India - 2024

പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കിൽ മന്ത്രി രാജിവെച്ച് ഒഴിയുന്നതാണ് ഉത്തമം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

പ്രവാചകശബ്ദം 05-03-2024 - Tuesday

കോതമംഗലം: വനംവകുപ്പിനെ നിയന്ത്രിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിക്കുന്നില്ലെങ്കിൽ മന്ത്രി രാജിവെച്ച് ഒഴിയുന്നതാണ് ഉത്തമമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

ഇന്നലെ നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. വന്യജീവികളുടെ ആക്രമണങ്ങൾ നിയന്ത്രിക്കാൻ ശാശ്വത പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വലിയ ബഹുജന പ്രക്ഷോഭത്തിനു നിർബന്ധിതരാകുന്ന സാഹചര്യമുണ്ടാകുമെന്നും ബിഷപ്പ് മുന്നറിയിപ്പു നൽകി.

പാവപ്പെട്ട മനുഷ്യരുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി ഉയർത്തുന്ന വന്യമൃഗ ആക്രമണങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ യാതൊരു തരത്തിലുമുള്ള നടപടികളും എടുക്കുന്നില്ലെന്നത് പ്രതിഷേധാർഹമാണ്. ഇത്തരം ദാരുണസംഭവങ്ങളെ സ്വാർത്ഥ ലാഭങ്ങൾക്കോ രാഷ്ട്രീയ മുതലെടുപ്പുകൾക്കോ ഉപയോഗിക്കാതെ ശാശ്വത പരിഹാരത്തിനായി എല്ലാവരും ഒത്തൊരുമിച്ചു നിൽക്കണമെന്ന് മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു.

More Archives >>

Page 1 of 574