India - 2024

പീഡാനുഭവവാര അവധിദിനങ്ങൾ സംരക്ഷിക്കണം: സീറോ മലബാർ സഭ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി

പ്രവാചകശബ്ദം 24-02-2024 - Saturday

കാക്കനാട്: ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം ആചരിക്കുന്ന മാർച്ച് 24 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ പ്രധാന ദിനങ്ങളിലെ അവധിദിനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ സഭ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. ഓശാന ഞായർ (24/03/2024), പെസഹാ വ്യാഴം (28/03/2024), ദുഃഖവെള്ളി (29/03/2024), ഈസ്റ്റർ (31/03/2024) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്.

ആ ദിവസങ്ങളിൽ ക്രൈസ്തവർ പള്ളികളിലും മറ്റു തീർത്ഥാടനകേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകർമ്മങ്ങളിൽ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്ന അവസരങ്ങളാണ്. ഈ വർഷത്തെ പൊതുഅവധികളുടെ പട്ടികയിൽ ഇവ ഉൾപെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികവർഷം അവസാനിക്കുന്നത് പ്രമാണിച്ച് പ്രസ്തുത അവധികൾ നിഷേധിക്കുന്ന നടപടികൾ ഉണ്ടായേക്കുമെന്ന ആശങ്ക ക്രൈസ്തവ സമൂഹത്തിൽ ഉയരുന്നുണ്ടെന്ന് സീറോമലബാർ സഭ ചൂണ്ടിക്കാട്ടി.

മുൻ വർഷങ്ങളിലെ ദുരനുഭവങ്ങൾ ഈ ആശങ്ക ബലപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തികവർഷ സമാപനം പ്രമാണിച്ച് വിവിധ സർക്കാർ വകുപ്പുകളിലും, ട്രഷറി, ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളിലും പൊതുഅവധികൾ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നും തീർത്തും ഒഴിവാക്കാൻ വയ്യാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ ക്രിസ്ത്യൻ മതവിശ്വാസികളായ ഉദ്യോഗസ്ഥർക്ക് പൂർണമായ ഒഴിവ് നൽകിക്കൊണ്ട് മാത്രമേ അത്തരം ഉത്തരവുകൾ/സർക്കുലറുകൾ പുറപ്പെടുവിക്കാവൂ എന്നും ആവശ്യപ്പെട്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരിക്കുന്നത്.

More Archives >>

Page 1 of 573