). പരസ്യ ജീവിതകാലത്ത് മാത്രമാണ് മാതാവ് ഈശോയുടെ ഒപ്പം എപ്പോഴും ഉണ്ടാകാതിരുന്നത്. എന്നാൽ സുവിശേഷങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം നമുക്ക് വ്യക്തമാകും, മറിയത്തിന്റെ സഹായം ഈശോയ്ക്ക് എപ്പോഴൊക്കെ ആവശ്യമുണ്ടായിരുന്നു അപ്പോഴെല്ലാം അമ്മ അവിടുത്തേക്ക് ശക്തി പകരാനായി ഓടിയെത്തുമായിരുന്നു. മറ്റുള്ളവർ ഈശോയെ അംഗീകരിക്കുമ്പോൾ ആ അംഗീകാരത്തിന്റെ മറപിടിച്ച് അതിൽ അഭിമാനിക്കാൻ മറിയം ശ്രമിക്കുന്നില്ല എന്നാൽ മറിയത്തെ നാം ഈശോയോട് കൂടെ കണ്ടെത്തുക ഈശോയെ കാണാതെ പോയപ്പോഴും എല്ലാവരും ഈശോയെ തിരസ്കരിച്ചപ്പോഴും ഒക്കെയാണ്

7) കാൽവരിയിൽ ഓടിയെത്തുന്ന ജീവിതശൈലി

ആവശ്യം നേരത്തെ സഹായിക്കുന്ന ആളാണ് ഒരുത്തമ സുഹൃത്ത് എന്നൊരു ചൊല്ല് തന്നെയുണ്ടല്ലോ എന്നാൽ ഇതിലുപരി ഒരു അമ്മ എന്ന നിലയ്ക്ക് ഈശോയുടെ ആവശ്യങ്ങളിൽ മറിയം ഓടിയെത്തുന്നുണ്ട്. മാരകായുധങ്ങൾ ഏന്തി നിൽക്കുന്ന റോമൻ പടയാളികളും, യഹൂദ മത മേധാവികളും ഈശോയെ കുറ്റവാളി എന്നപോലെ പിടിച്ചു ബന്ധിച്ച് ശിരസ്സിൽ മുള്ളു തൊപ്പി അണിയിച്ച്, ഭാരമേറിയ കുരിശും ചുമത്തി കാൽവരിയിലേക്ക്‌ ആനയിച്ചപ്പോൾ ഈശോയുടെ ഉറ്റവരും ഉടയവരും എന്ന് വീമ്പിളക്കിയവരൊക്കെ അവിടുത്തെ ഉപേക്ഷിച്ചു പോയി. അവിടുത്തെ മൂന്നുകൊല്ലം പിന്തുടർന്ന ശിഷ്യന്മാരോ, അവിടുത്തെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയവരോ, ഓശാന പാടിയവരോ, എന്തിന് താൻ മരിച്ചവരിൽ നിന്നും ഉയർപ്പിച്ച ലാസർ പോലും അടുത്തില്ലായിരുന്നു. എന്നാൽ പരിശുദ്ധ അമ്മ കുറെ സ്ത്രീകളോടു കൂടി ഈശോയെ അനുഗമിച്ചു കാൽവരിയിൽ എത്തി.

സ്വന്തം മക്കൾ രോഗി ആവുകയോ കുറ്റവാളിയായി ജയിലിൽ ആവുകയോ അബദ്ധസഞ്ചാരം ചെയ്യുകയോ ചെയ്താൽ അവരെപുറത്താക്കുന്ന ആധുനിക മാതാപിതാക്കന്മാരുടെയും സ്നേഹിതനെ ആവശ്യങ്ങളിൽ കയ്യൊഴിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ആധുനിക സുഹൃത്തുക്കളുടെയും മുൻപിൽ കാൽവരിയിലെ അമ്മ ഒരു ചോദ്യചിഹ്നമാണ്.മറിയത്തിന് ഈശോയോടുള്ള സ്നേഹത്തിന്റെ പാരമ്യം നാം ദർശിക്കുന്നത് കാൽവരിയിൽ വെച്ചാണ്. അതുകൊണ്ടാവാം ഇതിനു പ്രതി സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തിനു മുഴുവനും വേണ്ടി ജീവിത ബലിയർപ്പിച്ച വേളയിൽ തന്റെ അമ്മയെ മാനവ മഹാ കുടുംബത്തിനും മുഴുവനും അമ്മയായി നൽകിക്കൊണ്ട് അവിടുന്ന് യോഹന്നാനെ ഏൽപ്പിച്ചത്.. സഭാ മക്കളുടെ അമ്മ സാന്ത്വനവും ആശ്വാസവുമായി ജീവിതത്തിന്റെ കാൽവരികളിൽ ഇന്നും നമ്മോടൊപ്പം ഉണ്ട്.

7) കൊട്ടും കുരവയും ഇല്ലാത്ത ജീവിതശൈലി.

മറിയത്തിന്റെ ജീവിതത്തെ ഒരു സുഗന്ധ പുഷ്പത്തോടെ ഉപമിക്കാം ആരാലും അറിയാതെ ശബ്ദ കോലാഹലം ഇല്ലാതെ പ്രശാന്തതയോടെ അത് വിടർന്നു അതിൽ നിന്നും എങ്ങും പരക്കുന്ന പരിമളം വഴി മാലോകർ അതിന്റെ അടുത്തേക്ക് ഓടിയടുക്കുന്നു. ഇതുപോലെ കൊട്ടും കുരവയും ഇല്ലാതെ നിശബ്ദയായി തനിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തുതീർത്തവളാണ് അമ്മ. തന്റെ സ്നേഹ സേവന സൗന്ദര്യം വഴി കുറച്ചുപേർക്ക് പരിമളം പങ്കുവെച്ചു കൊടുത്തു നിശബ്ദ ശാന്തമായ ആ ജീവിതത്തെ ലൂക്കാ സുവിശേഷകൻ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് "അവന്റെ അമ്മ ഇക്കാര്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ചു"(Lk2/51).

എല്ലാം അവൾ അറിഞ്ഞെന്നു ഭാവിക്കാതെ ജീവിച്ചു. അധരം കൊണ്ടും ബുദ്ധികൊണ്ടും തൂലിക കൊണ്ടും സ്വ കീർത്തിക്കുവേണ്ടി ദൈവത്തിനു വേണ്ടി ജീവിക്കുന്നവർ ഇക്കാലത്ത് ധാരാളമുണ്ട്. എന്നാൽ ഈശോയെ കുറിച്ചുള്ള കാര്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ച് ജീവിതത്തിൽ പകർത്തിയ ഒരു ജീവിതശൈലി മറിയത്തിലാണ് നാം ആദ്യമായി കണ്ടുമുട്ടുക. ഒരിക്കലും തുളുമ്പാത്ത ഒരു നിറകുടമാണ് അവൾ. ദൈവസ്നേഹത്തിന്റെ ഉറവിടവും നിറകുടവും ആണോല്ലോ ഹൃദയം. പ്രകൃതിയിൽ എങ്ങും നിറഞ്ഞു നിൽക്കുന്ന സ്വച്ഛതയും ശാന്തതയും ധ്യാനാത്മകതയും മറിയത്തിന്റെ ഹൃദയത്തിന്റെ സ്ഥായീ ഭാവമായിരുന്നു.

പരിശുദ്ധ അമ്മ സ്വർഗീയ മഹത്വത്തിൽ പ്രവേശിച്ചത് ദൈവവചനം ഉൾക്കൊണ്ടുള്ള ഒരു ലളിത ശാന്തമായ ജീവിതശൈലി സ്വീകരിച്ചുകൊണ്ടാണ്. ഈശോയെ ലോകത്തിനു മുൻപിൽ അവതരിപ്പിച്ച മറിയം നയിച്ച ഒരു ജീവിതരീതി അനുവർത്തിച്ചുകൊണ്ട് മാത്രമേ സഭയ്ക്കും സമൂഹത്തിനും ഇന്നത്തെ ലോകത്തിന്റെ മുൻപിൽ ഈശോയെ അവതരിപ്പിക്കാൻ കഴിയുകയുള്ളൂ. അതിനായി മരിയൻ ജിവിതശൈലിയുടെ സപ്ത മുഖങ്ങൾ സ്വന്തമാക്കാൻ നമുക്കു പരിശ്രമിക്കാം. സി. റെറ്റി FCC


Related Articles »