News - 2026

സമാധാന ദൗത്യവുമായി വത്തിക്കാന്‍ പ്രതിനിധി റഷ്യയില്‍

പ്രവാചകശബ്ദം 25-08-2026 - Tuesday

മോസ്കോ: റഷ്യ - യുക്രൈൻ യുദ്ധം അവസാനമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ വത്തിക്കാൻ നയതന്ത്രജ്ഞനും വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗത്തിന്റെ തലവനുമായ ആർച്ച് ബിഷപ്പ് പോള്‍ ഗല്ലാഘര്‍ റഷ്യന്‍ സന്ദര്‍ശനം തുടങ്ങി. സമാധാനവും സംവാദങ്ങളും പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള യാത്രയുടെ ഭാഗമായി രാജ്യത്തെ ഭരണകൂട പ്രതിനിധികളുമായും ഓർത്തഡോക്സ് സഭാനേതൃത്വങ്ങളുമായും, രാജ്യത്തെ കത്തോലിക്കാസമൂഹവുമായും ആര്‍ച്ച് ബിഷപ്പ് കൂടിക്കാഴ്ചകൾ നടത്തും.

നയതന്ത്രപരമായ ചർച്ചകൾക്കൊപ്പം സഭാപരവും എക്യൂമെനിക്കൽ സ്വഭാവമുള്ളതുമായ വിവിധ കൂടിക്കാഴ്ചകളും യാത്രയുടെ ലക്ഷ്യമാണ്. ഇന്നു ആഗസ്റ്റ് 25 ചൊവ്വാഴ്ച വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന്, മോസ്കോ പാത്രിയാർക്കേറ്റിന്റെ ബാഹ്യ സഭാബന്ധങ്ങൾക്കായുള്ള വകുപ്പിന്റെ തലവനായ വോലോകോലാംസ്കിലെ മെത്രാപ്പോലീത്ത ആന്റണിയുമായി ആര്‍ച്ച് ബിഷപ്പ് കൂടിക്കാഴ്ച നടത്തും. റഷ്യയിലെ ചെറിയ കത്തോലിക്കാസമൂഹവുമായും വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിക്കാഴ്ച നടത്തും.

രാജ്യത്തെ കത്തോലിക്കാ മെത്രാന്മാരും, സമർപ്പിതസമൂഹവുമായുള്ള കൂടിക്കാഴ്ചകളും വിശുദ്ധ ബലിയർപ്പണവും ഈ യാത്രയുടെ ഭാഗമായി ഉണ്ടാകും. ആഗോളതലത്തിൽ വിവിധ രാജ്യങ്ങൾക്കിടയിൽ യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, സംവാദങ്ങളുടെയും നയതന്ത്രത്തിന്റെയും സഹായത്തോടെ സമാധാനസ്ഥാപനം സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് റഷ്യന്‍ സന്ദര്‍ശനത്തിലൂടെ വത്തിക്കാന്‍ ലക്ഷ്യംവെയ്ക്കുന്നത്. ഓഗസ്റ്റ് 28 വരെയാണ് വത്തിക്കാന്‍ പ്രതിനിധിയുടെ സന്ദര്‍ശനം. കഴിഞ്ഞ ജൂലൈ 17 മുതൽ ജൂലൈ 21 വരെ ആര്‍ച്ച് ബിഷപ്പ് യുക്രൈനിലും സന്ദര്‍ശനം നടത്തിയിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »