News

പാക്ക് ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കണം; പോലീസ് മേധാവിയുമായി ക്രൈസ്തവ സംഘം കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 25-08-2026 - Tuesday

മുള്‍ട്ടാന്‍: തെക്കൻ പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കുവാന്‍ ഇടപെടല്‍ തേടി ക്രൈസ്തവ പ്രതിനിധി സംഘം മുൾട്ടാനിലെ റീജിയണൽ പോലീസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തി. മുൾട്ടാനിലെ കത്തോലിക്ക രൂപതയുടെ ബിഷപ്പ് യൂസഫ് സോഹന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് മുൾട്ടാനിലെ റീജിയണൽ പോലീസ് ഓഫീസറായ ഉസ്മാൻ അക്രം ഗോണ്ടലുമായി ചർച്ച നടത്തിയത്.

ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള സുരക്ഷാ ഭീഷണികൾ, ആക്രമണം, വ്യാജ ദൈവദൂഷണ പരാതികള്‍, ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സംഘം ആശങ്ക പ്രകടിപ്പിച്ചു. ക്രൈസ്തവരായ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങളും മറ്റും ഉദാഹരണം സഹിതം പോലീസ് തലവന്റെ മുന്നില്‍ സംഘം ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം, തുല്യാവകാശങ്ങൾ, വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദ്ദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി തെക്കൻ പഞ്ചാബിലെ ക്രൈസ്തവ നേതാക്കളും സർക്കാർ അധികൃതരും തമ്മിൽ തുടരുന്ന സഹകരണ ചര്‍ച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച.

മുൾട്ടാൻ കത്തോലിക്ക രൂപതയുടെ വികാരി ജനറൽ ഫാ. ഡാനിയൽ താജ്, 'ചർച്ച് ഓഫ് പാകിസ്ഥാൻ' അധ്യക്ഷന്‍ റോഡറിക് ലിയോ പോൾ, കാരിത്താസ് മുൾട്ടാൻ ഡയറക്ടർ സാമുവൽ ക്ലെമന്റ്, നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് കോർഡിനേറ്റർ ആബിദ് പോൾ, മുൾട്ടാനിലെ ഡൊമിനിക്കൻ ജസ്റ്റിസ് ആൻഡ് പീസ് കമ്മീഷൻ അംഗം ഹൈസിന്ത് പീറ്റർ എന്നിവർ ഉള്‍പ്പെടുന്ന സംഘം ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും വിവേചനങ്ങളും അടിസ്ഥാനമാക്കി 'ഓപ്പൺ ഡോഴ്സ്' അന്താരാഷ്ട്ര സംഘടന പുറത്തുവിടുന്ന വാർഷിക റിപ്പോർട്ടായ വേൾഡ് വാച്ച് ലിസ്റ്റില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനം, വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഇസ്ലാം മത അവഹേളനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ചുള്ള കേസുകള്‍, ഭീഷണികള്‍ എന്നിവ മൂലം രാജ്യത്തെ ക്രൈസ്തവര്‍ വലിയ തലത്തിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »