News
യുക്രൈനിലെ ദുരിതബാധിതരായ 1.6 ദശലക്ഷം ജനങ്ങള്‍ക്ക് സഹായമെത്തിച്ച് കത്തോലിക്ക സന്നദ്ധ സംഘടന
പ്രവാചകശബ്ദം 22-02-2024 - Thursday
കീവ്: റഷ്യ യുക്രൈന് മേലുള്ള അധിനിവേശം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും കുടിയൊഴിപ്പിക്കപ്പെട്ട ജനത്തിനും ദുരിതമനുഭവിക്കുന്നവർക്കും ഭൗതീകവും ആത്മീയവുമായ സഹായം എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ തുടര്‍ന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. $22 മില്യൺ സമാഹരിച്ച സംഘടന 7.7 മില്യൺ പൗണ്ടിന്റെ സാധനങ്ങൾ യുദ്ധത്തിൻ്റെ ഇരകൾക്ക് വിതരണം ചെയ്തു. അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്ക് ഉള്ളില്‍ തന്നെ തങ്ങളുടെ പദ്ധതികൾ നൈറ്റ്സ് ഓഫ് കൊളംബസ് ആരംഭിച്ചിരിന്നു.
യുദ്ധത്തെ തുടര്‍ന്നു രാജ്യത്തെ നിരവധി വിധവകളും അനാഥരുമാണ് ഏറ്റവും കഷ്ട്ടതയനുഭവിക്കുന്നതെന്നും ഇപ്പോൾ, ആവശ്യം എന്നത്തേയും പോലെ വലുതാണെന്നും കിഴക്കൻ യൂറോപ്പിലെ നൈറ്റ്‌സ് ഓഫ് കൊളംബസിൻ്റെ ഹെഡ് റിലീഫ് സംഘാടകരിലൊരാളായ സിമോൺ സിസെക് പറഞ്ഞു. ഇതുവരെ, രാജ്യത്തുടനീളമുള്ള 1.6 ദശലക്ഷം യുദ്ധബാധിതരെ ഭക്ഷണം, മരുന്ന്, പാർപ്പിട സഹായം, മറ്റ് ആവശ്യങ്ങൾ എന്നിവയിൽ സഹായിക്കാൻ നൈറ്റ്സ് ഓഫ് കൊളംബസിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും വികലാംഗരെയും പ്രായമായവരെയും സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ശ്രദ്ധ. യുദ്ധത്തിനു ഇരയായവർ "ക്രിസ്തുവിൻ്റെ കഷ്ടത അനുഭവിക്കുന്ന ശരീരം" ആണെന്നും സിമോൺ സിസെക് കൂട്ടിച്ചേര്‍ത്തു.
Knights of Columbus give MATERIAL & SPIRITUAL support to displaced people. That’s why @KofC organize across rosary prayers asking for Mary’s intercession for peace & return of millions of displaced people to their homes. Nothing can break us if faith is in our hearts. Read pic.twitter.com/N4WR2kMxlh
— Szymon Czyszek (@SCzyszek) November 29, 2023
രാജ്യത്തിൻ്റെ സാംസ്കാരികവും വിശ്വാസപരവുമായ പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ യുക്രേനിയൻ പള്ളികളും റഷ്യൻ ആക്രമണങ്ങളുടെ ഫലമായി തകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തു ഇതിനകം നൂറിലധികം പള്ളികൾ ആക്രമിക്കപ്പെട്ടു. രാജ്യത്തു പള്ളികൾ വെറും കലാരൂപങ്ങൾ പോലെയല്ല, മറിച്ച് സമൂഹത്തിൻ്റെ കേന്ദ്രമായിരിന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സന്നദ്ധ സഹായത്തിന് പുറമെ പ്രാര്‍ത്ഥനായജ്ഞവും സംഘടന നടത്തുന്നുണ്ട്. 1882-ല്‍ ന്യൂ ഹെവനിലെ കണക്ടിക്കട്ടില്‍ ഫാ. മിഖായേല്‍ മക്ജിവ്നിയാല്‍ സ്ഥാപിക്കപ്പെട്ട ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ല്‍ ഇന്ന് ലോകവ്യാപകമായി 19 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ആഗോളതലത്തില്‍ 9 രാഷ്ട്രങ്ങളിലായി 16,000-ത്തോളം കൗണ്‍സിലുകളാണ് സംഘടനയുടേതായി പ്രവര്‍ത്തിക്കുന്നത്.
➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക