Videos

രക്ഷാകരമായ സഹനങ്ങൾ | നോമ്പുകാല ചിന്തകൾ | പതിനാറാം ദിവസം

പ്രവാചകശബ്ദം 27-02-2024 - Tuesday

"തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും" (1 പത്രോസ് 5:10).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനാറാം ദിവസം ‍

നമ്മുടെ ജീവിതത്തിൽ സഹനങ്ങളും ദുഖങ്ങളും ഉണ്ടാകുമ്പോൾ നാം ദൈവത്തോട് ധരാളം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ദൈവത്തോട് ചേർന്ന് ജീവിക്കുമ്പോഴും നമ്മുടെ ജീവിതത്തിൽ സഹനങ്ങളും ദുരന്തങ്ങളും നേരിടേണ്ടി വരുമ്പോൾ നാം ചോദിക്കാറുണ്ട് ദൈവമേ അങ്ങയെ തള്ളിപ്പറഞ്ഞു ജീവിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തിൽ ഉയർച്ചയുണ്ടാകയും എന്നാൽ അങ്ങയോട് ചേർന്ന് വിശുദ്ധിയിൽ ജീവിക്കാൻ പരിശ്രമിക്കുന്ന എന്റെ ജീവിതത്തിൽ സഹനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് എന്തുകൊണ്ട്?

ക്രിസ്തുവിനു സ്വന്തമായവർ അവിടുത്തെ സഹനത്തിലും പങ്കുചേരുന്നു എന്ന വലിയ ഒരു യാഥാർഥ്യം നാം വിസ്‌മരിക്കരുത്. ഈശോ കുരിശും വഹിച്ചുകൊണ്ടു പോകുമ്പോൾ ആ വഴി വന്ന ശിമയോൻ എന്ന ഒരു കിറേനക്കാരനെ പിടിച്ചു നിർത്തി കുരിശ് ചുമലിൽ വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടു പോകുവാൻ പടയാളികൾ നിർബന്ധിക്കുന്നതായി നാം സുവിശേഷത്തിൽ കാണുന്നു.

ഇതേക്കുറിച്ച് സഭാപിതാവായ വിശുദ്ധ അപ്രേം ഇപ്രകാരം പറയുന്നു:

"അവൻ തന്റെ കുരിശും വഹിച്ചു പുറപ്പെട്ടപ്പോൾ സൈറിൻകാരനായ ഒരു മനുഷ്യനെ - അതായത്, വിജാതീയരിൽ നിന്നുള്ള ഒരുവനെ - കാണുകയും അവർ അവനെ തടഞ്ഞു നിർത്തുകയും ചെയ്‌തു. അവർ കുരിശുമരം അവന്റെ ചുമലിൽ വച്ചു. എല്ലാ അനുഗ്രഹങ്ങളും കൊണ്ടുവന്നവൻറെ ആഗമനത്തെ യഹൂദന്മാർ മത്സരബുദ്ധിയാൽ നിരസിച്ചതിനാൽ കുരിശുമരം സ്വേച്ഛയാ വിജാതീയർക്ക് നല്‌കപ്പെട്ടതു ന്യായയുക്തമാണ്". (Ref: Commentary on Tatian’s Diatessaron, 20.20).

യഹൂദന്മാർ തിരസ്‌കരിച്ച കുരിശിനെ വിജാതീയനായ ശിമയോൻ ആശ്ലേഷിക്കുന്നു. അങ്ങനെ ശിമയോൻ ഭാഗ്യവാനായി തീരുന്നു. ഈ നോമ്പുകാലത്ത് നമ്മുക്ക് ചിന്തിക്കാം? നമ്മുടെ സഹനങ്ങളെ നാം നിരാശപ്പെടും മറ്റുള്ളവരെ കുറ്റപ്പെടുത്തിയും നഷ്ടപ്പെടുത്തുന്നവരാണോ? നമ്മുടെ ജീവിതത്തിലെ സഹനങ്ങളും ദുഃഖങ്ങളും ക്രിസ്തുവിനോടോത്ത് സഹിക്കുവാനുള്ള നമ്മുടെ ജീവിതത്തിലെ അവസരങ്ങളാണ്. നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നമ്മുക്കുണ്ടാകുന്ന സഹനങ്ങൾ നാം ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാ. അവയെല്ലാം ക്രിസ്‌തുവിന്റെ കുരിശിലെ സഹനത്തോട് ചേർത്ത് വച്ചു നാം സഹിക്കുമ്പോൾ നാം ശിമെയോനെപ്പോലെ ഭാഗ്യവാന്മാരായി തീരുന്നു.


Related Articles »