News - 2024

മറക്കരുത്; സ്വർഗ്ഗത്തിൽ നമുക്കൊരു അമ്മയുണ്ട് | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 28

സിസ്റ്റർ റെറ്റി FCC 28-05-2024 - Tuesday

അമ്മയെ കാണാൻ ദൂരങ്ങളിലേക്ക് മിഴി പായിക്കണം എന്നില്ല. സ്വന്തം അവ ബോധങ്ങളിലേക്ക് ആഴ്ന്നിറങ്ങിയാൽ മാത്രം മതി. അമ്മേ എന്ന് വിളിച്ച് കൊതി തീർന്ന ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല. എത്ര വളർന്നാലും അപകടനേരങ്ങളിൽ ഒരാളുടെ നാവിൻ തുമ്പിൽ വരുന്ന ആദ്യത്തെ വാക്ക് അമ്മ എന്നുതന്നെ. മറിയം- സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും അമ്മയാണ്. സ്വർഗ്ഗത്തിലും ഒരു അമ്മയുണ്ടെന്ന് അറിവ് മരണത്തെ പോലും ഭയമില്ലാതെ സ്വീകരിക്കാൻ നമുക്കു ധൈര്യം തരുന്നു. കൈകൾ കൂപ്പി ശിരസ്സു കുനിച്ച് പാതിയടഞ്ഞ മിഴികളോടെ അതി ലാവണ്യവും ശാലീന സൗന്ദര്യവും നിറഞ്ഞ മറിയത്തിന്റെ രൂപവും ചിത്രങ്ങളും ഒത്തിരിയേറെ ആദരവും സ്നേഹവും നമ്മുടെയൊക്കെ മനസ്സിൽ ഉണർത്തുന്നവയാണ്.

ജീവിതത്തിലുടനീളം മറിയം ക്രിസ്തുവിനെ ബലപ്പെടുത്തുന്ന ഒരു സാന്നിധ്യം ആയിരുന്നു. കുട്ടി അമ്മയോട് ചോദിച്ചു: ഞാൻ എവിടെ നിന്നാണ് വരുന്നത്? എന്നെ എവിടെ നിന്നെങ്കിലും കിട്ടിയതാണോ അമ്മയ്ക്ക്.? അമ്മ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ചുംബിച്ചുകൊണ്ടു പറഞ്ഞു :" നീ എന്റെ ഹൃദയത്തിലെ അഭിലാഷം ആയിരുന്നു". നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെ അമ്മ വിചാരമാണിത്. അമ്മ ഒരു അനിവാര്യതയാണ്. വാത്സല്യത്തിന്റെ നിലാവും മാതൃത്വത്തിന്റെ മഴവില്ലും, പുണ്യങ്ങളുടെ പുലരികളും, നന്മയുടെ നറുസുന്നങ്ങളും അമ്മയെന്ന പ്രപഞ്ചത്തിൽ ഉണ്ട്.

അമ്മയുള്ള കുട്ടിക്ക് എന്നും ശൈശവമാണ്.അമ്മയില്ലാത്ത ലോകത്തെ നരകം എന്നു വിളിക്കാം. മറ്റേത് നഷ്ടവും നമുക്ക് പരിഹരിക്കാം. പക്ഷേ അമ്മയില്ലെന്ന് നഷ്ടം ആർക്കും ഒരിക്കലും പരിഹരിക്കാൻ ആവില്ല.. "അമ്മയില്ലാത്തവർക്ക് എന്ത് വീട്,ഇല്ല വീട് ". എന്നാണ് കവി ഡി. വിനയചന്ദ്രൻ കുറിച്ചിരിക്കുന്നത്. വിലപിക്കാൻ മാത്രം അറിയുന്നവർ അല്ല അമ്മ. ഒരു സ്നേഹ വിപ്ലവം വിതറാനും കൊയ്യാനും അമ്മയ്ക്ക് നന്നായിട്ടറിയാം. കനൽ വഴികളിലൂടെ നടക്കുന്ന മക്കൾക്ക് അമ്മയല്ലാതെ ആരാണ് ആശ്വാസം. അമ്മയുടെ സ്നേഹമാണ് ആനന്ദം. അമ്മയുടെ സ്നേഹം നഷ്ടപ്പെടുന്നവരുടെ മിഴികളിൽ അശ്രുഗണങ്ങൾ നിലക്കില്ല.

കണ്ണീർ തുടയ്ക്കാൻ അമ്മയില്ലാതെ വരുമ്പോഴാണ് കാലം കലികാലം ആകുന്നത്. അമ്മയെ കുറിച്ച് ഓർക്കുമ്പോൾ വാചാലനാകുന്ന വൈദികനാണ് ഫാ. ഷാജി തുമ്പേച്ചിറയിൽ. ആരാണ് അമ്മ എന്ന ചോദ്യത്തിന് അച്ഛന് പറയാൻ ഒരുപാട് വിശേഷണങ്ങളുണ്ട്. ഇഴ പിരിച്ച് അകറ്റാൻ ആവാത്ത സ്വർണ്ണ നൂലാണ് അമ്മ. കർഷകന്റെ സ്വപ്നങ്ങൾക്കപ്പുറം മുറ്റത്ത് പൊലിക്കുന്ന പുന്നെല്ലൂ പോലെയാണെന്ന് അമ്മ. നാഴി കൊണ്ട് അളക്കാൻ ചെല്ലുമ്പോൾ ചങ്ങഴിയോളം.. ചങ്ങഴി കൊണ്ട് ചെന്നാലോ. പറയോളം. പറ കൊണ്ട് ചെന്നാൽ കൊട്ടയോളം പൊലിക്കുന്ന പൂനെല്ലാണ് അമ്മ. കൂടൊഴിഞ്ഞ പ്രാർത്ഥനയോടെ കൂടാരം ആണെമ്മ. ഇത്രയും ചൈതന്യവും ചന്തവും എല്ലാം ഒരു സാധാരണ അമ്മയ്ക്ക് ഉണ്ടെങ്കിൽ ഇതിലും എത്രയോ മടങ്ങ് സൗന്ദര്യവും കൃപകളും പരിശുദ്ധ അമ്മയ്ക്ക് ഉണ്ടാകും.

വർണ്ണിക്കാനാവാത്ത മുഴുവൻ വിശേഷങ്ങളും ഇടപാകിയിരിക്കുന്ന ദൈവം മാതാവാണ് പരിശുദ്ധ കന്യകാമറിയം. അമ്മയെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ നമ്മുടെ ജീവിതം ധന്യമാകും. ജന്മം നൽകിയതു വഴിമാത്രം ഇന്നോളം ആരും യഥാർത്ഥ അമ്മയായിട്ടില്ല. ജന്മം നൽകിയത് കൊണ്ട് മാത്രമല്ല മറിയം അമ്മയാകുന്നത് മറിച്ച് കർമ്മം കൊണ്ടാണ്.ക്രിസ്തുവിന്റെ മുറിവുകൾ നല്ലൊരു അനുപാതത്തിൽ സ്വന്തം നെഞ്ചിലേറ്റു വാങ്ങിയതുകൊണ്ട് ക്രിസ്തുപോയ പീഡന വഴികളിലൂടെ എല്ലാം സ്വയം നടന്നു കൊണ്ട്, എങ്ങും എത്താത്ത അവന്റെ യാത്രയിൽ സ്നേഹത്തിന്റെ വഴി ചോറ് പൊതിഞ്ഞുകെട്ടി നൽകിയത് കൊണ്ട് അവൾ അവന്റെ അമ്മയായി മാറി.

നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി പുത്രന്റെ നിയോഗങ്ങൾക്ക് കരുത്ത് നൽകി അമ്മ കൂട്ടായി കൂടെയുണ്ടായിരുന്നു അവസാനത്തോളം. തീവ്രമായ സ്നേഹത്തിന്റെ രണ്ട് വ്യത്യസ്തമായ ഭാവങ്ങൾ അമ്മയിൽ ഇഴ ചേർന്ന് കിടക്കുന്നുണ്ട്. ഒന്ന് വെണ്ണ പോലെ മൃദുലവും മറ്റേത് വജ്രം പോലെ ദൃഢവും.അമ്മയുടെ സ്നേഹം തന്നെയാണ് വാത്സല്യമായും കരുത്തായും പുറത്തുവരുന്നത്.

വീട്ടിലെ പ്രശ്നങ്ങൾക്കിടയിൽ അതിജീവനത്തിനുള്ള പോരാട്ടങ്ങൾക്ക് ഇടയിൽ സ്വന്തം ജീവനെ തന്നെ അപകടപ്പെടുത്തിക്കൊണ്ട് അമ്മ ചില സംരക്ഷണ കവചങ്ങൾ കുടുംബത്തിനുവേണ്ടി തീർക്കുന്നുണ്ട്. മദ്യപിച്ചും വീട്ടുകാര്യങ്ങളിൽ നിസ്സംഗരായും ജീവിക്കുന്ന അപ്പന്മാരുടെ വീടുകളിൽ അപ്പന്റെ റോൾ കൂടിയെടുത്ത് കഠിനമായി പണിയെടുക്കുന്ന അമ്മമാർ. അല്ലെങ്കിൽ ചില അപ്രതീക്ഷിത ദുരന്തങ്ങളിൽ അപ്പൻ പോലും പതറി നിന്നപ്പോൾ പിടിച്ചുനിന്നത് അമ്മയായിരിക്കും.

അമ്മ എന്നാൽ 'കാറ്റിനെ ഒക്കത്തിരുത്തി ചിരിക്കുന്ന പൂമരം എന്ന് 'സുനിൽ ജോസ് തന്റെ വരികളിൽ പറയുന്നു. ക്രിസ്തുവിന്റെ അമ്മയാണ് സ്ത്രീകളിൽ ഏറ്റവും അനുഗ്രഹീത മാത്രമല്ല അവൾ ഏറ്റവും കരുത്തുള്ള അമ്മയുമാണ് അവൾ മാതൃത്വത്തിന്റെ പൂർണ്ണത. തീർച്ചയായും അവൾ ജ്ഞാനത്തിലും പ്രായത്തിലും വളർന്നുവന്ന ക്രിസ്തുവിന്റെ ജീവിതത്തിൽ ധൈര്യം പകർന്ന സാന്നിധ്യം ആയിരുന്നു. അമ്മയുടെ സ്നേഹത്തിന്റെ തണലിൽ നിന്ന് വിട്ടു പിരിയാൻ ആവാതെ കുഴങ്ങുന്ന ക്രിസ്തുവിനെ നിന്റെ സമയമായി എന്ന് പറഞ്ഞ് യാത്രയാക്കി വിട്ടിട്ട് ഹൃദയഭാരത്തോടെ ഒറ്റയ്ക്ക് വീടിനകത്തേക്ക് പിന്തിരിഞ്ഞു നടക്കുന്ന മറിയത്തെ ജീസസ് എന്ന ചലച്ചിത്രം അവതരിപ്പിക്കുന്നുണ്ട്. മകന്റെ വഴി ശരിയാണെന്ന് തിരിച്ചറിവുള്ള അവൾ ഒരിക്കൽ പോലും മകനെ തടയുന്നില്ല. മാത്രമല്ല അവൻ പറയുന്നത് നിങ്ങൾ ചെയ്യുവാൻ എന്നുപോലും പറയുന്നു അത്രയും അവൾ അവനെ വിശ്വസിക്കുന്നുണ്ട്.

ഒരമ്മയ്ക്ക് താങ്ങാവുന്ന അനുഭവങ്ങളിലൂടെ അല്ല അവൾ കടന്നു പോയത് എന്നിട്ടും അവൾ പിടിച്ചു നിൽക്കുന്നു നമുക്ക് കരുത്തായി. അമ്മ എന്ന് വിളിച്ചു തീരാത്ത ഒരു കുഞ്ഞ് എല്ലാവരുടെയും മനസ്സിൽ ഉണ്ട്. നന്മയിലേക്ക് നമ്മെ നയിക്കുന്ന,നമ്മുടെ പ്രതിസന്ധികളിൽ നമുക്ക് കരുത്തായി കൂടെ നിൽക്കുന്ന, എല്ലാവിധത്തിലും നമ്മെ സഹായിക്കുന്ന, ഒരമ്മ എനിക്കും നിനക്കും ഉണ്ട് ആ അമ്മയുടെ കൈപിടിച്ച് നമുക്ക് മുന്നേറാം.

'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »