Videos

"ആഴമായ അനുതാപം" | നോമ്പുകാല ചിന്തകൾ | പതിനഞ്ചാം ദിവസം

പ്രവാചകശബ്ദം 26-02-2024 - Monday

“എല്ലാവരും നിന്നിൽ ഇടറിയാലും ഞാൻ നിന്നിൽ ഇടറുകയില്ല" (മത്താ 26:33).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനഞ്ചാം ദിവസം ‍

നാം എത്രമാത്രം വിശുദ്ധിയിൽ ജീവിക്കണമെന്ന് ആഗ്രഹിച്ചാലും പലപ്പോഴും നാം പാപത്തിൽ വീണുപോകാറുണ്ട്. നമ്മുടെ പാപങ്ങളും വീഴ്ച്ചകളും നമ്മെ മറ്റുള്ളവരിൽ നിന്നും ചിലപ്പോൾ നമ്മിൽ നിന്നു തന്നെയും നമ്മെ അകറ്റിയിട്ടുണ്ടാവാം. ദൈവം നമ്മെ കൈവിട്ടുവോ എന്ന തോന്നൽ ചിലപ്പോഴൊക്കെ നമ്മെ അലട്ടിയിട്ടുണ്ടാവാം.

നാം ജീവിതത്തിൽ അനുഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണ്. എന്നിട്ടും നാം ദൈവത്തെ തള്ളിപ്പറഞ്ഞ് ദൈവത്തിൽ നിന്നും അകന്നുപോയെങ്കിൽ ഈ നോമ്പുകാലത്ത് നമ്മുക്ക് അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവരാം അതിന് നമ്മുക്ക് ആഴമായ അനുതാപം ആവശ്യമാണ്.

യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസ് മനം നൊന്തു കരഞ്ഞു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇപ്രകാരം തന്റെ പാപങ്ങളെ കണ്ണുനീരാൽ കഴുകിയ പത്രോസിന് ഉയിർത്തെഴുന്നേറ്റ കർത്താവ് തന്റെ അജഗണത്തെ ഭരമേൽപ്പിക്കുന്നു.

ഇതേക്കുറിച്ച് സഭാപിതാവായ വിശുദ്ധ അംബ്രോസ് ഇപ്രകാരം പറയുന്നു: പത്രോസ് മനംനൊന്തു കരഞ്ഞു. അതുവഴി അവൻ തൻ്റെ പാപങ്ങളെ കണ്ണീരാൽ കഴുകി വിശുദ്ധീകരിച്ചു. നിങ്ങൾക്കു ക്ഷമ ലഭിക്കണമെങ്കിൽ നിങ്ങളുടെ കുറ്റങ്ങൾ കണ്ണുനീരാൽ കഴുകിക്കളയണം. ആ നിമിഷ ത്തിൽ മിശിഹാ നിൻ്റെ നേരെ നോക്കും. നീ ഏതെങ്കിലും പാപത്തിൽ വീണുപോയാൽ, അവൻ നിന്റെ രഹസ്യങ്ങളുടെ സാക്ഷിയായതുകൊണ്ട് നിന്റെനേരെ നോക്കുന്നു. അതു നീ പാപങ്ങൾ ഓർക്കുന്നതിനും അവ ഏറ്റുപറയുന്നതിനുമാണ്.

“കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ" (യോഹ 21,15) എന്നു മൂന്നു പ്രാവശ്യം ഏറ്റുപറഞ്ഞ പത്രോസിനെ അനുകരിക്കുവിൻ. മൂന്നു പ്രാവശ്യം തള്ളി പറഞ്ഞതുകൊണ്ടാണ് അവൻ മൂന്നു പ്രാവശ്യം ഏറ്റുപറഞ്ഞത്. രാത്രിയിൽ അവൻ തള്ളിപ്പറഞ്ഞു. എന്നാൽ, പകൽ വെളിച്ചത്തിൽ അവൻ ഏറ്റു പറഞ്ഞു. ആരും സ്വയം മേന്മ ഭാവിക്കാതിരിക്കേണ്ടതിന്, നമുക്കുവേണ്ടി ഇത് എഴുതപ്പെട്ടിരിക്കുന്നു. “എല്ലാവരും നിന്നിൽ ഇടറിയാലും ഞാൻ നിന്നിൽ ഇടറുകയില്ല" (മത്താ 26: 33) എന്നു പറഞ്ഞ പത്രോസ് വീണുപോയെങ്കിൽ, മറ്റാർക്ക് വീഴുകയില്ലെന്ന് ഉറപ്പിക്കാനാവും? ദാവീദ് പറയുന്നു: “ഞാൻ വ്യതിചലിക്കുകയില്ലെന്ന് എൻ്റെ സമൃദ്ധിയിൽ ഞാൻ പറഞ്ഞു." തന്റെ മേനി പറച്ചിൽ തനിക്ക് ഉപദ്രവം വരുത്തിയെന്ന് അദ്ദേഹം ഏറ്റുപറയുന്നു: "അങ്ങു മുഖം തിരിക്കുകയും ഞാൻ സംഭ്രമിക്കുകയും ചെയ്‌തു" (സങ്കീ 30,6-7) (Exposition of the Gospel of Luke, 10.90-91).

പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ പാപങ്ങളോർത്ത് പശ്ചാത്തപിക്കുകയും, പാപത്തിൽ വീണുപോകുന്നവരെ നമ്മുക്ക് കരുണയോടെ നോക്കുകയും ചെയ്യാം. നമ്മളിൽ ഏതെങ്കിലും വിധത്തിലുള്ള വിശുദ്ധിയോ നന്മകളോ ഉണ്ടങ്കിൽ അതോർത്തു ഒരിക്കലും അഹങ്കരിക്കാതിരിക്കാം. പത്രോസ് വീണുപോയെങ്കിൽ നമ്മളും വീണുപോകുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഞങ്ങൾ പ്രലോഭനങ്ങളിൽ വീഴാൻ ഇടയാകരുതേ എന്ന് നമ്മുക്ക് കൂടുതലായി പ്രാർത്ഥിക്കാം.


Related Articles »